ഒന്നാം തിയതി തന്നെ ശമ്പളം നല്‍കണം; മുടങ്ങിയാല്‍ കടുത്ത നടപടി; നിയമം കർശനമാക്കി യുഎഇ

ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം ഒന്നാം തീയതി തന്നെ വിതരണം ചെയ്യണം

5 min read|18 May 2026, 06:49 pm

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ടുള്ള ചട്ടങ്ങള്‍ കൂടുതല്‍ കർശനമാക്കി യുഎഇ. രാജ്യത്തെ ശമ്പള വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ (WPS) വരുത്തിയ നിർണായക മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ഉത്തരവ് മെയ് 12-ന് മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി.

2026 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം ഒന്നാം തീയതി തന്നെ വിതരണം ചെയ്തിരിക്കണം. ഒന്നാം തീയതിക്ക് ശേഷം നൽകുന്ന ശമ്പളങ്ങളെല്ലാം 'വൈകിയ ശമ്പളമായി' (Delayed Payments) ഡബ്ല്യുപിഎസ് സിസ്റ്റം കണക്കാക്കും. മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ സ്വകാര്യ കമ്പനികളും പുതിയ നിബന്ധനകൾ പാലിച്ച് അംഗീകൃത ഡബ്ല്യുപിഎസ് വഴിയോ മന്ത്രാലയം അനുവദിച്ചിട്ടുള്ള മറ്റ് ചാനലുകൾ വഴിയോ മാത്രമേ ശമ്പളം വിതരണം ചെയ്യാവൂ.

85 ശതമാനം ശമ്പളം കൃത്യമായി നൽകണം

പുതിയ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം പ്രകാരം കമ്പനികൾ നിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ മന്ത്രാലയം ചില മാനദണ്ഡങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഒരു സ്വകാര്യ സ്ഥാപനം അതിന്റെ ജീവനക്കാർക്ക് നൽകാനുള്ള ആകെ ശമ്പളത്തിന്റെ കുറഞ്ഞത് 85 ശതമാനമെങ്കിലും നിശ്ചിത തീയതിക്കുള്ളിൽ നൽകിയിട്ടുണ്ടെങ്കിൽ ആ കമ്പനി നിയമം പാലിക്കുന്നതായി കണക്കാക്കും. തൊഴിൽ നിയമപ്രകാരം അനുവദനീയമായ ശമ്പളം കുറയ്ക്കലുകളോ തടഞ്ഞുവെക്കലുകളോ ഉള്ള സാഹചര്യങ്ങൾ മുന്നിൽ കണ്ടാണ് ഈ 85 ശതമാനം പരിധി നിശ്ചയിച്ചിരിക്കുന്നത്.

തനിക്ക് ലഭിക്കേണ്ട ആകെ ശമ്പളത്തിന്റെ 85 ശതമാനമെങ്കിലും ലഭിച്ച തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിച്ചതായി സിസ്റ്റം രേഖപ്പെടുത്തും. എങ്കിലും, നിയമപരമായ കാരണങ്ങളാലല്ലാതെ ബാക്കി വന്ന തുക നേടിയെടുക്കാനുള്ള തൊഴിലാളിയുടെ അവകാശത്തെ ഇത് ബാധിക്കില്ല. ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കർശനമായ നിയമനടപടികളുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ശമ്പളം വൈകിയാൽ കർശന നടപടികൾ

ശമ്പളം വൈകുന്ന ദിവസങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കമ്പനികൾക്കെതിരെ കടുത്ത നടപടികളാണ് മന്ത്രാലയം സ്വീകരിക്കുക.

രണ്ടാം ദിവസം മുതൽ : ശമ്പള തീയതി കഴിഞ്ഞ് രണ്ടാം ദിവസം മുതൽ തന്നെ ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നും സിസ്റ്റം വഴി മുന്നറിയിപ്പുകളും അലേർട്ടുകളും ലഭിച്ചുതുടങ്ങും.

അഞ്ചാം ദിവസം മുതൽ : അഞ്ചാം ദിവസവും ശമ്പള വിതരണം പൂർത്തിയായില്ലെങ്കിൽ കമ്പനിക്ക് പുതിയ വർക്ക് പെർമിറ്റുകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കും. വിലക്കിന്റെ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് ഉടൻ തന്നെ ശമ്പളം നൽകാനുള്ള അന്തിമ മുന്നറിയിപ്പ് തൊഴിലുടമയ്ക്ക് അയക്കും.

പതിനൊന്നാം ദിവസം മുതൽ: ഈ ഘട്ടത്തിലും വീഴ്ച വരുത്തിയാൽ കടുത്ത സാമ്പത്തിക പിഴകൾ ഈടാക്കും. കമ്പനിയെ 'തേർഡ് കാറ്റഗറി'യിലേക്ക് തരംതാഴ്ത്തും. ആറ് മാസത്തിനിടെ ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ കൂടുതൽ കർശന നടപടികൾ ഉണ്ടാകും.

