ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ വളര്‍ച്ച മന്ദഗതിയില്‍; ബിസിനസുകളില്‍ ഇടിവ്, ആവശ്യകത കുറഞ്ഞു

എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം, ജൂണിലെ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 57.4 ആയി കുറഞ്ഞു

ജൂണില്‍ മന്ദഗതിയിലുള്ള വളര്‍ച്ച രേഖപ്പെടുത്തി ഇന്ത്യയുടെ സ്വകാര്യ മേഖല. ആവശ്യകത കുറഞ്ഞതിനെ തുടര്‍ന്നാണ് ഉല്‍പ്പാദന മേഖലയുടെയും സേവന മേഖലയുടെയും വളര്‍ച്ച കുറഞ്ഞത്. അതേസമയം, ഈ രംഗത്തെ ബിസിനസുകള്‍ ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു.

എസ് ആന്‍ഡ് പി ഗ്ലോബല്‍ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം, ജൂണിലെ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് 57.4 ആയി കുറഞ്ഞു. മേയില്‍ ഇത് 59.3 ആയിരുന്നു. പിഎംഐ 50ന് മുകളിലായാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വികസിക്കുന്നുവെന്നാണ് അര്‍ത്ഥം. ആവശ്യകതയുടെ പ്രധാന സൂചികയായി കണക്കാക്കുന്നത് പുതിയ ഓര്‍ഡറുകളുടെ വളര്‍ച്ചയാണ്. ഇത് മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് കുറഞ്ഞത്. കടുത്ത മത്സരവും എല്‍പിജി ലഭ്യതയിലെ പ്രശ്‌നങ്ങളും പുതിയ ബിസിനസ് നേടുന്നതിന് തടസ്സമായതായി കമ്പനികള്‍ അറിയിച്ചു.

കയറ്റുമതി രംഗത്ത് വലിയ മാറ്റം പ്രകടമായിരുന്നു. സേവന മേഖലയില്‍ അന്താരാഷ്ട്ര വില്‍പ്പനയില്‍ നേരിയ പുരോഗതി ഉണ്ടായപ്പോള്‍, നിര്‍മ്മാണ മേഖലയില്‍ പുതിയ കയറ്റുമതി ഓര്‍ഡറുകളുടെ വളര്‍ച്ച 2023 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇടിഞ്ഞത്. സേവന മേഖല പിഎംഐ മേയിലെ 59.8ല്‍ നിന്ന് ജൂണില്‍ 57.3 ആയി കുറഞ്ഞു. ഇത് 17 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ്. നിര്‍മാണ മേഖല പിഎംഐ മേയിലെ 55.0ല്‍ നിന്ന് 54.5 ആയി കുറഞ്ഞു. ഇത് മൂന്ന് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ആവശ്യകതയിലെ മന്ദഗതി തൊഴില്‍ സൃഷ്ടിയെയും ബാധിച്ചു. സ്വകാര്യ മേഖലയിലെ തൊഴില്‍ വര്‍ധന ജൂണില്‍ വളരെ നേരിയ തോതിലായിരുന്നു. നിലവിലെ ആറുമാസത്തെ വളര്‍ച്ചാ ഘട്ടത്തിലെ ഏറ്റവും ദുര്‍ബലമായ നിയമന വര്‍ധനവാണിത്. ഫാക്ടറികളിലും സേവന സ്ഥാപനങ്ങളിലുമുള്ള നിയമനം ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് കുറഞ്ഞത്.

മറുവശത്ത്, ചെലവ് സമ്മര്‍ദ്ദം തുടര്‍ച്ചയായ മൂന്നാം മാസവും കുറഞ്ഞു. ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്‍പുട്ട് ചെലവുകള്‍ ഉയര്‍ന്നത്. ആവശ്യകത കുറഞ്ഞ സാഹചര്യത്തില്‍ വില വര്‍ധന ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പല കമ്പനികളും മടിച്ചതിനാല്‍, വില്‍പ്പന വിലയിലെ വര്‍ധനയും കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലായി.

ബിസിനസ് ആത്മവിശ്വാസവും ജൂണില്‍ ദുര്‍ബലമായെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ദീര്‍ഘകാല ശരാശരിയേക്കാള്‍ താഴെയായാണ് ഈ സൂചിക രേഖപ്പെടുത്തിയത്. പ്രത്യേകിച്ച് ഉല്‍പ്പന്ന നിര്‍മാതാക്കളുടെ ആത്മവിശ്വാസം ഏകദേശം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.

Content Highlights: India’s private sector growth weakened in June, with both manufacturing and services activity slowing amid softer demand, while business confidence dropped to its lowest level since January

To advertise here,contact us