ബാങ്കുകള്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ നികുതിയിളവ് പുനഃസ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ചുവരുന്നതായി ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജൂവലേഴ്സ് അസോസിയേഷന് (ഐബിജെഎ) അറിയിച്ചു. വൈകാതെ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്ന് ഐബിജെഎ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത അറിയിച്ചു. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് അനുമതിയുള്ള ബാങ്കുകള്‍ ഇറക്കുമതിയുമായി മുന്നോട്ടുപോകുകയാണ്. സര്‍ക്കാരിന്റെ ഭേദഗതിക്കു കാത്തുനില്‍ക്കാതെ ബുധനാഴ്ച മൂന്നുശതമാനം സംയോജിത ജിഎസ്ടി നല്കി ഇറക്കുമതി നടത്തി. രാജ്യത്തെ സ്വര്‍ണ ലഭ്യതയില്‍ തടസ്സമുണ്ടാകാതിരിക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്കുള്ള ശുദ്ധീകരിച്ച സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ ഭൂരിഭാഗവും ബാങ്കുകള്‍ വഴിയാണ് നടക്കുന്നത്. 2017ല്‍ ജിഎസ്ടി നടപ്പാക്കിയതുമുതല്‍ ബാങ്കുകള്‍ ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തെ ഐജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, അടുത്തിടെ ഔദ്യോഗിക ഉത്തരവിന്റെ അഭാവത്തില്‍ കസ്റ്റംസ് വകുപ്പ് മൂന്നുശതമാനം സംയോജിത ജിഎസ്ടി ഈടാക്കാന്‍ തുടങ്ങി. ഇതോടെ ഇറക്കുമതി തടസ്സപ്പെട്ടു. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സംയോജിത ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും വാണിജ്യമന്ത്രാലയം ഇതിനായി നടപടികളുമായി മുന്നോട്ടുപോകുകയാ ണെന്നും സുരേന്ദ്ര മേത്ത പറഞ്ഞു.
ബാങ്കുകള്‍ സ്വര്‍ണം ഇറക്കുമതി നിര്‍ത്തിവെച്ചത് ചെറുകിട ജൂവലറിക്കാരെയാണ് കൂടുതലായി ബാധിച്ചത്. സംയോജിത നികുതി വന്നതോടെ പത്തുഗ്രാമിന് 1,200 രൂപയുടെ വരെ അധികച്ചെലവുണ്ടാക്കിയതെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, ഏപ്രിലില്‍ 35 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. 2025-26 സാമ്പത്തി കവര്‍ഷം മാസം ശരാശരി 60 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തിട്ടുണ്ട് എന്നാണ് കണക്ക്.
Content Highlights: The government is likely to restore the gold import tax exemption available to banks after a recent issue related to Integrated Goods and Services Tax (IGST) disrupted shipments of the precious metal, according to a report by The Economic Times.