പതിനാറാം ദിവസം മുതൽ : 25-ഓ അതിലധികമോ ജീവനക്കാർക്ക് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ ഈ ഘട്ടത്തിൽ അധികൃതർ സ്വമേധയാ ലേബർ ഡിസ്പ്യൂട്ട് രജിസ്റ്റർ ചെയ്യും. വ്യക്തിഗതമായോ കൂട്ടായോ ഉള്ള പരാതിയായിട്ടായിരിക്കും ഇത് മാറുക. നിർമ്മാണം, ഗതാഗതം, സെക്യൂരിറ്റി, ക്ലീനിങ്, റിക്രൂട്ട്മെന്റ് ഏജൻസികൾ എന്നീ മേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇത് കർശനമായി ബാധകമായിരിക്കും. ഒരേ ഉടമസ്ഥതയിലുള്ള വിവിധ സ്ഥാപനങ്ങളിലെ ആകെ ബാധിതരായ ജീവനക്കാരുടെ എണ്ണം 25 ആയാലും ഈ നടപടിയുണ്ടാകും.

ഇരുപത്തിയൊന്നാം ദിവസം മുതൽ : 50-ൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്കെതിരെ ശമ്പളം നൽകാൻ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കും. 50-ലധികം ജീവനക്കാരുണ്ടെങ്കിൽ കൂട്ടായ ലേബർ തർക്കത്തിന് കേസ് രജിസ്റ്റർ ചെയ്യും. കൂടാതെ കമ്പനിയുടെ ആസ്തികൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാനും സ്ഥാപനത്തിന്റെ ഉത്തരവാദിയായ വ്യക്തിക്ക് യാത്രാവിലക്ക് (Travel Ban) ഏർപ്പെടുത്താനും മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.

തുടർച്ചയായി രണ്ട് മാസങ്ങളിൽ നിയമലംഘനം ആവർത്തിക്കുകയും 50-ലധികം ജീവനക്കാർക്ക് ശമ്പളം നൽകാതിരിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ നേരിട്ട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി നിയമനടപടികൾ സ്വീകരിക്കും. യു.എ.ഇ തൊഴിൽ വിപണിയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് കണ്ടാൽ കമ്പനിയുടെ വലിപ്പം നോക്കാതെ തന്നെ മന്ത്രാലയം നേരിട്ട് ഇടപെടുന്നതായിരിക്കും.

അതേസമയം, ശമ്പളവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലുള്ളതോ അല്ലെങ്കിൽ എക്സിക്യൂട്ടീവ് ഉത്തരവ് നിലവിലുള്ളതോ ആയ കാലയളവിൽ ആ ജീവനക്കാരെ ഇതിൽ നിന്നും ഒഴിവാക്കും. ജോലിയിൽ നിന്നും ഒളിച്ചോടിയതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ജീവനക്കാരെയും നിയമത്തില്‍ ഉൾപ്പെടുത്തില്ല. നിയമപരമായ തടവിലുള്ളവർ, കോടതി ഉത്തരവ് മൂലം ജോലിക്ക് വരാൻ കഴിയാത്തവർ, മന്ത്രാലയത്തെ മുൻകൂട്ടി അറിയിച്ച് രേഖകൾ സമർപ്പിച്ച ശേഷം ശമ്പളമില്ലാത്ത ലീവിൽ (Unpaid Leave) പോയവർ എന്നിവർക്കും ഇളവുണ്ട്.

കടലിൽ ജോലി ചെയ്യുന്ന ജീവനക്കാർ (സീഫെറേഴ്സ് - മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ), വിദേശ കമ്പനികളുടെ യു.എ.ഇക്ക് പുറത്തുനിന്നും ശമ്പളം കൈപ്പറ്റുന്ന ജീവനക്കാർ, മൂന്ന് മാസത്തിൽ താഴെയുള്ള ഹ്രസ്വകാല മിഷൻ പെർമിറ്റിൽ ഉള്ളവർ എന്നിവർ WPS-ന് പുറത്തായിരിക്കും. വ്യക്തിഗത ഉടമസ്ഥതയിലുള്ള മത്സ്യബന്ധന ബോട്ടുകൾ, പബ്ലിക് ടാക്സികൾ എന്നിവയ്ക്കും ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കും ഈ നിയമത്തിൽ നിന്നും ഇളവ് അനുവദിച്ചിട്ടുണ്ട്.

Content Highlights: The UAE has strengthened labour regulations to ensure salaries are paid on time. Employers are required to process wages promptly, and authorities may take strict action against companies that delay payments. The move is aimed at protecting employee rights and improving compliance with labour laws.

To advertise here,contact us