ആകെ ബിസിനസ് 65835 കോടി; വന്‍ നേട്ടവുമായി കേരള ഗ്രാമീണ ബാങ്ക്: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം

മുൻവർഷത്തെ അപേക്ഷിച്ച് 19.72 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്

2 min read|18 Jun 2026, 08:22 pm

മലപ്പുറം: സ്ഥാപന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ച് കേരള ഗ്രാമീണ ബാങ്ക്. 2025-26 സാമ്പത്തിക വർഷത്തെ ബാങ്കിന്റെ പ്രവർത്തനഫലങ്ങൾ അവതരിപ്പിച്ചുകൊണ്ട് ചെയർപേഴ്സൺ വിമല വിജയ ഭാസ്കറാണ് ഈ അഭിമാനകരമായ നേട്ടം വ്യക്തമാക്കിയത്. 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ബാങ്കിന്റെ ആകെ ബിസിനസ് 65,835 കോടിരൂപയായി ഉയർന്നു.

മുൻവർഷത്തെ അപേക്ഷിച്ച് 19.72 ശതമാനം വളർച്ചയാണ് ബാങ്ക് കൈവരിച്ചത്. നിക്ഷേപം 32,489 കോടിയും വായ്പകൾ 33,346 കോടിയുമായി ഉയർന്നു. കാർഷിക മേഖലയ്ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കും ശക്തമായ പിന്തുണ നൽകുന്ന ബാങ്കായി കേരള ഗ്രാമീണ ബാങ്ക് തുടരുകയാണെന്ന് ചെയർപേഴ്സൺ പറഞ്ഞു. ബാങ്കിന്റെ മുൻഗണനാ മേഖലാ വായ്പ വിതരണം 94.10 ശതമാനവും, കാർഷിക വായ്പ വിതരണം 58.10 ശതമാനവും ആയി ഉയർന്ന് നിർദ്ദിഷ്ട മാനദണ്ഡങ്ങളെ മറികടന്നിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന 635 ശാഖകളും 269 എ.ടി.എമ്മുകളും വഴി ബാങ്ക് ഉപഭോക്താക്കൾക്ക് സേവനം നൽകുന്നുണ്ട്. ഉപഭോക്താക്കളുടെ വിശ്വാസം, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, നബാർഡ്, സ്പോൺസർ ബാങ്കായ കാനറ ബാങ്ക് എന്നിവരുടെ പിന്തുണ എന്നിവയാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ചെയർപേഴ്സൺ പറഞ്ഞു.

Content Highlights: Kerala Grameen Bank has posted its highest-ever profit, with total business touching ₹65,835 crore. The strong financial performance reflects sustained growth in deposits and advances, reinforcing the bank's position in Kerala's banking sector and marking a significant milestone in its operational history.

To advertise here,contact us