താമസം തുടങ്ങിയിട്ട് ഒരു മാസം: പിന്നാലെ നുണ പറഞ്ഞ് ഉടമ വാടക കൂട്ടി; ബെംഗളൂരുവിലെ അവസ്ഥ വിവരിച്ച് യുവതി

എന്തുകൊണ്ടാണ് ബെംഗളൂരുവിൽ വാടകവീടുകളിൽ താമസിക്കുന്നത് ഇത്ര മോശം എന്നാണ് ദിഷാക വീഡിയോയിൽ ചോദിക്കുന്നത്

ബെംഗളുരുവിൽ താമസിക്കാനായി ഒരു ഫ്ലാറ്റ് കണ്ടെത്തുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണ്. ഒരുപാട് അലഞ്ഞുതിരിഞ്ഞാൽ മാത്രമേ ഒരു നല്ല ഫ്ലാറ്റ് കിട്ടുകയുള്ളൂ എന്നതാണ് അവസ്ഥ. മാത്രമല്ല, ഒരുപക്ഷെ നമ്മുടെ ബജറ്റിന് അനുസരിച്ചുള്ളത് ലഭിക്കണമെങ്കിൽ ചെറിയ പരിശ്രമമൊന്നും പോരാ. ഇതിനിടയിൽ തോന്നുമ്പോൾ വാടക കൂട്ടുന്ന ഉടമകൾ വേറെയുമുണ്ട്. അത്തരത്തിലൊരു 'ബെംഗളൂരു അനുഭവം' പങ്കുവെച്ചിരിക്കുകയാണ് ഒരു യുവതി.

ഒരു മാസം മുൻപാണ് ദിഷാക എന്ന യുവതി ബെംഗളൂരുവിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്തത്. താമസം തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഫ്ലാറ്റ് ഉടമ വാടക 4000 രൂപ കൂടി ഉയർത്തി. കാരണമായി പറഞ്ഞതോ മുട്ടൻ നുണയും. തന്റെ സഹോദരൻ വരുന്നുണ്ടെന്നും അദ്ദേഹത്തിന് ഈ ഫ്ലാറ്റ് നൽകണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആദ്യമെല്ലാം ദിഷാക അത് വിശ്വസിച്ചെങ്കിലും പിന്നീടാണ് അത് നുണയാണെന്ന് മനസിലായത്.

താൻ താമസിച്ചിരുന്ന മൊത്തം ബിൽഡിങ്ങിന്റെയും ഉടമ ഇയാൾ തന്നെയായിരുന്നു എന്നതും തന്നോട് മാത്രമാണ് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടത് എന്നതുമാണ് ദിഷാകയിൽ സംശയം ജനിപ്പിച്ചത്. പിന്നീട് ഫ്ലാറ്റ് ഉടമയുമായി നടത്തിയ സംസാരത്തിലാണ് തന്നോട് ഒഴിയാൻ പറഞ്ഞതിന്റെ യഥാർത്ഥ കാരണം ദിഷാകയ്ക്ക് മനസിലായത്. ആ പ്രദേശത്ത് 26000 മുതൽ 28000 രൂപ വരെയായിരുന്നു വാടകയായി ഈടാക്കിയിരുന്നത്. മറ്റൊരാൾക്ക് ഈ തുകയ്ക്ക് ഫ്ലാറ്റ് നൽകാൻ വേണ്ടിയാണ് ഉടമ തന്നോട് ഇറങ്ങാനായി ആവശ്യപ്പെട്ടത്.

എന്തുകൊണ്ടാണ് ബെംഗളൂരുവിൽ വാടകവീടുകള്‍ നല്‍കുന്നവർ ഇത്ര മോശം സമീപനം സ്വീകരിക്കുന്നത് എന്നാണ് ദിഷാക വീഡിയോയിൽ ചോദിക്കുന്നത്. മറ്റാർക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നും ദിഷാക ചോദിക്കുന്നു. ഒരുപാട് പേർ തങ്ങളുടെ അനുഭവവും സമാനമാണെന്ന് പറയുന്നുണ്ട്. ഒരാൾ താൻ ഇതേ അവസ്ഥയിലൂടെ കടന്നുപോയെന്നും ഇപ്പോൾ 2000 രൂപ അധികം നൽകുകയാണെന്നുമാണ് പറയുന്നത്. പുതിയതായി വീട് വാടകയ്ക്ക് എടുക്കുന്നവരോട് 50% അധിക വാടകയാണ് ചിലർ ചോദിക്കുന്നത് എന്നും ചിലർ പറയുന്നുണ്ട്.

Content Highlights: Women says her house rent was increased after house owners lie for claiming higher rent

To advertise here,contact us