പഞ്ചസാര വില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ കടുത്ത നടപടി; കയറ്റുമതിക്ക് പൂര്‍ണ വിലക്ക്

തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും രാജ്യത്തെ പഞ്ചസാര ഉല്‍പാദനം ആഭ്യന്തര ആവശ്യത്തിന് താഴെയായിരിക്കുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്

രാജ്യത്ത് പഞ്ചസാര ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ പഞ്ചസാര കയറ്റുമതി നിരോധിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ ഉത്തരവിലാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. റോ ഷുഗര്‍ (അസംസ്‌കൃത പഞ്ചസാര), വൈറ്റ് ഷുഗര്‍, റിഫൈന്‍ഡ് ഷുഗര്‍ (ശുദ്ധീകരിച്ച പഞ്ചസാര) എന്നിവയുടെ കയറ്റുമതി സെപ്റ്റംബര്‍ 30 വരെയാണ് നിരോധിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെതുടര്‍ന്ന് രാജ്യത്തുണ്ടായ ഊര്‍ജപ്രതിസന്ധിയും അതിനൊപ്പം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പം എന്നിവ നിയന്ത്രിക്കാന്‍ നിരവധി നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് വഴി ആഭ്യന്തര വിപണിയില്‍ വിതരണം ഉറപ്പാക്കാന്‍ കഴിയുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉല്‍പാദകരില്‍ ഒന്നായ ഇന്ത്യ, ബ്രസീലിന് ശേഷം പ്രധാന കയറ്റുമതിക്കാരാണ്. എന്നാല്‍ തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷവും രാജ്യത്തെ പഞ്ചസാര ഉല്‍പാദനം ആഭ്യന്തര ആവശ്യത്തിന് താഴെയായിരിക്കുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കടുത്ത നടപടിയിലേക്ക് നയിച്ചത്. കരിമ്പ് ഉല്‍പാദക സംസ്ഥാനങ്ങളിലെ കുറഞ്ഞ വിളവും കാലാവസ്ഥാ പ്രതിസന്ധികളും ആശങ്കയാകുന്നു.

ഈ വര്‍ഷം മണ്‍സൂണ്‍ ദുര്‍ബലമാകാമെന്നാണ് പ്രവചനം. മഴ കുറഞ്ഞാല്‍ കരിമ്പ് ഉല്‍പാദനം കുറയുകയും പഞ്ചസാര ക്ഷാമത്തിനും വിലവര്‍ധനക്കു കാരണമാകുകയും ചെയ്യും. നേരത്തെ അമിത ഉല്‍പാദനം പ്രതീക്ഷിച്ച് ഇന്ത്യ 15.9 ലക്ഷം മെട്രിക് ടണ്‍ പഞ്ചസാര കയറ്റുമതിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഉല്‍പാദനം കുറഞ്ഞതോടെ നിലപാട് മാറ്റുകയായിരുന്നു. 6 ലക്ഷത്തിലധികം ടണ്‍ പഞ്ചസാര ഇതിനകം കയറ്റുമതി ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

കയറ്റുമതിക്ക് ചില പ്രത്യേക ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയ്ക്കുള്ള പ്രത്യേക ക്വോട്ട പ്രകാരമുള്ള കയറ്റുമതികള്‍ക്ക് നിരോധനം ബാധകമല്ല. കൂടാതെ മറ്റു രാജ്യങ്ങളുമായുള്ള ഭക്ഷ്യസുരക്ഷാ കരാറുകള്‍, അഡ്വാന്‍സ് ഓതറൈസേഷന്‍ പദ്ധതിയിലുള്ള കയറ്റുമതികള്‍, ഇതിനകം തുറമുഖങ്ങളില്‍ ലോഡിങ് ആരംഭിച്ച ചരക്കുകള്‍ എന്നിവയ്ക്കും ഇളവുണ്ട്.

ഇന്ത്യയുടെതീരുമാനത്തിന് പിന്നാലെ ന്യൂയോര്‍ക്ക് റോ ഷുഗര്‍ ഫ്യൂച്ചേഴ്‌സ് വില 2 ശതമാനത്തിലേറെയും ലണ്ടന്‍ വൈറ്റ് ഷുഗര്‍ ഫ്യൂച്ചേഴ്‌സ് 3 ശതമാനത്തിലേറെയും ഉയര്‍ന്നു. ഇന്ത്യയുടെ കയറ്റുമതി നിലച്ചതോടെ ബ്രസീല്‍, തായ്ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വിപണി അവസരങ്ങള്‍ ലഭിക്കാമെന്നാണ് വിലയിരുത്തല്‍.

ആഭ്യന്തര വിപണിയില്‍ പഞ്ചസാര വില നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കിലും, ഈ തീരുമാനം പഞ്ചസാര മില്ലുകള്‍ക്കും കയറ്റുമതി വ്യാപാരികള്‍ക്കും തിരിച്ചടിയാകാമെന്ന് വ്യവസായ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: India has banned the export of sugar with immediate effect until September 30 (or until further orders), the government said on Wednesday. The move to tighten overseas shipments comes amid domestic supply considerations. The order, issued by the Directorate General of Foreign Trade under the Ministry of Commerce and Industry, specifies that the ban applies to raw, white and refined sugar.

To advertise here,contact us