സ്വര്‍ണം, വെള്ളി ഇറക്കുമതി തീരുവ കൂട്ടില്ല; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ വിശദീകരണവുമായി കേന്ദ്രം

സ്വര്‍ണം, വെള്ളി ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്

സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കൂട്ടാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വര്‍ണം വാങ്ങരുതെന്ന് ജനങ്ങളോട് നിര്‍ദേശിച്ചതിനു പിന്നാലെ തീരുവ ഉയര്‍ത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയത്. സ്വര്‍ണം, വെള്ളി ഇറക്കുമതിയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അത്യാവശ്യക്കാര്‍ അല്ലാത്തവര്‍ സ്വര്‍ണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്.

സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഡോളര്‍ രാജ്യത്തിനു പുറത്തേക്ക് ഒഴുകുമ്പോള്‍ അത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നു. ഇത് രാജ്യത്ത് പണപ്പെരുപ്പമുയരാനും നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റം അനുഭവപ്പെടാനും കാരണമാകും. പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍, അത് വ്യാപാരക്കമ്മിക്ക് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനായി മുമ്പും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തുക, സോവെറിന്‍ ഗോള്‍ഡ് ബോണ്ട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളാണ് മുമ്പ് സ്വീകരിച്ചിരുന്നത്. എണ്ണവില ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുത്തനെ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്.

ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ വില ഏതാനും ആഴ്ചകള്‍ക്കിടെ ബാരലിന് 70 ഡോളറില്‍നിന്ന് 126 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടാതെ, ഉപയോഗം നിയന്ത്രിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ അത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും. സ്വര്‍ണം വാങ്ങുന്നത് കുറച്ചുപേര്‍ മാത്രം നീട്ടിവെച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. എന്നാല്‍ രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ വിചാരിച്ചാല്‍ വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും.

സ്വര്‍ണത്തിനു പുറമെ, ഇന്ധന ഉപയോഗം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി.

കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Content Highlights: India has no plans to raise duties on gold and silver imports, a government source said on Monday, a day after Prime Minister Narendra Modi urged people to avoid buying gold for a year due to the impact of the Iran war.

To advertise here,contact us