രൂപയെ രക്ഷിക്കാന്‍ വെള്ളിക്ക് നിയന്ത്രണം; സില്‍വര്‍ ബാര്‍ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തി കേന്ദ്രം

ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയത്

പശ്ചിമേഷ്യയിലെ സംഘര്‍ഷവും രൂപയ്ക്ക് നേരിടുന്ന സമ്മര്‍ദ്ദവും കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ സില്‍വര്‍ ബാര്‍ ഇറക്കുമതിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. 99.9 ശതമാനം ശുദ്ധിയുള്ള വെള്ളി ബാറുകള്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളിലെ ഇറക്കുമതി 'ഫ്രീ' വിഭാഗത്തില്‍ നിന്ന് 'റെസ്ട്രിക്ടഡ്' വിഭാഗത്തിലേക്ക് മാറ്റിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

പുതിയ നിയമപ്രകാരം 99.9 ശതമാനമോ അതിലധികമോ വെള്ളി അടങ്ങിയ ബാറുകള്‍ക്കും മറ്റ് ചില വെള്ളി ബാര്‍ വിഭാഗങ്ങള്‍ക്കും ഇനി ഇറക്കുമതി ലൈസന്‍സ് നിര്‍ബന്ധമാകും. മുമ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ പാലിക്കുന്നതിനൊപ്പം ഇവ സ്വതന്ത്രമായി ഇറക്കുമതി ചെയ്യാന്‍ സാധിച്ചിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനു പുറമെ വെള്ളിയിലേക്കും നിക്ഷേപം വര്‍ധിച്ചതും ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതുമാണ് ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുത്തനെ ഉയരാന്‍ കാരണമായത്. ഇതോടെ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിദേശനാണ്യ ചെലവ് കുറയ്ക്കുകയും അനാവശ്യ ഇറക്കുമതികളെ നിയന്ത്രിക്കുകയും ചെയ്യുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.

ദിവസങ്ങള്‍ക്കു മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയത്. പ്ലാറ്റിനത്തിനുള്ള തീരുവയും 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമാക്കി വര്‍ധിപ്പിച്ചു. കൂടാതെ ജ്വല്ലറി കയറ്റുമതിക്കാര്‍ക്ക് ഡ്യൂട്ടി ഒഴിവോടെ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന അഡ്വാന്‍സ് ഓതറൈസേഷന്‍ പദ്ധതിയില്‍ സ്വര്‍ണ ഇറക്കുമതിക്ക് 100 കിലോഗ്രാം പരിധിയും ഏര്‍പ്പെടുത്തി.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വെള്ളി ഉപഭോക്താക്കളില്‍ ഒന്നാണ്. ആഭരണ നിര്‍മ്മാണം, നാണയങ്ങള്‍, സോളാര്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയില്‍ വെള്ളിയുടെ ഉപയോഗം വ്യാപകമാണ്. എന്നാല്‍ വന്‍തോതിലുള്ള ഇറക്കുമതി രാജ്യത്തിന്റെ വ്യാപാര കമ്മിയും വിദേശനാണ്യ ചെലവും വര്‍ധിപ്പിക്കുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights: The government has restricted the import of certain categories of silver bars with immediate effect amid the ongoing West Asia conflict, according to a notification issued by the Directorate General of Foreign Trade (DGFT).

To advertise here,contact us