ഇന്ത്യയുടെ സ്വർണ കുംഭമാകാന്‍ ആന്ധ്ര പ്രദേശ്: ജോന്നഗിരി പദ്ധതി വിജയത്തിലേക്ക്; പ്രതീക്ഷ വർഷം 400 കിലോ സ്വർണം

പദ്ധതിക്കായി 405 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതുവരെ നടത്തി

3 min read|23 Jun 2026, 12:42 pm

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വൻ സ്വർണ്ണ ഖനന സാധ്യതകൾ യാഥാർത്ഥ്യമാകുന്നു. കുര്‍ണൂല്‍ ജില്ലയിലെ ജോന്നഗിരിയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വർണ്ണ ഉത്പാദനം വിജയകരമായി ആരംഭിച്ചതിന് പിന്നാലെ, സംസ്ഥാനത്തെ കൂടുതൽ സ്വർണ്ണ നിക്ഷേപ മേഖലകൾ ലേലം ചെയ്യാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ചിറ്റൂർ, അനന്തപൂർ ജില്ലകളിലെ വിവിധ ബ്ലോക്കുകളാണ് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് ലേലത്തിന് വെക്കുന്നത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉടൻ തന്നെ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

ജിയോമൈസൂർ സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ജോന്നഗിരിയിലെ വൻകിട പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. രാജ്യത്ത് നിലവിൽ പ്രവർത്തിക്കുന്ന ഏക സ്വകാര്യ മേഖലയിലെ പ്രാഥമിക സ്വർണ്ണ ഖനന പദ്ധതിയാണിത്. തുള്ളി മേഖലയില്‍ ഏകദേശം 597.82 ഹെക്ടർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിക്കായി 405 കോടിയിലധികം രൂപയുടെ നിക്ഷേപം ഇതുവരെ നടത്തിയിട്ടുണ്ട്. 2026 മേയ് മാസത്തിലാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചത്.

ജോന്നഗിരി ഖനിയിലൂടെ നിലവിൽ എഴുന്നൂറിലധികം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്നുണ്ട്, ഇതിൽ 80 ശതമാനത്തിലധികം ജീവനക്കാരും ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്. 2026-27 സാമ്പത്തിക വർഷത്തിൽ ഏകദേശം 400 കിലോഗ്രാം സ്വർണ്ണം ഇവിടെ നിന്നും ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വരും വർഷങ്ങളിൽ ഇത് പ്രതിവർഷം ഒരു ടണ്ണായും, ഖനിയുടെ ഭാവി വിപുലീകരണത്തിലൂടെ വാർഷിക ഉത്പാദനം രണ്ട് ടൺ വരെയായും ഉയർത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. ജോന്നഗിരി പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് ചിറ്റൂർ, അനന്തപൂർ ജില്ലകളിലെ സാധ്യതയുള്ള മറ്റ് സ്വർണ്ണ ബ്ലോക്കുകൾ കൂടി കണ്ടെത്താനും ലേലം ചെയ്യാനുമുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയത്.

ചരിത്രപ്രസിദ്ധമായ കോലാർ ഗോൾഡ് ഫീൽഡ്സ് (KGF) ബെൽറ്റിന്റെ തുടർച്ചയായി കിടക്കുന്ന ചിറ്റൂർ ജില്ലയിലെ 'ചിഗുർഗുണ്ട-ബിസനാഥം' ബ്ലോക്കാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഭൂഗർഭ പഠനങ്ങൾ അനുസരിച്ച്, ടണ്ണിന് ശരാശരി 5.64 ഗ്രാം സ്വർണ്ണത്തിന്റെ സാന്നിധ്യമുള്ള 2.2 ദശലക്ഷത്തിലധികം ടൺ അയിര് നിക്ഷേപം ഇവിടെയുണ്ടെന്നാണ് കണ്ടെത്തൽ. ഇതോടൊപ്പം അനന്തപൂരിലെ ബൊക്സാംപള്ളി, രാമഗിരി ബ്ലോക്കുകളും, രാമഗിരി-വെലിഗല്ലു ഗ്രീൻസ്റ്റോൺ ബെൽറ്റുകളിലായി സ്ഥിതി ചെയ്യുന്ന മറ്റ് ആറ് ജാവകുല സ്വർണ്ണ ബ്ലോക്കുകളും ലേലത്തിന് തയ്യാറായിക്കഴിഞ്ഞു.

സുതാര്യമായ ലേല നടപടികളിലൂടെയും പരിസ്ഥിതി സൗഹൃദമായ ഖനന രീതികളിലൂടെയും സംസ്ഥാനത്തിന്റെ ഖനന വിഭവങ്ങളെ നാടിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കായി വിനിയോഗിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൈനിങ് പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീന വ്യക്തമാക്കി.

Content Highlights: The Jonnagiri Gold Project in Andhra Pradesh is advancing towards commercial production and is expected to produce around 400 kg of gold annually. The project is set to strengthen India's domestic gold output, reduce dependence on imports, and support the country's long-term strategy to expand its mining and precious metals sector.

To advertise here,contact us