അദാനി ഗ്രൂപ്പിലെ മുന്‍നിര കമ്പനിയായ അദാനി എന്റര്‍പ്രൈസസിന്റെ നാലാം പാദത്തിലെ ഫലം പുറത്തു വന്നപ്പോള്‍ കമ്പനി മൊത്ത നഷ്ടമായി രേഖപ്പെടുത്തിയത് 220.7 കോടി രൂപ. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,845 കോടി ലാഭം നേടിയിരുന്ന സ്ഥാനത്താണ് ഈ നഷ്ടം.
എന്നാല്‍ വര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 20.3% ഉയര്‍ന്ന് 32,439.3 കോടിയായി. ലാഭത്തില്‍ ഇടിവുണ്ടായെങ്കിലും വരുമാനത്തില്‍ ശക്തമായ വളര്‍ച്ച കമ്പനി തുടരുന്നുണ്ട്. ഈ വര്‍ഷം കമ്പനി നഷ്ടത്തിലേക്ക് മാറിയതിന്റെ പ്രധാന കാരണം, കഴിഞ്ഞ വര്‍ഷം ലഭിച്ച അസാധാരണ ലാഭമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ വര്‍ഷം നാലാം പാദത്തില്‍ അദാനി വില്‍മറിന്റെ ഓഹരി വില്‍പ്പനയിലൂടെ 3,945.7 കോടി രൂപ ലഭിച്ചിരുന്നു. ഈ ഒറ്റ തവണ ലാഭം ഇത്തവണ ഇല്ലാത്തതിനാല്‍, ഫലങ്ങള്‍ താരതമ്യേന ദുര്‍ബലമായി തോന്നുന്നുവെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ, ചെലവുകള്‍ വരുമാനത്തേക്കാള്‍ വേഗത്തില്‍ 23.5% ഉയര്‍ന്ന് 32,458.3 കോടിയായി. ഇതും ലാഭം കുറയാന്‍ കാരണമായി. എങ്കിലും, പ്രവര്‍ത്തന കാര്യക്ഷമതയില്‍ കമ്പനി സ്ഥിരത പുലര്‍ത്തി.
എബിറ്റ്ഡ അഥവാ പലിശയ്ക്ക് മുമ്പുള്ള കമ്പനിയുടെ വരുമാനം, നികുതി, മൂല്യത്തകര്‍ച്ച, അമോര്‍ട്ടൈസേഷന്‍ എന്നിവ 3% വര്‍ധിച്ച് 4,479 കോടി രൂപയായി. ഈ പാദത്തില്‍ ആകെ വരുമാനം 20% ഉയര്‍ന്ന് 33,187 കോടി രൂപയാണ് രേഖപ്പെടുത്തിയത്. നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ആരംഭിച്ചതും കച്ച് കോപ്പര്‍ പ്ലാന്റ് പ്രൊജക്ടും ഈ പാദഫലങ്ങളെ ബാധിച്ചു.
അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് അദാനി എന്റര്‍പ്രൈസസ്. പുതിയതും വലിയ നിക്ഷേപം ആവശ്യമായ ബിസിനസുകള്‍ ആരംഭിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണിത്.
സോളാര്‍ സെല്‍ & മോഡ്യൂള്‍ നിര്‍മ്മാണം, ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദനം, ഖനന സേവനങ്ങള്‍ തുടങ്ങിയ വിവിധ പ്രൊജക്ടുകള്‍ അദാനി എന്റര്‍പ്രൈസസിന്റെ കീഴില്‍ വരുന്നുണ്ട്. ഇത് ഭാവിയില്‍ കമ്പനിക്ക് വലിയ വളര്‍ച്ചാ സാധ്യത നല്കുന്നു.
Content Highlights: Despite reporting a Q4 FY26 loss due to the absence of last year’s exceptional gain and rising expenses, adani enterprises maintained strong revenue growth and stable core operations.