രാജ്യത്തെ സ്വര്‍ണശേഖരം ശക്തിപ്പെടുത്തുന്നതിനായി റിസര്‍വ് ബാങ്ക് 104 ടണ്‍ സ്വര്‍ണം കൂടി വിദേശത്തുള്ള ശേഖരത്തില്‍ നിന്ന് ഇന്ത്യയിലെ ആഭ്യന്തര ശേഖരത്തിലേക്ക് മാറ്റി. സാമ്പത്തിക സുരക്ഷയും വിദേശ ആശ്രയത്വം കുറയ്ക്കുന്നതും ലക്ഷ്യമാക്കിയുള്ള ആര്‍ബിഐ നീക്കമാണിത്. 2025 ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള 6 മാസക്കാലയളവിനുള്ളിലാണ് ഇത്രയും സ്വർണം നാട്ടിലേക്കു കൊണ്ടുവന്നിട്ടുള്ളത്.
സ്വര്‍ണ സംഭരണം
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആര്‍ബിഐയുടെ മൊത്തം സ്വര്‍ണ ശേഖരം നേരിയതായി ഉയര്‍ന്നിട്ടുണ്ട്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ സാഹചര്യത്തില്‍ സ്വര്‍ണ സംഭരണം വര്‍ധിപ്പിക്കുന്നത് സുരക്ഷിത നീക്കമായി കണക്കാക്കപ്പെടുന്നു.
എത്ര സ്വർണം ഇന്ത്യയിൽ എത്തി?
2025 സെപ്റ്റംബർ അവസാനം ഇന്ത്യ ആഭ്യന്തരമായി സൂക്ഷിച്ചിരുന്ന സ്വർണം 575.8 ടൺ ആയിരുന്നു. എന്നാൽ 2026 മാർച്ചോടെ ഇത് 680 ടണായി ഉയർന്നു. അതേസമയം, വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് കുറയുകയും ചെയ്തു. പ്രത്യേകിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്, കേന്ദ്ര ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ഒരു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ് പോലുള്ള സ്ഥാപനങ്ങളിലെ സ്വർണ സംഭരണമാണ് കുറഞ്ഞിട്ടുള്ളത്.
ആർബിഐയുടെ മൊത്തം സ്വർണ ശേഖരം 880.2 ടൺ മുതൽ 880.5 ടൺ വരെ മാത്രമാണ് വർധിച്ചത്. എന്നാൽ വില ഉയർന്നതോടെ ഇതിന്റെ മൊത്തം മൂല്യം വലിയ രീതിയിൽ ഉയർന്നിട്ടുണ്ട്.ഇതോടെ ഇന്ത്യയുടെ വിദേശനാണയ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 13.9%ൽ നിന്ന് 16.7% ആയി ഉയർന്നിട്ടുണ്ട്.
സ്വർണം നാട്ടിലേക്ക് കൊണ്ടുവരുന്നതെന്തിന്
ലോകമെമ്പാടും നിരവധി രാജ്യങ്ങൾ ഇതേ പോലെ വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വർണം നാട്ടിലേക്ക് കൊണ്ടുവരികയാണ്. നമ്മുടെ വീട്ടിലെ സ്വർണം നമ്മൾ തന്നെ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന സുരക്ഷ പോലെയാണ് രാജ്യവും നാട്ടിലേക്കിത് മടക്കി കൊണ്ടു വരുമ്പോൾ ഉറപ്പാക്കുന്നത്. ഇത്തരത്തിൽ 'ബാങ്ക് ദേ ഫ്രാൻസ്' പാരീസിലേക്ക് 129 ടൺ സ്വർണം തിരികെ കൊണ്ടുവന്നിട്ടുണ്ട്.ജർമനിയിലെ കേന്ദ്ര ബാങ്കും സ്വന്തം സ്വർണ സംഭരണം മാറ്റുന്നതിനെക്കുറിച്ച് പുനഃപരിശോധന നടത്തുകയാണ്.സെർബിയയുടെ കേന്ദ്രബാങ്ക് മുഴുവൻ സ്വർണവും നാട്ടിലേക്ക് മാറ്റിക്കഴിഞ്ഞു.
വില കൂടിയ വേളയിൽ വിദേശ രാജ്യങ്ങളിൽ സൂക്ഷിക്കുന്നതിനെക്കാൾ സ്വന്തം രാജ്യത്ത് സ്വർണം സൂക്ഷിക്കുന്നത് കൂടുതൽ സുരക്ഷിതമെന്ന് രാജ്യങ്ങൾ കരുതുന്നുണ്ട്. തന്നെയുമല്ല, ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സാമ്പത്തിക നിയന്ത്രണം സ്വന്തം കൈകളിൽ വേണമെന്നും രാജ്യങ്ങൾ കരുതുന്നു.
ഇന്ത്യയെ സംബന്ധിച്ച് രൂപയുടെ സ്ഥിരതയ്ക്ക് ഇത് സഹായകരമാണ്. ആഗോള പ്രതിസന്ധികൾ വന്നാലും സ്വർണ ശേഖരം ഇന്ത്യക്ക് കൂടുതൽ സ്വയംപര്യാപ്തത നല്‍കും. തന്നെയുമല്ല അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഉപയോഗിക്കാൻ ഇത് സഹായിക്കുമെന്ന് മാത്രമല്ല വിദേശ രാജ്യങ്ങളോടുള്ള ആശ്രയം കുറയ്ക്കുകയും ചെയ്യും. സ്വർണ്ണ ശേഖരം കൂടുതലായാൽഇത് രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിർത്താൻ സഹായിക്കും.
Content Highlight: Reserve Bank of India repatriated 104 tonnes of gold to India in six months