ആഗോള വിപണിയില്‍ എണ്ണവില ഉയരുമ്പോഴും ഇന്ത്യയില്‍ വിലകൂട്ടാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വലിയ സാമ്പത്തിക നഷ്ടമാണ് നേരിടുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് പ്രതിദിനം 1,600-1,700 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. കഴിഞ്ഞ 10 ആഴ്ചകള്‍ക്കുള്ളില്‍ ഇവരുടെ ആകെ നഷ്ടം ഒരു ലക്ഷം കോടി രൂപ പിന്നിട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില 50 ശതമാനത്തോളം വര്‍ധിച്ചിട്ടും രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റം വരുത്തിയിട്ടില്ല. ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് മാര്‍ച്ചില്‍ സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചെങ്കിലും ഇപ്പോഴും യഥാര്‍ത്ഥ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വിതരണം ചെയ്യുന്നത്. ക്രൂഡ് ഓയില്‍ വാങ്ങുന്നതിനും സംസ്കരിക്കുന്നതിനും വിതരണ സംവിധാനങ്ങള്‍ നിലനിര്‍ത്തുന്നതിനും എണ്ണക്കമ്പനികള്‍ ആശ്രയിക്കുന്നത് ഇന്ധന വില്പനയില് നിന്നുള്ള വരുമാനത്തെയാണ്.
നിര്‍മാണ ചെലവ് കുത്തനെ ഉയരുകയും വില്പന വിലയില്‍ മാറ്റമില്ലാതിരിക്കുകയും ചെയ്യുന്നത് കമ്പനികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ കമ്പനികള്‍ക്ക് ഉടന്‍ തന്നെ കൂടുതല്‍ തുക കടമെടുക്കേണ്ടി വരുമെന്നാണ് വിവരം. ഇത് റിഫൈനറികളിലെ അടിസ്ഥാന സൗകര്യം, പൈപ്പ് ലൈനുകള്‍, ജൈവ ഇന്ധനം, ഹരിത ഊര്‍ജ്ജ പദ്ധതികള്‍ തുടങ്ങിയവയിലുള്ള ഭാവി നിക്ഷേപങ്ങളെ ബാധിച്ചേക്കാം.
ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാകുന്നുണ്ട്. ജപ്പാന്, യുകെ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളും ഇന്ധനവില ഇതിനകം 30 ശതമാനം വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍, എണ്ണക്കമ്പനികളുടെ ഭാരം കുറയ്ക്കുന്നതിനായി ഇന്ത്യക്കും നിയന്ത്രിത രീതിയിലുള്ള വില വര്‍ധന പരിഗണിക്കേണ്ടി വരും. ഇതിനായുള്ള സമ്മര്‍ദം ശക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights:India’s state-owned oil companies have absorbed over Rs 1 lakh crore in losses over the last 10 weeks to shield consumers from rising global fuel prices. With daily under-recoveries touching Rs 1,600-1,700 crore, pressure is mounting on the government and oil firms, making a fuel price hike increasingly likely.