ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത്, രാജ്യത്തെ വിദേശനാണ്യ ശേഖരം ചോർന്നുപോകുന്നത് തടയാൻ കടുത്ത നടപടികളിലൂടെ കടന്ന് പോകുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി വരും വർഷത്തേക്ക് രാജ്യത്തെ ജനങ്ങൾ സ്വർണ്ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരസ്യമായി അഭ്യർത്ഥിച്ചു. തെലങ്കാനയിലും ഗുജറാത്തിലും നടന്ന പൊതുപരിപാടികളിലാണ് പ്രധാനമന്ത്രി ഈ അടിയന്തര സാമ്പത്തിക അച്ചടക്ക നിർദേശം മുന്നോട്ട് വെച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, അതിനാൽ രാജ്യതാത്പര്യം മുൻനിർത്തി വിവാഹങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് ഒരു വർഷത്തേക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇന്ധന ഉപയോഗം കുറയ്ക്കുക, വർക്ക് ഫ്രം ഹോം രീതികൾ പ്രോത്സാഹിപ്പിക്കുക, വിദേശ യാത്രകൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചു. കോവിഡ് മഹാമാരിയെ നേരിട്ടതുപോലെ രാജ്യം ഈ പ്രതിസന്ധിയെയും മറികടക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും നികുതി വർദ്ധനവും സ്വർണ്ണ വിപണിയെ ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ടൈറ്റൻ, സെൻകോ തുടങ്ങിയ പ്രമുഖ ജ്വല്ലറി ബ്രാൻഡുകളുടെ ഓഹരി വിലകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഡൽഹിയിലെ ചാന്ദ്നി ചൗക്ക്, നോയിഡ തുടങ്ങിയ പ്രമുഖ വിപണികളിലെല്ലാം സ്വർണ്ണക്കടകളിൽ ഉപഭോക്താക്കളുടെ തിരക്ക് പാടെ കുറഞ്ഞു. വരും മാസങ്ങളിൽ സ്വർണ്ണ വ്യാപാരത്തിന്റെ അളവിൽ 10 മുതൽ 15 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ഭാരവാഹികൾ വ്യക്തമാക്കുന്നു. കൂടാതെ, നികുതി 15 ശതമാനമായി ഉയർന്നത് വഴി നിയമവിരുദ്ധമായ സ്വർണ്ണക്കടത്ത് വീണ്ടും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്.
താത്കാലികമായി വിപണി മന്ദഗതിയിലാകുമെങ്കിലും സ്വർണ്ണത്തോടുള്ള ഇന്ത്യക്കാരുടെ വൈകാരികവും സാംസ്കാരികവുമായ ആഭിമുഖ്യം പൂർണ്ണമായി ഇല്ലാതാവില്ലെന്നാണ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ വിലയിരുത്തൽ. വില കൂടിയ പശ്ചാത്തലത്തിൽ ആളുകൾ ഭാരം കുറഞ്ഞതും സമകാലിക ശൈലിയിലുള്ളതുമായ ആഭരണങ്ങളിലേക്ക് മാറാൻ സാധ്യതയുണ്ട്. പുതിയ സ്വർണ്ണം പണം കൊടുത്ത് വാങ്ങുന്നതിന് പകരം, കൈവശമുള്ള പഴയ സ്വർണ്ണം നൽകി പുതിയ ആഭരണങ്ങൾ വാങ്ങുന്ന രീതി വിപണിയിൽ സജീവമാകും. കൂടാതെ, ആഗോള വിപണിയിലെ അസ്ഥിരത കാരണം ഓഹരി വിപണി തകരുമ്പോൾ ഇപ്പോഴും ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണ്ണത്തെ തന്നെയാണ് നിക്ഷേപകർ കാണുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി ശാന്തമാകുകയും ആഗോള എണ്ണവില സാധാരണ നിലയിലാവുകയും ചെയ്യുന്നത് വരെ ഈ കടുത്ത നിയന്ത്രണങ്ങളും ഉയർന്ന നികുതിയും തുടരാനാണ് സാധ്യത.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ വിപണിയെ ഞെട്ടിച്ചുകൊണ്ട് ധനമന്ത്രാലയം സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയും കുത്തനെ കൂട്ടിയത്. നിലവിലുണ്ടായിരുന്ന 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് നികുതി വർദ്ധിപ്പിച്ചത്. ബേസിക് കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനവും അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ സെസ് 5 ശതമാനവും ചേർത്താണ് ഈ 15% നികുതി ഈടാക്കുന്നത്. ഇതോടെ 10 ഗ്രാം സ്വർണ്ണത്തിന്മേലുള്ള നികുതി ഭാരം ഏകദേശം പതിമൂവായിരത്തി അഞ്ഞൂറ് രൂപയിൽ നിന്ന് ഒറ്റയടിക്ക് ഇരുപതിനായിരം രൂപയ്ക്ക് മുകളിലേക്ക് വർദ്ധിച്ചു. അതായത് പവന് 17000 രൂപയോളം. ആഭരണം വാങ്ങുമ്പോള് ജിഎസ്ടി വേറേയും നല്കണം. ഇത് ആഭ്യന്തര വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റത്തിന് കാരണമാവുകയും ജ്വല്ലറി വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ വലിയൊരു തകർച്ചയിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ഈ കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയത്. ഇറാനും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും തമ്മിലുള്ള യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുകയാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ 'സ്ട്രെയിറ്റ് ഓഫ് ഹോർമുസ്' തടസ്സപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നു. ഇന്ത്യ തങ്ങളുടെ ഇന്ധന ആവശ്യത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാൽ വലിയ തുക ഡോളറായി നൽകേണ്ടി വരുന്നുണ്ട്.
എണ്ണയും സ്വർണ്ണവും വാങ്ങാൻ വലിയ തോതിൽ ഡോളർ പുറത്തേക്ക് ഒഴുക്കേണ്ടി വരുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ ബാധിക്കുകയും, യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് താഴാൻ ഇടയാക്കുകയും ചെയ്തു. എണ്ണ അത്യാവശ്യ ഘടകമാണെങ്കിലും സ്വർണ്ണം ഒരു പരിധി വരെ ഒഴിവാക്കാവുന്ന ആഡംബര ചെലവായതിനാലാണ് അതിന്മേൽ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുന്നത്.
Content Highlights: The import duty on one pavan of gold is estimated at around ₹17,000, with GST charged separately. The high tax burden has significantly increased the overall purchase cost, leading to weaker demand and a decline in customer footfall at jewellery stores.