ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ പ്രധാന സൂചികകളിലൊന്നായ എട്ട് കോർ മേഖലകളുടെ വളർച്ച മെയ് മാസത്തിൽ 0.5 ശതമാനമായി കുറഞ്ഞു. ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. ഏപ്രിലിൽ ഇത് 1.8 ശതമാനമായിരുന്നു കണക്കുകൾ.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതി വാതകം, പെട്രോളിയം റിഫൈനറി ഉൽപ്പന്നങ്ങൾ, വളങ്ങൾ, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ എട്ട് പ്രധാന മേഖലകളുടെ പ്രകടനമാണ് ഈ സൂചികയിൽ ഉൾപ്പെടുന്നത്. ഇവയ്ക്ക് ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന സൂചികയിൽ (IIP) ഏകദേശം 40 ശതമാനത്തിലധികം വെയിറ്റേജ് ഉണ്ട്.
മെയ് മാസത്തിൽ കൽക്കരി ഉൽപ്പാദനം 9.3 ശതമാനവും, ക്രൂഡ് ഓയിൽ 4.6 ശതമാനവും, പ്രകൃതി വാതകം 4.9 ശതമാനവും, റിഫൈനറി ഉൽപ്പന്നങ്ങൾ 8.7 ശതമാനവും കുറഞ്ഞു. വളങ്ങളുടെ ഉൽപ്പാദനവും 0.9 ശതമാനം ഇടിഞ്ഞു. അതേസമയം, സ്റ്റീൽ ഉൽപ്പാദനം 5 ശതമാനവും, സിമന്റ് 8.4 ശതമാനവും, വൈദ്യുതി ഉൽപ്പാദനം 8.7 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങൾ മറ്റ് മേഖലകളിലെ ഇടിവ് നികത്താൻ മതിയായിരുന്നില്ല.
ഏപ്രിൽ മാസത്തിൽ കോർ സെക്ടർ വളർച്ച 1.8 ശതമാനമായിരുന്നുവെങ്കിലും, മെയ് മാസത്തിൽ അത് 0.5 ശതമാനത്തിലേക്ക് താഴ്ന്നത് വ്യാവസായിക വളർച്ചയിലെ മന്ദഗതിയെ വ്യക്തമാക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഗോള വിപണിയിലെ അനിശ്ചിതത്വവും ഊർജ മേഖലയിലെ തുടർച്ചയായ ദുർബലതയും വരാനിരിക്കുന്ന മാസങ്ങളിലും വ്യാവസായിക വളർച്ചയെ ബാധിക്കാനിടയുണ്ട്.
കോർ സെക്ടർ സാധാരണയായി സമ്പദ്വ്യവസ്ഥയുടെ മുന്നറിയിപ്പ് സൂചികയായതിനാൽ, ഈ മന്ദഗതി ശ്രദ്ധിക്കപ്പെടേണ്ടതാണ്.അതിനാൽ തന്നെ ഇനി വരുന്ന കണക്കുകളിലും ഇടിവ് തുടർന്നാൽ അത് തിരിച്ചടിയാകും
Content Highlights: India's core sector growth slows to 0.5% YoY in May as energy output weakens