ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കി, മഹിന്ദ്ര & മഹിന്ദ്ര, ടാറ്റ മോട്ടോർസ് എന്നിവർ യുകെയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് പ്രവേശനം ശക്തമാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായി നിശ്ചിത ക്വോട്ട വ്യവസ്ഥയിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് യുകെയിലേക്ക് തീരുവയില്ലാതെ കയറ്റുമതി ചെയ്യാനുള്ള അവസരം ലഭിക്കും.
ആറാം വർഷം മുതൽ 20,000 പൗണ്ടിൽ താഴെ മുതൽ 80,000 പൗണ്ട് വരെയുള്ള വില വിഭാഗങ്ങളിലുള്ള ഇവികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്ന് കരാർ രേഖകൾ വ്യക്തമാക്കുന്നു. ദീർഘകാലത്തിൽ വാർഷിക ക്വോട്ട 88,000 യൂണിറ്റായും ഉയരും.യുകെയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കരാർ ഇന്ത്യൻ കമ്പനികൾക്ക് വലിയ കയറ്റുമതി അവസരമാണ് നൽകുന്നത്. ആഭ്യന്തര വിപണിയിൽ ശക്തമായ ഇവി സാന്നിധ്യമുള്ള ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും ഇതിനകം തന്നെ യുകെ വിപണിയെ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
അതേസമയം, ഈ കരാർ ഇന്ത്യൻ വാഹന വ്യവസായത്തിന് പുതിയ അവസരങ്ങൾ നൽകുന്നതിനൊപ്പം വിദേശ കമ്പനികളിൽ നിന്നുള്ള മത്സരവും വർധിപ്പിക്കുമെന്ന ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. മുൻപ് സമാന വ്യാപാര കരാറുകളെ തുടർന്ന് ഓട്ടോ ഓഹരികളിൽ സമ്മർദം ഉണ്ടായിരുന്നുവെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
യുകെ സർക്കാർ പരിസ്ഥിതി സൗഹാർദ്ദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് വലിയ മാറ്റമാണ് നടപ്പാക്കുന്നത്. അടുത്ത വർഷങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ വിൽപ്പന ഘട്ടംഘട്ടമായി അവസാനിപ്പിക്കാനുള്ള ലക്ഷ്യവും യുകെയ്ക്കുണ്ട്. ഇതിന്റെ ഫലമായി ഇവികളുടെ ആവശ്യകത വർഷംതോറും വർധിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇവി വിപണികളിലൊന്നായ യുകെയിൽ പുതിയ ബ്രാൻഡുകൾക്ക് മികച്ച സാധ്യതയുണ്ടെന്നാണ് വ്യവസായ വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയിലെ ഇവി വിപണിയിൽ മുൻനിരയിൽ നിൽക്കുന്ന ടാറ്റ മോട്ടോഴ്സ് ഇതിനകം തന്നെ വൈദ്യുത വാഹന സാങ്കേതികവിദ്യയിൽ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. കമ്പനിയുടെ ഇവി പോർട്ട്ഫോളിയോ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ യുകെ പോലുള്ള വിപണികളിലേക്ക് കയറ്റുമതി നടത്താൻ ടാറ്റയ്ക്ക് കൂടുതൽ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ .കൂടാതെ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജാഗുവർ ലാൻഡ് റോവർ യുകെയിൽ ശക്തമായ സാന്നിധ്യമുള്ളതിനാൽ വിതരണ ശൃംഖലയിലും വിപണി പഠനത്തിലും കമ്പനിക്ക് അധിക നേട്ടമുണ്ടാകാം.
അടുത്തിടെ പുറത്തിറക്കിയ പുതിയ ഇലക്ട്രിക് എസ്യുവികളിലൂടെ മഹീന്ദ്ര ഇവി മേഖലയിൽ ശക്തമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണികളെ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നത്. ഇന്ത്യ-യുകെ കരാർ മഹീന്ദ്രയ്ക്ക് യൂറോപ്യൻ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള മികച്ച അവസരമായി കണക്കാക്കപ്പെടുന്നു.
ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ മാരുതി സുസുക്കി ഇലക്ട്രിക്ക് വാഹന രംഗത്ത് നിലവിൽ ശക്തമായ പ്രവേശനത്തിനാണ് തയ്യാറെടുക്കുന്നത്. കമ്പനി വികസിപ്പിച്ച പുതിയ ഇലക്ട്രിക് മോഡലുകൾ ഭാവിയിൽ യുകെ ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വിലയിരുത്തുന്നുണ്ട്.
അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും നിലനിൽക്കുന്നു എന്നത് തള്ളിക്കളയാനാവില്ല. യൂറോപ്യൻ സുരക്ഷാ മാനദണ്ഡങ്ങൾ, ബാറ്ററി നിയമങ്ങൾ, ഉപഭോക്തൃ പ്രതീക്ഷകൾ, ചൈനീസ് ഇവി കമ്പനികളിൽ നിന്നുള്ള മത്സരം എന്നിവ ഇന്ത്യൻ കമ്പനികൾക്ക് മേൽ വലിയ വെല്ലുവിളിയാകും. കൂടാതെ യുകെയിൽ ബ്രാൻഡ് അംഗീകാരം നേടുന്നതിനും വിതരണ ശൃംഖല ശക്തമാക്കുന്നതിനും വൻ നിക്ഷേപം ആവശ്യമായി വരും എന്നതും കമ്പനികൾക്ക് മുന്നിൽ അല്പം ആശങ്ക സൃഷ്ട്ടിക്കുന്നുണ്ട്. എന്നാൽ ഈ കടമ്പകളൊക്കെ മറികടന്നാൽ ഇന്ത്യൻ വാഹന ഭീമന്മാരെ കാത്തിരിക്കുന്നത് വലിയ അവസരമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
Content Highlights: Maruti, M&M, Tata Motors eye UK EV market boost after India-UK trade pact