'വിദേശകടത്തിന്റെ 94 ശതമാനവും ഒറ്റദിവസം കൊണ്ട് കൊടുത്തുതീർക്കാനുള്ള കഴിവ് ഇന്ന് ഇന്ത്യക്കുണ്ട്'; ഫഡ്‌നാവിസ്

വിദേശകടം തിരിച്ചടയ്ക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അതില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് യാതൊരു മുരടിപ്പുമില്ലെന്നും വിദേശകടത്തിന്റെ 94 ശതമാനവും ഒറ്റദിവസം കൊണ്ട് കൊടുത്തുതീർക്കാനുള്ള കഴിവ് രാജ്യത്തിനുണ്ടെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈയിൽ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദേശകടം തിരിച്ചടയ്ക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അതില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഐഎംഎഫും ലോകബാങ്കും രക്ഷയ്ക്കെത്തിയില്ലെങ്കിൽ ഇന്ത്യക്ക് വിദേശകടം തിരിച്ചടയ്ക്കാൻ കഴിയില്ല എന്നും രാജ്യം തകരുമെന്നും ആളുകൾ വിചാരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥയിൽ രാജ്യത്തിന് അതിന്റെ 94% വിദേശ കടവും ഒറ്റ ദിവസം കൊണ്ട് തിരിച്ചടയ്ക്കാനാകും. മുൻകാലങ്ങളിൽ ഒരു മാസത്തെ ഇറക്കുമതിക്കാവശ്യമായ പണം പോലും ഇല്ലാതിരുന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ 11 മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ കരുതൽ പണം ഇന്ത്യക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ ഇന്ത്യ മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത് എന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഇന്ത്യയുടെ വളർച്ച താഴേക്കെന്ന് കരുതിയവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 7.8 ശതമാനമായിരുന്നു. 2026 സാമ്പത്തികവർഷത്തിൽ 7 .7 എന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 66 ലക്ഷം കോടിക്ക് അടുത്തെത്തിയിരിക്കുകയാണ്. ഇതിന് പുറമെ ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ കാര്യത്തിലും രാജ്യം മുന്നിലാണെന്നും യുപിഐ ഇപ്പോൾ മുപ്പതോളം രാജ്യങ്ങളിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Maharashtra Chief Minister Devendra Fadnavis stated that India’s economy is not facing any slowdown and emphasized the country’s strong financial resilience. He claimed that India has the capability to repay 94% of its foreign debt within a single day, highlighting the strength and stability of the nation’s economic fundamentals during a media interaction in Mumbai.

To advertise here,contact us