ന്യൂഡൽഹി: രാജ്യത്തിന്റെ ദീർഘകാല ഊർജ്ജ സുരക്ഷ ശക്തമാക്കാൻ കൂടുതല്‍ നടപടികളുമായി ഇന്ത്യ. ആഗോളതലത്തിൽ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും യു.എസ്-ഇറാൻ തർക്കങ്ങളും മൂലം എണ്ണ വിതരണത്തിൽ ആശങ്കയേറുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പുതിയ നീക്കം. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും (ISPRL) തമ്മിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ച ധാരണാപത്രം ഇന്ത്യയുടെ ഇന്ധന സുരക്ഷയിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തിനിടെ ഒപ്പുവെച്ച പുതിയ കരാർ പ്രകാരം യുഎഇയുടെ എണ്ണ ഭീമനായ അഡ്നോക്കിന് ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം റിസർവ് ശൃംഖലയിൽ 3 കോടി ബാരൽ അസംസ്കൃത എണ്ണ വരെ സംഭരിക്കാൻ സാധിക്കും. വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), മംഗളൂരു, പാദൂർ (കർണാടക) എന്നിവിടങ്ങളിലെ കൂറ്റൻ ഭൂഗർഭ സംഭരണ കേന്ദ്രത്തിലും ഒഡീഷയിലെ ചന്ദിഖോളിൽ നിർമ്മിക്കാനിരിക്കുന്ന പുതിയ കേന്ദ്രത്തിലുമായിരിക്കും യുഎഇയില്‍ നിന്നും എത്തുന്ന എണ്ണ സൂക്ഷിക്കുക.
തങ്ങളുടെ ആവശ്യത്തിനുള്ള അസംസ്കൃത എണ്ണയുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം, യുദ്ധമോ മറ്റ് അന്താരാഷ്ട്ര പ്രതിസന്ധികളോ ഉണ്ടാകുമ്പോൾ രാജ്യം സ്തംഭിച്ചുപോകാതിരിക്കാനുള്ള 'അടിയന്തര ഊർജ്ജ വോൾട്ടുകൾ' ആയിട്ടാണ് ഈ ഭൂഗർഭ സംഭരണികൾ പ്രവർത്തിക്കുക.
എന്താണ് സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ?
യുദ്ധം, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, അല്ലെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില പെട്ടെന്ന് കുതിച്ചുയരൽ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ രാജ്യത്തിന് ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാൻ സർക്കാർ സൂക്ഷിക്കുന്ന അസംസ്കൃത എണ്ണയുടെ കരുതല ശേഖരമാണിത്. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡും ആണ് ഇത് നിയന്ത്രിക്കുന്നത്.
നിലവിൽ ഇന്ത്യയുടെ ഒന്നാം ഘട്ട SPR പദ്ധതിയുടെ ഭാഗമായി വിശാഖപട്ടണം, മംഗളൂരു, പാദൂർ എന്നിവിടങ്ങളിലായി 5.33 മില്യൺ മെട്രിക് ടൺ (MMT) എണ്ണ സംഭരണ ശേഷിയുണ്ട്. ഇത് രാജ്യത്തിന് ഏകദേശം 9.5 മുതൽ 10 ദിവസത്തെ ഉപയോഗത്തിനുള്ള ഇന്ധനം നൽകും. എന്നാൽ എണ്ണക്കമ്പനികളുടെ പക്കലുള്ള വാണിജ്യ ശേഖരം കൂടി കണക്കിലെടുത്താൽ ഇന്ത്യയ്ക്ക് ആകെ 74 ദിവസത്തെ ഇന്ധന ബാക്കപ്പ് ഉണ്ട്.
ഇന്ത്യയുടെ മൂന്ന് പ്രധാന എണ്ണ സംഭരണികള്‍
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്): കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ഇന്ത്യയുടെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് പ്രോഗ്രാമിന് കീഴിൽ വികസിപ്പിച്ച ആദ്യത്തെ സംഭരണികളിലൊന്നാണ്. ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ഇതിന്റെ സ്ഥാനം അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടുകളിലൂടെയെത്തുന്ന എണ്ണ കൈകാര്യം ചെയ്യാൻ ഏറെ സൗകര്യപ്രദമാണ്.
മംഗളൂരു (കർണാടക): ഇന്ത്യ-യു.എ.ഇ ഊർജ്ജ സഹകരണത്തിന്റെ പ്രധാന കേന്ദ്രമാണിത്. 2018-ൽ അഡ്നോക് (ADNOC) ഇവിടെ 5 മില്യൺ ബാരലിലധികം അസംസ്കൃത എണ്ണ സംഭരിച്ചുകൊണ്ട് ഇന്ത്യയുടെ തന്ത്രപ്രധാന സംഭരണി ഉപയോഗിക്കുന്ന ആദ്യ വിദേശ കമ്പനിയായി മാറി.
പാദൂർ (കർണാടക): പടിഞ്ഞാറൻ തീരത്തെ മറ്റൊരു നിർണ്ണായക സംഭരണിയാണിത്. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഇവിടെ 2.5 MMT ശേഷിയുള്ള അധിക സംഭരണി കൂടി നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണ കരാർ കഴിഞ്ഞ വർഷം (2025 ഒക്ടോബർ) നൽകിക്കഴിഞ്ഞു. കൂടാതെ ഒഡീഷയിലെ ചന്ദിഖോളിൽ 4 MMT ശേഷിയുള്ള പുതിയൊരു സംഭരണിയും രാജ്യം ലക്ഷ്യമിടുന്നുണ്ട്.
കോവിഡ് കാലത്തെ വലിയ ലാഭം
കോവിഡ്-19 പാൻഡെമിക് സമയത്ത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ഇന്ത്യ ഈ സംഭരണ കേന്ദ്രങ്ങളെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയിരുന്നു. കുറഞ്ഞ വിലയിൽ വലിയ തോതിൽ അസംസ്കൃത എണ്ണ വാങ്ങി ഈ സംഭരണികൾ നിറച്ചതിലൂടെ രാജ്യത്തിന് ഏകദേശം 5,000 കോടി രൂപ ലാഭിക്കാൻ സാധിച്ചതായി പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചിമേഷ്യന്‍ സംഘർഷം കാരണം ആഗോള വിപണിയിൽ എണ്ണവില ഈ ആഴ്ചയും വലിയ തോതിൽ ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യു.എ.ഇയുമായുള്ള പുതിയ കരാറും ഇന്ത്യയുടെ ഭൂഗർഭ ശിലാ ഗുഹകളുടെ വിപുലീകരണവും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വരും വർഷങ്ങളിൽ വലിയൊരു കവചമായി മാറും.
Content Highlights: India and the UAE have signed a new energy agreement under which ADNOC will be allowed to store up to 30 million barrels of crude oil in India. The deal is expected to strengthen energy security and deepen strategic cooperation between the two countries.