മാസം 81000 രൂപയോ? ശമ്പളത്തിന് പുറമെ കമ്പനി തനിക്ക് വേണ്ടി ചെലവാക്കുന്ന തുക എണ്ണിയെണ്ണി പറഞ്ഞ് യുവാവ്

ഗൗരവ് ധാമ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്

മാസം എത്ര രൂപ ശമ്പളമായി നല്‍കുമെന്ന കാര്യം തങ്ങളുടെ സ്ഥാപനത്തില്‍ ചേരുമ്പോള്‍ തന്നെ കമ്പനികള്‍ ഓരോ ജീവനക്കാരെയും വ്യക്തമായി അറിയിച്ചിട്ടുണ്ടാകും. കൃത്യമായ സമയക്രമത്തില്‍ തന്നെ ആ ശമ്പളം ഓരോ മാസവും ജീവനക്കാരന്‍റെ ബാങ്ക്‌ അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യും. എന്നാൽ ശമ്പളത്തിന് പുറമെ ഓരോ ജീവനക്കാരനും വേണ്ടി ഒരു കമ്പനി എത്ര രൂപ അധികമായി ചെലവാക്കുന്നുണ്ടാകും? ശമ്പളം പോലും കൃത്യമായി കൊടുക്കാത്ത കമ്പനികള്‍ ഉണ്ടാകുമെങ്കിലും മറ്റ് ചില കമ്പനികളാകട്ടെ ശമ്പളത്തിന് പുറമെ വലിയൊരു തുക ജീവനക്കാർക്കായി ചെലവഴിക്കുന്നുണ്ട്.

ഡൽഹിയിൽ താമസിച്ച് ഗുരുഗ്രാമിലെ 'സെഡ്.എസ് അസോസിയേറ്റ്സിൽ' (ZS Associates) ജോലി ചെയ്യുന്ന ഗൗരവ് ധാമ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായി മാറിയിരിക്കുന്നത്. തന്റെ ശമ്പള പാക്കേജിന് പുറമെ കമ്പനി തനിക്ക് നൽകുന്ന സൗകര്യങ്ങൾക്കായി പ്രതിദിനം ഏകദേശം 3,700 രൂപ അധികമായി ചെലവാക്കുന്നുണ്ടെന്നാണ് ഗൗരവ് കണക്കുകൾ നിരത്തി വ്യക്തമാക്കുന്നത്.

ഗൗരവ് പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ പ്രകാരം, മാസം 22 പ്രവൃത്തി ദിവസങ്ങൾ കണക്കാക്കിയാൽ ഏകദേശം 81,400 രൂപയാണ് കമ്പനി അയാൾക്കായി അധികമായി മുടക്കുന്നത്. ഓഫീസിലേക്കുള്ള യാത്ര മുതൽ വൈകുന്നേരം തിരികെ വീട്ടിലെത്തുന്നത് വരെയുള്ള ഓരോ കാര്യങ്ങളും അദ്ദേഹം കൃത്യമായി വിവരിക്കുന്നുണ്ട് ചെയ്തിട്ടുണ്ട്. ഡൽഹിയിൽ നിന്ന് ഗുഡ്ഗാവിലേക്കുള്ള രാവിലത്തെ കാബ് യാത്രയ്ക്ക് 950 രൂപയും, വൈകുന്നേരം തിരക്കുള്ള സമയത്തെ മടക്കയാത്രയ്ക്ക് 1,250 രൂപയുമാണ് കമ്പനി നൽകുന്നത്. ഇത് മാത്രം ദിവസം 2,200 രൂപ വരും.

യാത്രയ്ക്ക് പുറമെ ഓഫീസിൽ നിന്ന് ലഭിക്കുന്ന പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ലഘുഭക്ഷണങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, കോഫി എന്നിവയ്ക്കും വലിയൊരു തുക കമ്പനി ചെലവാക്കുന്നു. ഒരു ദിവസം നാല് തവണ കുടിക്കുന്ന മോക്ക ഫ്രാപ്പെക്ക് മാത്രം 200 രൂപയോളം വരുമെന്നാണ് ഗൗരവ് പറയുന്നത്. ഇതുകൂടാതെ ജിം സൗകര്യം, ടേബിൾ ടെന്നീസ്, പൂൾ തുടങ്ങിയ ഇൻഡോർ ഗെയിമുകൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയ്ക്കും കമ്പനി പണം മുടക്കുന്നുണ്ട്. തമാശരൂപേണ ഓഫീസിലെ ശുദ്ധവായുവിനും കുടിവെള്ളത്തിനും വരെ അദ്ദേഹം കണക്കിൽ ഇടം നൽകിയിട്ടുണ്ട്.

ഗൗരവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. "ഇത്രയും സൗകര്യങ്ങൾ നൽകുന്നതിന് പകരം വർക്ക് ഫ്രം ഹോം (WFH) അനുവദിച്ചിട്ട് ഈ പണം കയ്യിൽ തന്നുകൂടേ" എന്നാണ് ഒരാള്‍ തമാശയായി ചോദിക്കുന്നത്. കോർപ്പറേറ്റ് മേഖലയിലെ സൗകര്യങ്ങളെ കുറിച്ചും ജീവനക്കാരെ നിലനിർത്താൻ കമ്പനികൾ സ്വീകരിക്കുന്ന ഇത്തരം തന്ത്രങ്ങളെ കുറിച്ചുമുള്ള വലിയ ചർച്ചകൾക്കും ഈ വീഡിയോ വഴിവെച്ചിട്ടുണ്ട്.

മിക്ക ജീവനക്കാരും തങ്ങളുടെ ശമ്പളത്തെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോൾ, ഓഫീസിലെ ഓരോ കപ്പ് കാപ്പിക്കും പിന്നിലെ കമ്പനിയുടെ സാമ്പത്തിക നിക്ഷേപം എത്രത്തോളമാണെന്നും ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു. പണത്തേക്കാളുപരി ജീവനക്കാരുടെ ജോലിസ്ഥലത്തെ അനുഭവം മെച്ചപ്പെടുത്താനാണ് വലിയ കമ്പനികൾ ഇത്തരം ആഡംബര സൗകര്യങ്ങൾ ഒരുക്കുന്നത്.

Content Highlights: A young man shared that his company spends ₹81,000 per month on him beyond his take-home salary. The amount includes employer contributions such as provident fund, insurance, bonuses, and other benefits that form part of the total cost to company package.

To advertise here,contact us