വിദേശത്തു പോകുന്നവർ ഒരു സ്വർണ മാല വാങ്ങി കഴുത്തിലിട്ടാൽ ടിക്കറ്റ് ചാർജ് മുതലാക്കാം

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയതോടെ കള്ളക്കടത്ത് കൂടും, പാരലൽ ഇക്കോണമി വളരുമെന്ന് മലബാർ ​ഗോൾഡ് ചെയർമാൻ എം പി അഹമ്മദ്

1 min read|13 May 2026, 11:40 am

ദുബായിൽ പോയി മടങ്ങുന്നവർ ഇനി മുതൽ 2 പവന്റെ മാല വാങ്ങി കഴുത്തിലണിഞ്ഞു വരുന്ന കാലമായിരിക്കും മുന്നിലുള്ളതെന്ന് മലബാർ ​ഗോൾഡ് ആൻഡ് ഡയമൺഡ്‌സ് ചെയർമാൻ എം പി അഹമ്മദ്. ഇന്ന് പുലർച്ചെ കേന്ദ്ര സർക്കാർ കൈകൊണ്ട അസാധാരണ നടപടി രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ

സ്വർണത്തിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ കടുത്ത നടപടി സ്വീകരിക്കുന്നതെന്തു കൊണ്ടാണ്?

ഇന്ന് പുലർച്ചെ ഒന്നര മണിക്ക് കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായും സെസ് 1 ശതമാനത്തിൽ നിന്ന് 5 ശതമാനമായും ഉയർത്തി. മൊത്തം 15 ശതമാനം വർധനവ്. രൂപയുടെ മൂല്യത്തകർച്ച തടയാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമുള്ള നടപടികളുടെ ഭാ​ഗമായി സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സർക്കാർ പുതിയ തീരുമാനം കൈകൊണ്ടത്. ഈ വർഷം തുടക്കം മുതൽ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ പ്രധാനമന്ത്രി മോദി ജനങ്ങളോട് കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു. എണ്ണവില വർദ്ധനവിനൊപ്പം സ്വർണ്ണ ഇറക്കുമതിയും കൂടുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വർദ്ധിപ്പിക്കുന്നതിനാലാണ് ഈ നടപടിയെന്നു കണക്കാക്കാമെങ്കിലും ഇത് രാജ്യത്ത് പാരലൽ ഇക്കോണമി ശക്തമാകുന്നതിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്.

ഇതിനൊരു പരിഹാരമെന്താണ്? സാധാരണക്കാരെയും ജ്വല്ലറി ഉടമകളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കില്ലേ?

വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഇന്ത്യൻ ആഭരണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ലക്ഷക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്നും ആശങ്കയുണ്ട്. ഇന്ത്യയിൽ സ്വർണാഭരണം ഉണ്ടാക്കി വിൽക്കുന്നതുമായി ബന്ധപ്പെട്ട് 3.5 കോടി പേരാണുള്ളത്. ഇവരെല്ലാം പ്രതിസന്ധിയിലാകും. ആഭരണക്കയറ്റുമതിയെയും ബാധിക്കും.

സമ്പദ്‌വ്യവസ്ഥയെ തീരുവ കൂട്ടിയ തീരുമാനം എങ്ങനെ ബാധിക്കും?

തീരുവ കൂട്ടിയത് പെട്ടെന്ന് നോക്കിയാൽ നല്ല തീരുമാനമെന്ന് കരുതാമെങ്കിലും കള്ളക്കടത്ത് കുത്തനെ കൂടാൻ ഇത് ഇടയാക്കുമെന്നതിൽ തർക്കമില്ല. ബ്ലാക് മണി, മനുഷ്യക്കടത്ത്, ആയുധക്കടത്ത് തുടങ്ങിയ പ്രവർത്തനങ്ങളുടെയെല്ലാം കറൻസി എന്നു പറയുന്നത് സ്വർണമാണ്. അതുകൊണ്ട്‌ തന്നെ ഇതെല്ലാം കൂടും. സ്വർണ്ണ ഇറക്കുമതി നിയന്ത്രണങ്ങൾ കർശനമാക്കുന്നത് ഇന്ത്യയിൽ സമാന്തരമായ ഒരു അനധികൃത വിപണി വളരാൻ പ്രധാന കാരണമാകാറുണ്ട്.

ഇന്ത്യൻ വീടുകളിൽ 50,000 ടൺ സ്വർണം ഇരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് പുറത്തേക്ക് കൊണ്ടുവന്ന് റീസൈക്കിൾ ചെയ്യുന്നത് വലിയൊരളവിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകമാകും. പക്ഷേ ഇതിനിടയിൽ ഉറവിടം തപ്പുന്നതും, നികുതി പിടിക്കുന്നതും ഒക്കെ ഇളവ് ചെയ്യേണ്ടിവരും. ഇക്കാര്യത്തിൽ രാജ്യത്തെ ജ്വല്ലറി മേഖലയൊന്നാകെ ധനമന്ത്രി നിർമല സീതാരാമനും, വാണിജ്യ മന്ത്രി പീയൂഷ് ​ഗോയലിനുമൊക്കെ നിവേദനങ്ങൾ നൽകിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ താമസിയാതെ തീരുമാനമെടുത്തില്ലെങ്കിൽ ചെറുകിടക്കാരെ ബാധിക്കും. ഇന്ത്യയുടെ കടലും കരഭാ​ഗങ്ങളുമൊക്കെ വഴി കള്ളക്കടത്ത് സു​ഗമമായി മുന്നേറും. ഉപഭോക്താക്കളിലേറെയും ഇപ്പോൾ വിദേശ യാത്ര ചെയ്യുന്നവരാണ് അവർ പോകുന്ന രാജ്യത്ത് നിന്ന് രണ്ടു പവന്റെ മാല വാങ്ങി കഴുത്തിലിട്ടാൽ ടിക്കറ്റ് ചാർജ് മുതലാക്കാനാകുമെന്നതാണ് അവസ്ഥ.

content Highlight : Malabar Gold & Diamonds Chairman M P Ahammed warns that the Centre’s sharp increase in gold import duty could have long-term economic consequences

To advertise here,contact us