സ്വർണവിലയില്‍ നേരിയ ഇടിവ്: ഇന്ന് പവന് 1,11,000 രൂപ; പക്ഷെ ആഭരണമായി വാങ്ങാന്‍ 1,20,000 രൂപയിലേറെ നല്‍കണം

കഴിഞ്ഞ ദിവസം ഒരു പവന് 1,11,120 രൂപയായിരുന്നു വില്‍പ്പന വില

3 min read|16 Jun 2026, 10:47 am

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിലെ വലിയതോതിലുള്ള വർധനവിന് ശേഷമാണ് ഇന്ന് വിലയിൽ നേരിയ ഇടിവുണ്ടായിരിക്കുന്നത്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് പവന് 120 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 1,11,000 രൂപ എന്ന നിരക്കിലാണ് ഒരു പവന്‍റെ വില്‍പ്പന നടക്കുന്നത്. കഴിഞ്ഞ ദിവസം 1,11,120 രൂപയായിരുന്നു വില്‍പ്പന വില. ഗ്രാമിന്റെ നിരക്കിലേക്ക് വരുമ്പോൾ, ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,875 രൂപയാണ് വില. അതായത് ഇന്നലത്തെ നിരക്കിനേക്കാള്‍‍ 15 രൂപയുടെ കുറവ്. ഇന്നലെ 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 13,890 രൂപയായിരുന്നു വില.

ഉയർന്ന ശുദ്ധതയുള്ള 24 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് ഗ്രാമിന് 15,137 രൂപയാണ് വില വരുന്നത്. ഇന്നലത്തെ നിരക്കായ 15,153 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ 16 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. സാധാരണയായി ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണ്ണവിലയിലും ഇന്ന് സ്വാഭാവികമായ ഇടിവ് പ്രകടമാണ്. ഇന്നലെ ഗ്രാമിന് 11,365 രൂപയായിരുന്ന 18 കാരറ്റ് സ്വർണ്ണത്തിന് ഇന്ന് 12 രൂപ കുറഞ്ഞ് 11,353 രൂപയായിട്ടുണ്ട്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് പ്രാദേശിക വിപണിയിലും സ്വർണ്ണവിലയെ സ്വാധീനിക്കുന്നത്.

അതേസമയം ഒരു പവൻ സ്വർണം ആഭരണമായി വാങ്ങണമെങ്കില്‍ അടിസ്ഥാന വിലയായ 1,11,000 രൂപയ്ക്ക് പുറമെ പണിക്കൂലിയും ജി.എസ്.ടിയും നൽകേണ്ടതുണ്ട്. ഉദാഹരണത്തിന്, 5% പണിക്കൂലിയും 3% ജി.എസ്.ടിയും കണക്കാക്കുകയാണെങ്കിൽ, ഒരു പവൻ സ്വർണ്ണത്തിന്റെ വില്‍പ്പന വിലയായ 1,11,000 രൂപയോടൊപ്പം പണിക്കൂലിയായി 5,550 രൂപയും 3% ജി.എസ്.ടി ഇനത്തിൽ 3,497 രൂപയും അധികമായി വരും. ഇതോടൊപ്പം ചെറിയ ഒരു തുക ഹാള്‍മാർക്കിങ് ചാർജായും കൊടുക്കേണ്ടി വരും. ഇതെല്ലാം ചേർത്ത് ഉപഭോക്താവിന് ഒരു പവൻ ആഭരണത്തിനായി ആകെ നൽകേണ്ടി വരുന്നത് 1,20,000 രൂപയിലേറെയാണ്. പണിക്കൂലി ഓരോ ജ്വല്ലറികളിലും ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ചും വ്യത്യാസപ്പെടാം.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂൺ 1, 2, 3 തീയതികളിലായിരുന്നു. അന്ന് പവന് 1,14,560 രൂപയായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വില തുടർച്ചയായി താഴോട്ട് പോവുകയും ജൂൺ 11-ഓടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 1,06,800 രൂപയിൽ എത്തുകയും ചെയ്തു. അവിടെ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തിരിച്ചു കയറിയ വിലയാണ് ഇപ്പോൾ 1,11,000 രൂപയിൽ എത്തി നിൽക്കുന്നത്. സ്വർണ്ണവിലയിൽ തുടർച്ചയായ ഈ മാറ്റങ്ങൾ വിവാഹ സീസണിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്ന ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരേപോലെ ബാധിക്കുന്നുണ്ട്.

Content Highlights: Gold prices in Kerala witnessed a slight decline, bringing the price of one pavan to around ₹1.11 lakh. However, buyers purchasing jewellery will still have to pay more than ₹1.20 lakh after adding making charges, GST, and other applicable costs, keeping the overall purchase price significantly higher than the bullion rate.

To advertise here,contact us