സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള ആദായം ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ബാങ്കുകളേക്കാൾ മികച്ച ലാഭം നൽകി ശ്രദ്ധേയമാകുകയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (TD) പദ്ധതികൾ മുന്നേറുന്നു. അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപങ്ങൾക്ക് പ്രമുഖ പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന പലിശ നിരക്കാണ് നിലവിൽ തപാൽ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത്. അതായത് നിങ്ങളുടെ കൈവശം ഒരു 2 ലക്ഷം രൂപയെങ്കില്‍ അത് അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാൾക്ക് ബാങ്കുകളെ അപേക്ഷിച്ച് പോസ്റ്റ് ഓഫീസിൽ നിന്ന് വലിയ ലാഭം കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുമെന്നതാണ് നിലവിലെ സാഹചര്യം.
നിലവിൽ അഞ്ച് വർഷത്തെ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന് 7.5 ശതമാനം വാർഷിക പലിശ ലഭിക്കുമ്പോൾ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (6.05%), ബാങ്ക് ഓഫ് ബറോഡ (6.30%), കാനറ ബാങ്ക് (6.25%) തുടങ്ങിയ പ്രമുഖ ബാങ്കുകൾ 6 മുതൽ 6.30 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ് പൊതുവിഭാഗത്തിന് നൽകുന്നത്. ഈ കണക്കുകൾ പ്രകാരം 2 ലക്ഷം രൂപ പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചാൽ അഞ്ച് വർഷം കൊണ്ട് ഏകദേശം 89,990 രൂപ പലിശയായും ആകെ 2,89,990 രൂപ കാലാവധി പൂർത്തിയാകുമ്പോഴും ലഭിക്കും.
എന്നാൽ ബാങ്കുകളിൽ പലിശ ഇനത്തിൽ ലഭിക്കുന്ന തുക ഏകദേശം 70,000 രൂപയിൽ താഴെയായിരിക്കും. അതായത് ഏകദേശം 20000ത്തോളം ലാഭം. കൂടാതെ, പഴയ നികുതി വ്യവസ്ഥ തിരഞ്ഞെടുക്കുന്നവർക്ക് 5 വർഷത്തെ തപാൽ നിക്ഷേപങ്ങൾക്ക് ആദായനികുതി ആനുകൂല്യങ്ങളും ലഭ്യമാണ്.
സുരക്ഷിതത്വത്തിന്റെ കാര്യത്തിലും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഏറെ മുൻപിലാണ്. കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ഗ്യാരണ്ടി ഉള്ളതിനാൽ നിക്ഷേപ തുകയ്ക്കും പലിശയ്ക്കും പൂർണ്ണ സുരക്ഷയുണ്ട്.
ബാങ്ക് നിക്ഷേപങ്ങൾക്ക് ഡി.ഐ.സി.ജി.സി (DICGC) ഇൻഷുറൻസ് പ്രകാരം 5 ലക്ഷം രൂപ വരെ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത്. എന്നാൽ നിക്ഷേപകർ പണം പിൻവലിക്കുന്നതിലെ നിയമങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പോസ്റ്റ് ഓഫീസിലെ 5 വർഷത്തെ ടൈം ഡെപ്പോസിറ്റ് നിക്ഷേപം ആരംഭിച്ച് നാല് വർഷം തികയാതെ ക്ലോസ് ചെയ്യാൻ സാധിക്കില്ല. കാലാവധിക്ക് മുൻപ് പിൻവലിക്കുകയാണെങ്കിൽ സേവിങ്സ് അക്കൗണ്ടിന് തുല്യമായ പലിശ നിരക്ക് മാത്രമാണ് ലഭിക്കുക.
നികുതി സംബന്ധമായ കാര്യങ്ങളിലും നിക്ഷേപകർ ജാഗ്രത പാലിക്കണം. ഒരു വർഷം ലഭിക്കുന്ന ആകെ പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ 10 ശതമാനം ടി.ഡി.എസ് (TDS) ഈടാക്കും. പാൻ കാർഡ് ഇല്ലാത്തവർക്ക് ഇത് 20 ശതമാനമായിരിക്കും. ഓരോ പാദത്തിലും സർക്കാർ പോസ്റ്റ് ഓഫീസ് പലിശ നിരക്കുകൾ പുനപരിശോധിക്കുമ്പോൾ, ബാങ്കുകൾ വിപണി സാഹചര്യത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും പലിശ നിരക്കുകളിൽ മാറ്റം വരുത്തിയേക്കാം. ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ, ഉപഭോക്തൃ സേവനം, പണം പെട്ടെന്ന് പിൻവലിക്കാനുള്ള സൗകര്യം എന്നിവ കൂടി പരിഗണിച്ചു വേണം നിക്ഷേപകർ ബാങ്കും പോസ്റ്റ് ഓഫീസും തമ്മിലുള്ള അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ.
Content Highlights: Investing ₹2 lakh in a Post Office Time Deposit can generate close to ₹20,000 in returns depending on the tenure and prevailing interest rate. As a government-backed savings option, it is often considered a safer alternative to many bank fixed deposits and may offer more attractive returns for conservative investors.