.
യുദ്ധം ആയിരക്കണക്കിന് കിലോമീറ്റർ അകലെ പശ്ചിമേഷ്യയിലല്ലേ എന്നായിരുന്നു തുടക്കത്തിൽ നമ്മുടെ ചിന്ത. പക്ഷേ യുദ്ധത്തിന്റെ തീയും ചൂടും ഇപ്പോൾ കേരളത്തിലെ അടുക്കളയിലും, പെട്രോൾ പമ്പുകളിലും, കർഷകന്റെ വയലിലും എത്തി കഴിഞ്ഞു. ഹോർമുസ് കടലിടുക്കിൽ രൂപപ്പെട്ട കപ്പൽ പ്രതിസന്ധി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കുന്ന സാമ്പത്തിക അടിയന്തരാവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ്.
ആഗോള വ്യാപാര അടിയന്തരാവസ്ഥ
ഇന്ത്യയിലേക്ക് വരേണ്ട 42 ചരക്കുകപ്പലുകൾ ഇപ്പോഴും പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുകയാണ്. അതിൽ എണ്ണയും എൽപിജിയും വളവും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുന്നു. ഈ കപ്പലുകൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാലും ഇൻഷുറൻസ് ചെലവ് കുത്തനെ ഉയർന്നതും കാരണം ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിയാത്ത അവസ്ഥയാണ്. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് പ്രതിമാസം ഏകദേശം 3,000 കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോയിരുന്നു. എന്നാൽ ഏപ്രിലിൽ വെറും 191 കപ്പലുകൾ മാത്രമാണ് കടലിടുക്ക് കടന്നത് എന്ന് കണക്കുകൾ കാണിക്കുന്നു. സൈനിക സംഘർഷമായി തുടങ്ങിയ സംഭവം ഇപ്പോൾ ആഗോള വ്യാപാര അടിയന്തരാവസ്ഥയായി മാറിയിരിക്കുകയാണ്. അതിന്റെ ആഘാതം ഇന്ത്യ പൂർണമായി തിരിച്ചറിയാൻ ഇപ്പോഴാണ് തുടങ്ങുന്നത്.
ആദ്യം അടിയേറ്റത് ഇന്ധനത്തിന്
ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ പകുതിയിലേറെയും പശ്ചിമേഷ്യയിൽ നിന്നാണ് എത്തുന്നത്. ഹോർമുസ് വഴിയുള്ള ഗതാഗതം തകരാറിലായതോടെ അന്താരാഷ്ട്ര എണ്ണവില കുതിച്ചുയർന്നു. അതിന്റെ ആദ്യ ആഘാതം ഇന്ത്യയിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വിലകളിൽ പ്രതിഫലിക്കാനാണ് സാധ്യത.
ഇന്ധനവില ഉയർന്നാൽ അത് സ്വന്തം വാഹനച്ചെലവിൽ മാത്രം ഒതുങ്ങില്ല. ചരക്കുലോറി ചെലവ് ഉയരും. പച്ചക്കറി മുതൽ മത്സ്യം വരെ എല്ലാത്തിനും വില വർധിച്ചു തുടങ്ങിയിട്ടുണ്ട്. കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളിൽ ഇത് കുടുംബ ബജറ്റിറ്റിന്റെ താളം തെറ്റിച്ച് തുടങ്ങിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന്റെയും വിറകിന്റെയും വില ഉയർന്നതിനെത്തുടർന്ന് ഹോട്ടലുകൾ ചായയുടെ വില ഉയർത്തിയതുതന്നെ ഉദാഹരണം.
വളം കിട്ടാനില്ല; കർഷകർ ആശങ്കയിൽ
ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പശ്ചിമേഷ്യയിൽ നിന്നുള്ള വളക്കപ്പലുകൾ തടസ്സപ്പെട്ടതോടെ അടുത്ത സീസണുമുമ്പ് വളക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.
കേരളത്തിലെ നെൽകർഷകരും പച്ചക്കറി കർഷകരും ഇതിനകം തന്നെ ഉയർന്ന ചെലവും കുറഞ്ഞ വരുമാനവും നേരിടുകയാണ്. വളവില ഉയരുകയോ ലഭ്യത കുറയുകയോ ചെയ്താൽ കൃഷിച്ചെലവ് വീണ്ടും കൂടും. അതിന്റെ പ്രതിഫലവും ഭക്ഷ്യവിലക്കയറ്റമായിരിക്കും.
ഗൾഫ് വിപണി തകർന്നാൽ കേരളത്തിനും തിരിച്ചടി
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗൾഫ് മേഖല എന്നും നിർണായകമാണ്. ഇന്ത്യയുടെ ബാസ്മതി അരി, മസാല, ഭക്ഷ്യ ഉൽപ്പന്നങ്ങൾ എന്നിവയുടെ വലിയ വിപണിയാണ് പശ്ചിമേഷ്യ. ഇപ്പോൾ തുറമുഖ പ്രവർത്തനങ്ങൾ താറുമാറായതോടെ കയറ്റുമതി കമ്പനികൾക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്.
ഗൾഫിലേക്ക് ചരക്ക് അയക്കുന്ന കേരളത്തിലെ ചെറുകിട വ്യാപാരികളും ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതിക്കാരും ഓർഡറുകൾ ക്യാന്സല് സാഹചര്യം നേരിടുന്നു. കടൽഗതാഗത ചെലവ് മൂന്നിരട്ടിയിലേറെയായി ഉയർന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. അതിനൊപ്പം, വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ സാമ്പത്തിക അനിശ്ചിതത്വവും വർധിക്കുകയാണ്. എണ്ണവില കുതിച്ചുയരുമ്പോൾ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നീക്കങ്ങൾ മാറിമറിയാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നു. പ്രവാസികൾ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങി വരുന്ന സ്ഥിതി വിശേഷവും ഉടലെടുക്കുന്നുണ്ട്.
വിമാന ടിക്കറ്റുകൾക്കും വിദേശ യാത്രകൾക്കും ആഘാതം
പശ്ചിമേഷ്യൻ വ്യോമമേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം നിരവധി വിമാനങ്ങൾ ദൈർഘ്യമേറിയ റൂട്ടുകളില് പോകേണ്ടി വരുന്നുണ്ട്. ഇതോടെ ഇന്ധനച്ചെലവും യാത്രാസമയവും കൂടുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന മലയാളി പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ വൻ വർധനവാണ് അനുഭവപ്പെടുന്നത്.
Content Highlight :The Hormuz Strait shipping crisis is beginning to directly affect household expenses, fuel prices and agriculture in Kerala and across India.