ഇന്ധന പ്രതിസന്ധി എഫക്ട്; മേയില്‍ രാജ്യത്തെ അടിസ്ഥാന മേഖല നേരിട്ടത് വലിയ ഇടിവ്

ഇന്ധന, ഖനന മേഖലകളിലെ വ്യാപകമായ ഇടിവാണ് വളര്‍ച്ച മന്ദഗതിയിലാകാന്‍ പ്രധാന കാരണം

മേയ് മാസത്തില്‍ ഇന്ത്യയുടെ അടിസ്ഥാന വ്യവസായ മേഖല വളര്‍ച്ചയില്‍ വന്‍ ഇടിവ്. വളര്‍ച്ച, ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.5 ശതമാനത്തിലെത്തി. ഏപ്രിലില്‍ ഇത് 1.8 ശതമാനമായിരുന്നു. ഇന്ധനവുമായി ബന്ധപ്പെട്ട മേഖലകള്‍ ദുര്‍ബലമായതാണ് ഈ ഇടിവിന് കാരണമായത്. അതേസമയം, സ്റ്റീല്‍, സിമന്റ്, വൈദ്യുതി ഉല്‍പ്പാദനം എന്നിവയില്‍ സ്ഥിരതയാര്‍ന്ന വളര്‍ച്ച പ്രകടമാണ്. 2025 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ പ്രകടനമാണിത്. അന്ന് എട്ട് പ്രധാന വ്യവസായങ്ങളുടെ ഉല്‍പ്പാദനം 0.1 ശതമാനം ചുരുങ്ങിയിരുന്നു. ഇതോടെ അടിസ്ഥാന സൗകര്യ മേഖലയില്‍ വളര്‍ച്ചയുടെ വേഗത വീണ്ടും കുറഞ്ഞതായുള്ള സൂചനയാണ് ലഭിക്കുന്നത്.

ഇന്ധന, ഖനന മേഖലകളിലെ വ്യാപകമായ ഇടിവാണ് വളര്‍ച്ച മന്ദഗതിയിലാകാന്‍ പ്രധാന കാരണം. കല്‍ക്കരി ഉല്‍പ്പാദനം മേയില്‍ 9.3 ശതമാനം കുറഞ്ഞിരുന്നു. ഏപ്രിലില്‍ ഇത് 8.8 ശതമാനം ഇടിവായിരുന്നു. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനവും 4.6 ശതമാനം കുറഞ്ഞു. പ്രകൃതി വാതക ഉല്‍പ്പാദനം 4.9 ശതമാനം ഇടിവാണ് പ്രകടമാക്കിയത്. ഇതെല്ലാം വ്യവസായങ്ങളെ കാര്യമായി ബാധിച്ചു.

പെട്രോളിയം റിഫൈനറി ഉല്‍പ്പന്നങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. ഏപ്രിലിലെ 0.5 ശതമാനം ഇടിവില്‍ നിന്ന് മേയില്‍ ഇത് 8.7 ശതമാനമായി ഉയര്‍ന്നു. ഇത് ഊര്‍ജ ഉല്‍പ്പാദന മേഖലയിലെ സമ്മര്‍ദ്ദം വ്യക്തമാക്കുന്നു. വള നിര്‍മ്മാണം തുടര്‍ച്ചയായ മൂന്നാം മാസവും ചുരുങ്ങി. മേയില്‍ 0.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഏപ്രിലിലെ 8.6 ശതമാനവും മാര്‍ച്ചിലെ 24.6 ശതമാനവും ആയിരുന്ന ഇടിവിനെ അപേക്ഷിച്ച് സ്ഥിതി മെച്ചപ്പെട്ടു.

അതേസമയം, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി കാണാം. സിമന്റ് ഉല്‍പ്പാദനം 8.4% വളര്‍ന്നു ഏപ്രിലില്‍ ഇത് 8.2% ആയിരുന്നു. സ്റ്റീല്‍ ഉല്‍പ്പാദനം 5% ഉയര്‍ന്നു. വൈദ്യുതി ഉല്‍പ്പാദനവും 5.6 ശതമാനത്തില്‍ നിന്ന് 8.7 ശതമാനമായി വളര്‍ച്ചയില്‍ വേഗത കൈവരിച്ചു. മേയ് മാസത്തിലെ അടിസ്ഥാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയത് വൈദ്യുതി മേഖലയാണ്.

Content Highlights: India’s core sector growth dropped to a seven-month low of 0.5% in May, with sharp declines in coal, crude oil, natural gas, and refinery output offsetting strong gains in cement, steel, and electricity production

To advertise here,contact us