യുഎസ് തീരുവ മറികടക്കാന്‍ യൂറോപ്യന്‍ വിപണി തേടി ഇന്ത്യ; കടല്‍വിഭവങ്ങളുടെ കയറ്റുമതി കൂട്ടും

ഗുണനിലവാര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും 125ലേറെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് യൂറോപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്

കടല്‍വിഭവങ്ങളുടെ കയറ്റുമതിക്കായി യൂറോപ്യന്‍ വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തുന്നതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ അറിയിച്ചു. ഇന്ത്യന്‍ കടല്‍വിഭവങ്ങള്‍ക്ക് യുഎസ് 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് കയറ്റുമതി മേഖലയെയും മത്സ്യത്തൊഴിലാളികളെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പകരമായി പുതിയ വിപണികള്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യൂറോപ്യന്‍ യൂണിയനുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയത്.

ഗുണനിലവാര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ചില ഇന്ത്യന്‍ ഫിഷറീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഗുണനിലവാര നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും 125ലേറെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് യൂറോപ്പില്‍ പുതിയ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ കടല്‍വിഭവ കയറ്റുമതിയില്‍ 12-14 ശതമാനം വളര്‍ച്ചയുണ്ടായി. യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ഈ നേട്ടത്തിന് വലിയ പങ്കുവഹിച്ചു.

പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം കാണുന്ന രീതിയാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി പിയൂഷ് ഗോയല്‍ വ്യക്തമാക്കി. യുഎസ് തീരുവ മൂലമുണ്ടായ നഷ്ടം കുറയ്ക്കാന്‍ യൂറോപ്യന്‍ വിപണിയിലെ അവസരം സഹായിക്കും. ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിന് വരും വര്‍ഷങ്ങളിലെ വിദേശ വ്യാപാര കരാറുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഉല്‍പാദനം വര്‍ധിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ആഗോള വിപണികളില്‍ മികച്ച സ്ഥാനം ഉറപ്പിക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: India secured new opportunities for seafood exports by negotiating with the European Union. This move helped Indian exporters overcome significant challenges posed by steep US tariffs. The government's proactive approach ensured access to a large and stable market. This strategic action has led to export growth despite global uncertainties.

To advertise here,contact us