ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും വലിയ വാര്‍ഷിക നഷ്ടമാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ നേരിട്ടത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയ്ക്ക് 356 കോടി സിംഗപ്പൂര്‍ ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 23,000 കോടി) നഷ്ടമുണ്ടായതായി വെളിപ്പെടുത്തിയത്. 2022ല്‍ ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം കമ്പനി കരകയറിയെങ്കിലും, പോയ വര്‍ഷം എയര്‍ലൈന്‍ മേഖലയെ ബാധിച്ച വിവിധ പ്രതിസന്ധികള്‍ കമ്പനിക്ക് വലിയ തിരിച്ചടിയായി.
പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ, പാകിസ്താന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിയന്ത്രിച്ചത്, ഉയര്‍ന്ന ജെറ്റ് ഇന്ധനവില, സപ്ലൈ ചെയിന്‍ പ്രശ്നങ്ങള്‍ എന്നിവയാണ് നഷ്ടം കുത്തനെ ഉയരാന്‍ കാരണമായത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യ ഗ്രൂപ്പില്‍ 25.1 ശതമാനം ഓഹരിയുണ്ട്. വാര്‍ഷിക റിപ്പോര്‍ട്ടില്‍ എയര്‍ ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും, ടാറ്റ സണ്‍സുമായി ചേര്‍ന്ന് കമ്പനിയുടെ പുനരുജ്ജീവന പദ്ധതിക്ക് പിന്തുണ നല്‍കുന്നതായും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വ്യക്തമാക്കി.
അതേസമയം എയര്‍ ഇന്ത്യയ്ക്ക് നേരിടേണ്ടി വന്ന പ്രവര്‍ത്തന പ്രതിസന്ധികള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഡില്‍ ഈസ്റ്റ് മേഖലയിലേക്കുള്ള സര്‍വീസുകളിലെ നിയന്ത്രണങ്ങള്‍, വിമാന ഭാഗങ്ങളുടെ ലഭ്യതക്കുറവ്, ആഗോള വ്യോമഗതാഗത മേഖലയിലെ വിതരണ തടസ്സങ്ങള്‍, ഉയര്‍ന്ന വിമാന ഇന്ധനവില എന്നിവ കമ്പനിയുടെ പ്രവര്‍ത്തനച്ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചു. ഇതിന്റെ ഭാഗമായി എയര്‍ ഇന്ത്യ നിരവധി അന്താരാഷ്ട്ര സര്‍വീസുകള്‍ താല്‍ക്കാലികമായി കുറയ്ക്കുകയും ചില റൂട്ടുകള്‍ ഓഗസ്റ്റ് വരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ദൈര്‍ഘ്യമേറിയ വ്യോമപാതകളും ഉയര്‍ന്ന ഇന്ധനച്ചെലവും കാരണം ചില സര്‍വീസുകള്‍ വാണിജ്യപരമായി ലാഭകരമല്ലാതായെന്നാണ് കമ്പനി വിശദീകരിച്ചത്. യാത്രക്കാര്‍ക്ക് അവസാന നിമിഷ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുകയും നെറ്റ്വര്‍ക്ക് സ്ഥിരത ഉറപ്പാക്കുകയും ചെയ്യാനാണ് ഈ നടപടി സ്വീകരിച്ചതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ലാഭത്തെയും എയര്‍ ഇന്ത്യയുടെ നഷ്ടം ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുബന്ധ കമ്പനികളില്‍ നിന്ന് ലഭിച്ച ലാഭം ഇത്തവണ നഷ്ടമായി മാറിയതിന്റെ പ്രധാന കാരണം എയര്‍ ഇന്ത്യയുടെ മുഴുവന്‍ വര്‍ഷ നഷ്ടം കണക്കിലെടുത്തതാണെന്ന് കമ്പനി അറിയിച്ചു.
Content Highlights: Air India reported a loss of $2.8 billion for the financial year 2025–26, making it the airline’s biggest annual loss since it came under the Tata Group in 2022. The figure was shared by Singapore Airlines in its annual financial statements released on Thursday.