ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനും പാർപ്പിട ക്ഷാമത്തിനും പൂട്ടിടാന്‍ സർക്കാർ: വരുന്നു 'AI പവേർഡ്' ടൗണ്‍ഷിപ്പ്

ബംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 30-40 കിലോമീറ്റർ അകലെയാണ് പദ്ധതി ഒരുങ്ങുന്നത്

4 min read|23 Jun 2026, 09:13 am

ബംഗളൂരു: ബംഗളൂരു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ ഗതാഗതക്കുരുക്ക്, പാർപ്പിടക്ഷാമം, അനിയന്ത്രിതമായ നഗരവൽക്കരണം എന്നിവയ്ക്ക് ശാശ്വത പരിഹാരം കാണാൻ ബൃഹദ് പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ 'ഗ്രേറ്റര്‍ ബംഗളൂരു ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്' (ബിദാദി ടൗണ്‍ഷിപ്പ്) പദ്ധതി അതിവേഗം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സ്മാർട്ട് നഗരമായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി കൂടിയാണിത്.

ബംഗളൂരു നഗരത്തിൽ നിന്നും ഏകദേശം 30-40 കിലോമീറ്റർ അകലെ രാമനഗര ജില്ലയിലെ ഒൻപത് ഗ്രാമങ്ങളിലായി 7,481 മുതൽ 9,640 ഏക്കർ വരെ വിസ്തൃതിയിലാണ് ഈ മെഗാ ടൗൺഷിപ്പ് വരുന്നത്. ജോലി, താമസം, വിനോദം എന്നിവ ഒരേ ഇടത്ത് സാധ്യമാകുന്ന 'വർക്ക്-ലൈവ്-പ്ലേ' (Work-Live-Play) സംസ്കാരമാണ് ഇവിടെ ഒരുക്കുകയെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 20,000 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ സാങ്കേതിക വിദ്യ, നിർമ്മാണം തുടങ്ങിയ മേഖലകളിൽ ലക്ഷക്കണക്കിന് നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

ആകെ ഭൂമിയിൽ 2,000 ഏക്കറോളം എഐ (AI), ഇന്നൊവേഷൻ സോണുകൾക്കായും, 1,800 ഏക്കർ പാർപ്പിട സമുച്ചയങ്ങൾക്കായും മാറ്റിവെക്കും. ടൊയോട്ട കിർലോസ്കർ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ നിലവിലുള്ള ബിദാദി ഇൻഡസ്ട്രിയൽ ക്ലസ്റ്ററുമായി ഇത് ബന്ധിപ്പിക്കുകയും ചെയ്യും. 950 ഏക്കർ ഹരിത മേഖലയ്ക്കായി നീക്കിവെക്കാനും പദ്ധതിയില്‍ തീരുമാനമുണ്ട്. ബൈരമംഗല തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളുടെ പുനരുജ്ജീവനവും പദ്ധതിയുടെ ഭാഗമാണ്.

ഹഡ്കോ വഴി 9,011 കോടി രൂപ ഉൾപ്പെടെ 12,511 കോടി രൂപയോളം വായ്പയായും, ബാക്കി തുക ബിഡിഎ (BDA) ഫണ്ടിൽ നിന്നും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും (PPP) കണ്ടെത്താനാണ് നീക്കം. ഒരു ഏക്കറിന് ശരാശരി 5 കോടി രൂപ വരെയാണ് സർക്കാർ ഇവിടെ അടിസ്ഥാന സൗകര്യങ്ങൾക്കായി നിക്ഷേപിക്കുന്നത്. അടുത്ത 3 വർഷത്തിനുള്ളിൽ ഘട്ടങ്ങളായി പദ്ധതി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ബംഗളൂരുവിന് ആശ്വാസമാകുമോ?

ബംഗളൂരുവിലെ ജനസംഖ്യ നിലവില്‍ ഏകദേശം 1.4 കോടി പിന്നിട്ടിരിക്കുകയാണ്. ഇത് നഗരത്തിലെ റോഡുകളിലും കുടിവെള്ള വിതരണത്തിലും ഭൂഗർഭ ജലനിരപ്പിലുമൊക്കെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഒന്നോ രണ്ടോ കിലോമീറ്റർ സഞ്ചരിക്കാന്‍ മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകുന്നു.

ബിദാദി പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബംഗളൂരു നഗരത്തിലേക്കുള്ള ജനങ്ങളുടെ കൂട്ടായ കുടിയേറ്റം കുറയും. ആളുകൾക്ക് നഗര ഹൃദയത്തിലേക്ക് വരാതെ തന്നെ ബിദാദിയില്‍ താമസിച്ച് ജോലി ചെയ്യാം. ഇത് നഗരത്തിലെ ട്രാഫിക് ബ്ലോക്ക് വലിയ തോതിൽ കുറയ്ക്കാൻ സഹായിച്ചേക്കും. കൂടാതെ, മികച്ച കണക്റ്റിവിറ്റിക്കായി പ്രധാന റോഡുകളെയും റെയിൽവേ ലൈനുകളെയും ബന്ധിപ്പിച്ചുകൊണ്ട് 40 കിലോമീറ്റർ നീളമുള്ള പ്രത്യേക റോഡ് ശൃംഖലയും ടൗൺഷിപ്പിൽ ഒരുക്കുന്നുണ്ട്.

ഇതൊരു പുതിയ പദ്ധതിയല്ലെന്നും കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ആലോചനയിലുള്ളതാണെന്നുമാണ ഡികെ. ശിവകുമാർ വ്യക്തമാക്കുന്നത്. 2006-ൽ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ സംയോജിത ടൗൺഷിപ്പ് ആദ്യമായി ആലോചനകളില്‍ വരുന്നത്. പിന്നീട് വന്ന ബിജെപി സർക്കാരുകളും പദ്ധതിയുമായി മുന്നോട്ട് പോയിരുന്നു. പദ്ധതിക്കായി ഭൂമി വിട്ടുനൽകാൻ 80 ശതമാനത്തോളം ഭൂവുടമകൾ തയ്യാറായിക്കഴിഞ്ഞു. കർഷകർക്കായി വൻ ആനുകൂല്യങ്ങളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

കാർഷിക ഭൂമിക്ക് ഒരു ഏക്കറിന് 2.55 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിക്കും. പണത്തിന് പകരം വികസിപ്പിക്കുന്ന പാർപ്പിട-വാണിജ്യ ഭൂമിയുടെ വിഹിതം കൈപ്പറ്റാനുള്ള അവസരവുമുണ്ട്. ർമ്മാണ കാലയളവിൽ വാർഷിക സാമ്പത്തിക സഹായവും അധിക ഫ്ലോർ ഏരിയ റേഷ്യോയും (FAR) നൽകും. ആദ്യ ഘട്ടത്തിൽ കെമ്പയ്യനപാളയ, മന്ദലഹള്ളി, വഡേരഹള്ളി എന്നീ ഗ്രാമങ്ങളിലായി 518.45 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ബാധിക്കപ്പെടുന്ന 754 കർഷകരിൽ 200-ലധികം പേർ ഇതിനകം നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കൺസൾട്ടന്റുമാരെ നിയമിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.

Content Highlights: India's first AI-powered township is being developed to help tackle Bengaluru's growing traffic congestion and housing shortage. The project will use artificial intelligence and smart urban planning to improve mobility, optimize infrastructure, enhance public services, and create a sustainable living environment for future residents.

To advertise here,contact us