ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണത്തിന്റെ ലഭ്യതയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സഹമന്ത്രി സുരേഷ് ഗോപി. പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങളെ തുടർന്ന് ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 8 രൂപയോളം വർധിപ്പിച്ചു. ഇതിന് പിന്നാലെ രാജ്യത്ത് സിഎൻജി വിലയും പലതവണ വർദ്ധിപ്പിച്ചു.
ഇന്ധനവിലയിലുണ്ടായ ഈ കുതിച്ചുചാട്ടം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്ത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ നിർണ്ണായക പ്രസ്താവന.ഇന്ത്യയില്‍ പെട്രോള്‍ ഡീസൽ വില കുറയ്ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ, രാജ്യത്തെ ക്രൂഡ് ഓയിൽ വിതരണ സാഹചര്യം പൂർണ്ണമായി വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
"നമുക്ക് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ വരവും വിതരണവും എങ്ങനെയാണെന്ന് നോക്കാം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്യാബിനറ്റ് മന്ത്രി ഹർദീപ് സിംഗ് പുരി പരിശോധിക്കും. വിഷയം അദ്ദേഹത്തിന്റെ മുന്നിലേക്ക് വരട്ടെ, അതിനുശേഷം ഉചിതമായ തീരുമാനമുണ്ടാകും," വാർത്താ ഏജൻസിയായ പിടിഐയോട് (PTI) സുരേഷ് ഗോപി പറഞ്ഞു.
രാജ്യാന്തര വിപണിയിലെ കടുത്ത അനിശ്ചിതത്വങ്ങള്‍ കാരണം ആഭ്യന്തര വിപണിയിലേക്കുള്ള ഇന്ധന വിതരണം സമ്മർദത്തിലായത് കാരണമാണ് പെട്രോള്‍-ഡീസല്‍ വില വർധിച്ചതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ ക്രൂഡ് ഓയിൽ വിതരണം സാധാരണ നിലയിലാകുന്ന മുറയ്ക്ക് വില പുനഃപരിശോധിക്കുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന പൊതുജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളും വിതരണ ശൃംഖലയിലെ പുരോഗതിയും വിലയിരുത്തി കേന്ദ്ര പെട്രോളിയം മന്ത്രാലയം അടുത്ത ഘട്ട തീരുമാനങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര മാർക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വലിയ തോതില്‍ കുറഞ്ഞു. ഇറാനുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് സമാധാനക്കരാർ പൂർത്തിയാക്കിയതായും ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്നുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില അഞ്ച് ശതമാനത്തോളം ഇടിഞ്ഞത്.
ഏകദേശം നാല് മാസം മുൻപ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോയിരുന്നത് ഹോർമുസ് കടലിടുക്കിലൂടെയായിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തോടെ ബ്രെന്റ് ക്രൂഡ് വില 3.5 ശതമാനം ഇടിഞ്ഞ് ബാരലിന് 85 ഡോളറിന് താഴെയും, യു.എസ് ക്രൂഡ് വകഭേദമായ ഡബ്ല്യു.ടി.ഐ (WTI) വില 5 ശതമാനം ഇടിഞ്ഞ് ബാരലിന് 80 ഡോളറിന് അടുത്തുമെത്തി. വരും ദിവസങ്ങളിൽ കരാർ ഒപ്പുവെക്കുന്നതോടെ വിപണി കൂടുതൽ ശാന്തമാകുമെന്നാണ് കരുതുന്നത്.
സ്വിറ്റ്സർലൻഡിൽ വെച്ച് ജൂൺ 19-ന് കരാർ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും കരാർ സ്ഥിരീകരിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് ബാരലിന് 125 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വിലയാണ് ഇപ്പോൾ വൻതോതിൽ താഴേക്ക് വന്നിരിക്കുന്നത്. ഇതിനുപുറമേ, അടുത്ത മാസം മുതൽ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് (OPEC) എണ്ണ ഉൽപ്പാദന പരിധി വർദ്ധിപ്പിക്കാൻ തീരുമാനിച്ചതും വരും ദിവസങ്ങളിൽ വില വീണ്ടും കുറയാൻ കാരണമാകും. രാജ്യാന്തര വിപണിയിൽ എണ്ണവില കുറയുന്നതോടെ ഇന്ത്യയിൽ കഴിഞ്ഞ മാസം വർദ്ധിപ്പിച്ച ഇന്ധനവിലയിൽ ജനങ്ങൾക്ക് ആശ്വാസകരമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ.
Content Highlights: Union Minister Suresh Gopi has said that any decision on reducing petrol and diesel prices in India will depend on the availability of crude oil. The statement highlights the influence of global crude supply, market conditions, and import costs on domestic fuel pricing and future policy decisions.