സ്വർണവും വെള്ളിയും വിലകൂടും; ഇറക്കുമതി തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ

ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വർധിപ്പിച്ച് ഉത്തരവ് വന്നത്

സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വർധിപ്പിച്ച് കേന്ദ്രസർക്കാർ. ആറ് ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് വർധിപ്പിച്ചത്. 10 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയും 5 ശതമാനം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസുമാണ് ചുമത്തിയത്. ഇറക്കുമതി തീരുവ വർധിപ്പിച്ചതോടെ സ്വർണം, വെള്ളി എന്നിവയ്ക്ക് വില കൂടിയേക്കും.

സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ ആഭരണ നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കൾക്കും തീരുവ ബാധകമായിരിക്കും. ഹുക്കുകൾ, ക്ളാസ്‌പുകൾ, പിൻ, സ്ക്രൂ ബാക്കുകൾ എന്നിവയ്‌ക്കെല്ലാമാണ് തീരുവ ഉയർന്നിട്ടുള്ളത്. റീസൈക്ലിങിനായി കൊണ്ടുവരുന്ന ലോഹ അവശിഷ്ടങ്ങൾക്കും വർധിപ്പിച്ച തീരുവ ബാധകമാണ്. ഇതോടെ ജ്വല്ലറി നിർമാതാക്കളുടെയും റിഫൈനറിമാരുടെയും ചിലവ് വർധിക്കും.

ഇന്ന് തൊട്ട് ഉയർന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ പ്ലാറ്റിനം, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങളുമായി ബന്ധപ്പെട്ട വ്യാവസായിക ഇറക്കുമതികൾ എന്നിവയ്ക്ക് ഉയർന്ന ലെവി ബാധകമാണ്.

ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇറക്കുമതി തീരുവ വർധിപ്പിച്ച് ഉത്തരവ് വന്നത്. അടുത്ത ഒരു വർഷത്തേക്ക് അത്യാവശ്യമില്ലാത്ത സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർഥിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന അനിശ്ചിതാവസ്ഥകളും രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരവും കണക്കിലെടുത്തായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.

രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണം, പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകളും മറ്റ് പൊതുഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണം. കാർ പൂളിങ് പ്രോത്സാഹിപ്പിക്കണം, ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണം എന്നിങ്ങനെയായിരുന്നു മോദിയുടെ നിർദേശങ്ങൾ. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും 'വർക്ക് ഫ്രം ഹോം' സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾക്കായി തദ്ദേശീയമായി നിർമിച്ച ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകാനും ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം നിർദേശിച്ചിരുന്നു.

കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാൻ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചിരുന്നു.

Content Highlights: India has increased import duty on gold and silver from 6% to 15%, including basic customs duty and agricultural infrastructure cess. The move is expected to push up gold and silver prices in the domestic market.

To advertise here,contact us