വില്ലനായി എണ്ണവില; ഇന്ത്യയ്ക്ക് മുന്നില്‍ വന്‍ വെല്ലുവിളി: വളർച്ചയെ ബാധിച്ചേക്കാമെന്ന് ബിഎംഐ റിപ്പോർട്ട്

കഴിഞ്ഞ വർഷം നടപ്പിലാക്കിയ ജിഎസ്ടി, നികുതി പരിഷ്‌കാരങ്ങൾ പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ ഭാഗികമായി നികത്തുമെന്നും ബിഎംഐ പറഞ്ഞു

ആഗോള ക്രൂഡ് ഓയിൽ വിലവർദ്ധനവ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചക്കാമെന്ന് റിപ്പോർട്ട്. ഗവേഷണ സ്ഥാപനമായ ബിഎംഐ ആണ് ഇത്തരത്തിൽ പഠനം നടത്തി റിപ്പോർട്ട് ചെയ്തത്. നിലവിലെ സാമ്പത്തിക പാദത്തിൽ കരുതപ്പെട്ട 7.7 ശതമാനത്തിൽ നിന്ന് നിന്ന് വളർച്ച 6.7 ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട്.

ഇറാൻ യുഎസ് യുദ്ധത്തിന്റെ ഭാഗമായി ഉണ്ടായ എണ്ണ വിലവർധനവ് രാജ്യത്തെ ബാധിക്കും എന്നാണ് ബിഎംഐയുടെ പഠനം സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ ഒരു ഭീഷണി നിലനിൽക്കുന്നതിനാൽ പ്രതിരോധ മേഖലയിലെ ചിലവഴിക്കൽ, ഇന്ധന വില സ്ഥിരതയ്ക്കുമുള്ള ചെലവ് എന്നിവ ഇന്ത്യ സന്തുലിതമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ ജിഎസ്ടി, നികുതി പരിഷ്‌കാരങ്ങൾ പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങളെ ഭാഗികമായി നികത്തുമെന്നും ബിഎംഐ പറഞ്ഞു.

യുദ്ധത്തിനിടയിലെ വർധിച്ചുവരുന്ന അനിശ്ചിതത്വവും ഉയർന്ന ഇൻപുട്ട് വിലകളും നിക്ഷേപത്തെ ബാധിച്ചതിനാൽ, അയഞ്ഞ പണനയം മൂലധന ചെലവുകളെ പിന്തുണയ്ക്കുമെന്നും ബിഎംഐ പറഞ്ഞു. 2026 ജനുവരി-മാർച്ച് പാദത്തിൽ ഇന്ത്യ എട്ട് ശതമാനം വളർച്ച കൈവരിച്ചു എന്നാണ് ബിഎംഐ പറയുന്നത്. 7.8 ആയിരുന്നു നേരത്തെ ബിഎംഐ പറഞ്ഞിരുന്നത്. എന്നാൽ എണ്ണവില വർധനവ് ഇന്ത്യയുടെ ജിഡിപി വളർച്ചയെ ബാധിച്ചേക്കാം എന്നാണ് വിലയിരുത്തൽ. കൂടാതെ യുദ്ധം ഇതിനകം തന്നെ വിതരണമേഖലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതും വളർച്ച കുര്യൻ കാരണമാകും എന്നാണ് റിപ്പോർട്ടുകൾ.

മൺസൂൺ മഴ കുറയുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രഖ്യാപനവും ബിഎംഐ കണക്കിലെടുത്തിട്ടുണ്ട്. മഴ കുറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലവും വളർച്ചയിൽ ഇടിവുണ്ടായേക്കാമെന്ന് ബിഎംഐ കണക്ക് കൂട്ടുന്നുണ്ട്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറായി ഉയർന്നാൽ ജിഡിപി വളർച്ച 0.4% മുതൽ 0.7% വരെ ഇടിയുമെന്നും ബിഎംഐ പറയുന്നു.

അതേസമയം, ആഗോള വിപണിയില്‍ എണ്ണവില ഉയരുമ്പോഴും ഇന്ത്യയില്‍ വിലകൂട്ടാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് പ്രതിദിനം 1,600-1,700 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ 10 ആഴ്ചകള്‍ക്കുള്ളില്‍ ഇവരുടെ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപ പിന്നിട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 50 ശതമാനത്തോളം വര്‍ധിച്ചിട്ടും രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് മാര്‍ച്ചില്‍ സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചെങ്കിലും ഇപ്പോഴും യഥാര്‍ത്ഥ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിതരണം ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വാങ്ങുന്നതിനും സംസ്‌കരിക്കുന്നതിനും വിതരണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതിനും എണ്ണക്കമ്പനികള്‍ ആശ്രയിക്കുന്നത് ഇന്ധന വില്‍പനയില്‍ നിന്നുള്ള വരുമാനത്തെയാണ്.

നിര്‍മാണ ചെലവ് കുത്തനെ ഉയരുകയും വില്‍പന വിലയില്‍ മാറ്റമില്ലാതിരിക്കുകയും ചെയ്യുന്നത് കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ കമ്പനികള്‍ക്ക് ഉടന്‍ തന്നെ കൂടുതല്‍ തുക കടമെടുക്കേണ്ടി വരുമെന്നാണ് വിവരം. ഇത് റിഫൈനറികളിലെ അടിസ്ഥാന സൗകര്യം, പൈപ്പ് ലൈനുകള്‍, ജൈവ ഇന്ധനം, ഹരിത ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയവയിലുള്ള ഭാവി നിക്ഷേപങ്ങളെ ബാധിച്ചേക്കാം.

Content Highlights: BMI report warns that rising global crude oil prices could slow India’s economic growth from the projected 7.7 percent to 6.7 percent in the current financial quarter.

To advertise here,contact us