കടം കാരണം കുഴങ്ങിയോ? എങ്ങനെ വീട്ടി തീർക്കാം; ഇതാ രണ്ട് മാർഗ്ഗങ്ങള്‍: സ്നോബോളും അവലാഞ്ചും

കടങ്ങൾ ഭാരമാകാതെ, ശാസ്ത്രീയമായ രീതികളിലൂടെ അവ എങ്ങനെ വേഗത്തിൽ വീട്ടിയവസാനിപ്പിക്കാം എന്ന് നോക്കാം

3 min read|16 May 2026, 01:52 pm

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളുമാണ് പലരെയും കടക്കെണിയിലേക്ക് തള്ളിവിടുന്നുണ്ട്. യാതൊരു നിയന്ത്രയണവും ഇല്ലാതെ അനാവശ്യമായി പണം ചെലവഴിച്ച് കടംകൂട്ടുന്നവരും നമുക്ക് ചുറ്റുമുണ്ട്. പലരേയും സംബന്ധിച്ച് വായ്പകളുടേയും മറ്റും തിരിച്ചടവ് ബാലികേറാ മലയായി മാറിയിരിക്കുകയാണ്. കൃത്യമായ പ്ലാനിങ് ഇല്ലാത്തതുമൂലം പലരും വരുമാനത്തിന്റെ ഭൂരിഭാഗവും പലിശയടച്ചു തീർക്കാനും ഉപയോഗിക്കുന്നു. കടങ്ങൾ ഭാരമാകാതെ, ശാസ്ത്രീയമായ രീതികളിലൂടെ അവ എങ്ങനെ വേഗത്തിൽ വീട്ടിയവസാനിപ്പിക്കാം എന്ന് നമുക്ക് നോക്കാം.

വേണം കൃത്യമായ ബജറ്റ്

കടം വീട്ടാനുള്ള ആദ്യ പടി കൃത്യമായ സാമ്പത്തിക അവബോധമാണ്. ഇതിനായി നിങ്ങളുടെ പ്രതിമാസ വരുമാനവും ചെലവും കൃത്യമായി ഒരു ഡയറിയിലോ മൊബൈൽ ആപ്പിലോ എഴുതി വെക്കുക. അവശ്യ ചെലവുകൾ കഴിഞ്ഞ് ഓരോ മാസവും കടം വീട്ടാനായി കൃത്യമായി എത്ര തുക മാറ്റിവെക്കാൻ കഴിയുമെന്ന് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.

സ്നോബോൾ രീതി

ചെറിയ കടങ്ങൾ ആദ്യം തീർക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ രീതിയാണിത്. ഇതിൽ ഏറ്റവും ചെറിയ തുകയുള്ള കടം ആദ്യം അടച്ച് തീർക്കുകയാണ് ചെയ്യുന്നത്. ഈ സമയത്ത് മറ്റ് വലിയ കടങ്ങൾക്ക് മിനിമം തുക മാത്രം അടച്ചാൽ മതിയാകും. ചെറിയ കടങ്ങൾ ഓരോന്നായി ഇല്ലാതാകുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസവും മാനസികമായ കരുത്തും വലിയ കടങ്ങൾ വരുംദിവസങ്ങളിൽ വീട്ടാൻ നിങ്ങളെ സഹായിക്കും.

അവലാഞ്ച് രീതി

കൂടുതൽ പലിശ നിരക്കുള്ള കടങ്ങൾ ആദ്യം വീട്ടുക എന്നതാണ് ഈ രീതിയുടെ പ്രത്യേകത. ഉയർന്ന പലിശയുള്ള കടങ്ങൾ വേഗത്തിൽ അടച്ചുതീർക്കുന്നതിലൂടെ പലിശയിനത്തിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും. പലിശ ഇനത്തിൽ ലാഭിക്കുന്ന ഈ തുക പിന്നീട് മറ്റ് ചെറിയ കടങ്ങൾ വേഗത്തിൽ വീട്ടാൻ ഉപകരിക്കും. സാമ്പത്തികമായി കൂടുതൽ ലാഭം നൽകുന്ന രീതി ഇതാണെങ്കിലും ഇതിന് മികച്ച അച്ചടക്കം ആവശ്യമാണ്.

അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുക

കടബാധ്യതകളിൽ നിന്ന് പൂർണ്ണമായി മുക്തി നേടുന്നതുവരെ ജീവിതശൈലിയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ആഡംബര ചെലവുകൾ, പുറത്തുനിന്നുള്ള ആഹാരം, അനാവശ്യമായ ഷോപ്പിംഗ് എന്നിവ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുക. ഇങ്ങനെ ലാഭിക്കാൻ കഴിയുന്ന ചെറിയ തുകകൾ പോലും കടം വീട്ടാനായി മാത്രം മാറ്റിവെക്കുക.

ഒറ്റ ലോണിലേക്ക്

ഒന്നിലധികം വ്യക്തികളിൽ നിന്നുള്ള കടങ്ങളോ ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശികകളോ നിങ്ങളെ അലട്ടുന്നുണ്ടെങ്കിൽ, അവയെല്ലാം ചേർത്ത് കുറഞ്ഞ പലിശ നിരക്കിലുള്ള ഒറ്റ ലോണാക്കി മാറ്റുന്നത് ഉചിതമായിരിക്കും. പലർക്കായി പല തീയതികളിൽ പണം നൽകി ബുദ്ധിമുട്ടുന്നതിനേക്കാൾ തിരിച്ചടവ് എളുപ്പമാക്കാൻ ഇത് സഹായിക്കും.

സാമ്പത്തിക അച്ചടക്കവും കൃത്യമായ പ്ലാനിങ്ങും ഉണ്ടെങ്കിൽ ഏത് വലിയ കടബാധ്യതയും എളുപ്പത്തിൽ മറികടക്കാവുന്നതേയുള്ളൂ. കടങ്ങൾ കാരണം ബുദ്ധിമുട്ടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കോ പ്രിയപ്പെട്ടവർക്കോ ഈ വിവരങ്ങൾ പങ്കുവെച്ചു നൽകാം.

Content highlights: The Snowball and Avalanche methods are two effective approaches to paying off debt. The Snowball method focuses on clearing the smallest loans first to build momentum, while the Avalanche method prioritizes debts with the highest interest rates to reduce total interest costs.

To advertise here,contact us