'മദേഴ്സ് ഡേ' അമ്മയുടെ സ്നേഹവും ത്യാഗവും ഓർക്കാനുള്ള ദിവസമെന്നതിലുപരി, അവരുടെ സാമ്പത്തിക സുരക്ഷയെ കുറിച്ച് ചിന്തിക്കാനുള്ള മികച്ച അവസരം കൂടിയാണ്. വർഷങ്ങളായി കുടുംബത്തിനായി ചെലവുകൾ നിയന്ത്രിച്ച്, ചെറിയ വരുമാനത്തിൽ പോലും വീടിനെ മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഭൂരിഭാഗം അമ്മമാർ. എന്നാലിങ്ങനെ കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന പലർക്കും സ്വന്തം പേരിൽ ആസ്തിയോ സാമ്പത്തിക സുരക്ഷയോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. ഇന്ന് ആ സാഹചര്യത്തിൽ മാറ്റം വരുന്നുണ്ട്. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കാതെ രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റം പൂർണമാകില്ലെന്ന ബോധ്യവും സമൂഹത്തിൽ ശക്തമാകുന്നു. പ്രത്യേകിച്ച് ഗ്രാമീണ ബാങ്കിംഗ്, സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉയരുന്നത് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിരതക്കും സഹായകരമാണ്.
സ്വപ്നങ്ങൾക്ക് പിന്തുണ നൽകാം
പല അമ്മമാർക്കും വർഷങ്ങളായി മനസിലൊതുക്കിയ ചെറിയ വലിയ ആഗ്രഹങ്ങൾ ഉണ്ടാകും. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം വിൽക്കുക, ഒരു ബൂട്ടിക്ക് തുടങ്ങുക, ട്യൂഷൻ സെന്റർ അല്ലെങ്കിൽ ഡേകെയർ ആരംഭിക്കുക തുടങ്ങിയ സംരംഭങ്ങൾ അതിൽപ്പെടും. പലപ്പോഴും ആശയത്തിന്റെ അഭാവമല്ല, മറിച്ച് സമയം, സാമ്പത്തിക സഹായം, ആത്മവിശ്വാസം എന്നിവയുടെ കുറവാണ് അവരെ പിന്നോട്ടടിക്കുന്നത്.
ഇന്ന് നിരവധി സർക്കാർ പദ്ധതികളും ചെറുകിട ബിസിനസ് വായ്പകളും സ്ത്രീകള്ക്ക് ലഭ്യമാണ്. പ്രത്യേകിച്ച് ആദ്യമായി സംരംഭം തുടങ്ങുന്നവർക്കായി ഈടില്ലാത്ത വായ്പകളും പരിശീലന പദ്ധതികളും ലഭ്യമാണ്. പല അമ്മമാർക്കും വേണ്ടത് ഒരു പിന്തുണയും മാർഗനിർദേശവുമാണ്. ഒരു ചെറിയ സഹായം അവരുടെ സ്വപ്നത്തെ സ്ഥിരമായ വരുമാനമാക്കി മാറ്റാൻ കഴിഞ്ഞേക്കാം.
അമ്മയുടെ പേരിൽ ഒരു ആസ്തി
സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവെയ്പ്പുകളിൽ പ്രധാനപ്പെട്ടതാണ് സ്വന്തം പേരിൽ ഒരു ആസ്തി. വീട്, ഭൂമി, അല്ലെങ്കിൽ ചെറിയ ഒരു പ്ലോട്ട് പോലും സ്ത്രീകൾക്ക് ആത്മവിശ്വാസവും സുരക്ഷയും നൽകുന്നു. പല സംസ്ഥാനങ്ങളിലും സ്ത്രീകളുടെ പേരിൽ രജിസ്ട്രേഷൻ നടത്തുമ്പോൾ സ്റ്റാമ്പ് ഡ്യൂട്ടിയിൽ ഇളവും ഭവനവായ്പയിൽ കുറഞ്ഞ പലിശനിരക്കും ലഭിക്കും.
ഭൂമി എന്നത് കാലക്രമേണ മൂല്യം വർധിക്കുന്ന, തലമുറകളിലേക്ക് കൈമാറാവുന്ന ഒരു നിക്ഷേപമായി ഇന്ത്യയിൽ ഇന്നും വിലമതിക്കപ്പെടുന്നു. സാമ്പത്തിക സുരക്ഷയ്ക്കൊപ്പം അത് മാനസികമായൊരു ആത്മവിശ്വാസവും നൽകുന്നു. “ഇത് എന്റേതാണ്” എന്ന ബോധം സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റം സൃഷ്ടിക്കും.
ആരോഗ്യ ഇൻഷുറൻസ് അത്യാവശ്യമാണ്
പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ് ആരോഗ്യ ഇൻഷുറൻസ്, പ്രത്യേകിച്ച് അമ്മമാർക്ക്. കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കുന്ന അമ്മമാർക്ക് സ്വന്തം ആരോഗ്യത്തിന് വേണ്ടി ചിലവഴിക്കാൻ മടിയുണ്ടാകാറുണ്ട്. എന്നാൽ ചികിത്സാചെലവുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അമ്മയുടെ പരിചരണത്തിനായി നല്ല ഹെൽത്ത് ഇൻഷുറൻസ് പോളിസി നിര്ർബന്ധമായും വേണം. അടിയന്തര ചികിത്സ, ശസ്ത്രക്രിയ, സ്ഥിരമായ ആരോഗ്യപരിശോധനകൾ എന്നിവ സാമ്പത്തിക ബുദ്ധിമുട്ടില്ലാതെ നടത്താൻ ഇത് സഹായിക്കും. പ്രത്യേകിച്ച് 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള അസുഖങ്ങൾക്കുള്ള സാധ്യത വർധിക്കുന്നതിനാൽ ആരോഗ്യപരിരക്ഷ മുൻഗണനയാക്കണം.
സാമ്പത്തിക സുരക്ഷയാണ് ഏറ്റവും വലിയ സമ്മാനം
അമ്മമാർ കുടുംബത്തിനായി ജീവിതം നല്കുമ്പോള്, അവരുടെ ഭാവിക്ക് സുരക്ഷ ഒരുക്കേണ്ടത് കുടുംബത്തിന്റെ ഉത്തരവാദിത്വമാണ്. ചെറിയൊരു നിക്ഷേപം, സ്വന്തം പേരിലൊരു ആസ്തി, ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി, അല്ലെങ്കിൽ ഒരു ചെറിയ ബിസിനസ് തുടങ്ങാനുള്ള പിന്തുണ — ഇതൊക്കെ അമ്മമാർക്ക് നൽകാവുന്ന ഏറ്റവും വിലപ്പെട്ട സമ്മാനങ്ങളാണ്.
Content Highlight : Importance of Financial Security for Women in Mother's Day