ഇന്ത്യയ്ക്ക് യൂറോപ്യന്‍ യൂണിയന്റെ പച്ചക്കൊടി; ഇനി യൂറോപ്പിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി വര്‍ധിക്കും

2026 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാം. ഉല്‍പ്പന്നങ്ങളില്‍ ആന്റിമൈക്രോബയല്‍ മരുന്നുകളുടെ അംശം അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് പുതിയ തീരുമാനത്തിന് പിന്നില്‍

സമുദ്രോത്പന്ന കയറ്റുമതിയുടെ പുതുക്കിയ കരട് പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. 2026 സെപ്റ്റംബര്‍ മുതല്‍ ഇന്ത്യയ്ക്ക് യൂറോപ്യന്‍ വിപണിയിലേക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാം. ഉല്‍പ്പന്നങ്ങളില്‍ ആന്റിമൈക്രോബയല്‍ മരുന്നുകളുടെ അംശം അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്ന കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഇന്ത്യ വിജയിച്ചതാണ് പുതിയ തീരുമാനത്തിന് പിന്നില്‍.

2024 ഒക്ടോബറില്‍ പുറത്തിറക്കിയ യൂറോപ്യന്‍ യൂണിയന്റെ പട്ടികയില്‍, മനുഷ്യ ഉപഭോഗത്തിനായുള്ള മൃഗജന്യ ഉല്‍പ്പന്നങ്ങള്‍ 2026 സെപ്റ്റംബര്‍ മുതല്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേര് ഉള്‍പ്പെട്ടിരുന്നില്ല. ഇത് ഇന്ത്യയുടെ കടല്‍വിഭവ കയറ്റുമതി മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. കാരണം, ഇന്ത്യയുടെ പ്രധാന സമുദ്ര ഭക്ഷ്യ കയറ്റുമതി വിപണികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍.

ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയ്ക്ക് ആശ്വാസവും അഭിമാനവും പകരുന്നതാണ് യൂറോപ്യന്‍ യൂണിയന്റെ നിര്‍ണ്ണായക പ്രഖ്യാപനം. ചൊവ്വാഴ്ച ബ്രസ്സല്‍സില്‍ നടന്ന പരിഷ്‌കരണത്തില്‍, യൂറോപ്യന്‍ യൂണിയന്റെ ഗുണനിലവാര നിയന്ത്രണങ്ങളും ഭക്ഷ്യ സുരക്ഷാ ഗ്യാരണ്ടികളും ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ടെന്ന് തെളിയിച്ചതോടെയാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ 19 ശതമാനവും യൂറോപ്യന്‍ യൂണിയനിലേക്കാണ്. നിലവില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണിത്. 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 14 ശതമാനം ഉയര്‍ച്ചയോടെ 8.43 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. ഈ കുതിപ്പിന് യൂറോപ്യന്‍ വിപണിയിലെ ഈ അംഗീകാരം വലിയ കരുത്തേകും. ഇന്ത്യയുടെ നിയന്ത്രണ സംവിധാനങ്ങളിലും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിലും യൂറോപ്പിനുള്ള വിശ്വാസമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും വലിയ വിപണിയായ അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തിയതോടെ പുതിയ വിപണികള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ അംഗീകാരം ഇന്ത്യയ്ക്ക് വലിയൊരു വാണിജ്യ തന്ത്രം കൂടിയാണ്.

യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി കൂടുതല്‍ താരിഫ് ഇളവുകള്‍ നേടിയെടുക്കാനുള്ള ചര്‍ച്ചകളും ന്യൂഡല്‍ഹി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഗുണനിലവാരത്തിന്റെ പേരില്‍ മുമ്പ് ചില ഇന്ത്യന്‍ മത്സ്യബന്ധന സ്ഥാപനങ്ങളെ യൂറോപ്യന്‍ യൂണിയന്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ ശക്തമായ ക്വാളിറ്റി കണ്‍ട്രോള്‍ ഉത്തരവുകളിലൂടെയും മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചും ഇന്ത്യ നടത്തിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

ഇന്ത്യയുടെ സമുദ്ര ഭക്ഷ്യ കയറ്റുമതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രധാന വിപണിയായതിനാല്‍, ഈ തീരുമാനം വ്യവസായത്തിന് വലിയ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ഇതിലൂടെ ഇന്ത്യയുടെ സമുദ്ര ഭക്ഷ്യ മേഖലയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ വിശ്വാസ്യതയും മത്സര ശേഷിയും ലഭിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: India’s inclusion in the European Union’s revised export list brings significant relief to the country’s seafood and aquaculture sector, ensuring continued access to the EU market from September 2026

To advertise here,contact us