2026-27 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ തന്നെ വാര്‍ഷിക മൂലധന ചെലവിന്റെ മൂന്നിലൊന്ന് ചെലവഴിച്ച് ഇന്ത്യന്‍ റെയില്‍വേ. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ 84,000 കോടി രൂപയിലധികം, അഥവാ വാര്‍ഷിക ലക്ഷ്യത്തിന്റെ ഏകദേശം 30 ശതമാനമാണ് ചെലവഴിച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ബജറ്റില്‍ നിന്ന് 2,81,030 കോടി ചെലവഴിക്കാനാണ് റെയില്‍വേയുടെ പദ്ധതി. കൂടാതെ, ബജറ്റ് ഇതര സ്രോതസുകളില്‍ നിന്ന് 12,000 കോടി രൂപ കൂടി നിക്ഷേപമായി ലഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഈ വര്‍ഷത്തെ മൊത്തം റെയില്‍വേ മൂലധന ചെലവ് 2,93,030 കോടിയായി ഉയരും.
മെച്ചപ്പെട്ട സിഗ്നലിങ് സംവിധാനങ്ങളും ട്രെയിന്‍ സംരക്ഷണ സാങ്കേതികവിദ്യകളും ഉപയോഗിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് റെയില്‍വേ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
സുരക്ഷാ മേഖലയില്‍ ഈ വര്‍ഷത്തെ മൂലധന ചെലവ് 55,170 കോടിയായി കണക്കാക്കപ്പെടുന്നു. ഇത് 2025-26 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് കണക്കായ 53,398 കോടി രൂപയേക്കാള്‍ കൂടുതലാണ്.
2025-26 ബജറ്റില്‍ റെയില്‍വേ മൂലധന ചെലവിനായി 2,78,000 കോടി വകയിരുത്തിയിരുന്നു. ആ തുക മുഴുവന്‍ ചെലവഴിക്കുകയും ചെയ്തു. പുതിയ റെയില്‍ പാതകളുടെ നിര്‍മ്മാണം, ഗേജ് മാറ്റം, ഇരട്ടപ്പാത നിര്‍മ്മാണം തുടങ്ങിയ ട്രാക്ക് വികസന പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മൂലധന ചെലവിന്റെ വലിയൊരു വിഹിതം കൈവശം വയ്ക്കുന്നു.
ഈ വര്‍ഷം ഈ മേഖലകളില്‍ 79,000 കോടി രൂപയിലധികം ചെലവഴിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം ഇത് 64,000 കോടി രൂപ ആയിരുന്നു.
Content Highlights: Indian Railways has already achieved nearly 30% of its rs 2.93 lakh crore capital expenditure target for FY 2026-27 within the first two months, driven by major investments in safety upgrades, advanced signaling systems, and railway infrastructure expansion