ശ്രീധർ വെമ്പുവിനെ അറിയാത്തവർ കുറവായിരിക്കും. അറട്ടൈ എന്ന ആപ്പിലൂടെ ലോകം അറിഞ്ഞ 'സോഹോ'യുടെ സ്ഥാപകനായ ഇന്ത്യക്കാരൻ. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പ്രസ്താവന നടത്തി. അമേരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരോട് രാജ്യത്തേക്ക് തിരിച്ചുവരാൻ ആഹ്വാനം ചെയ്യുന്ന പ്രസ്താവനയായിരുന്നു അത്. ആ പ്രസ്താവനയാണ് ഇപ്പോൾ എവിടെയും ചർച്ചാവിഷയം.
അമേരിക്കയിലെ ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിവരാനും രാജ്യത്തുനിന്ന് നേട്ടങ്ങൾ കൊയ്യാനുമാണ് ശ്രീധർ വെമ്പു ആവശ്യപ്പെടുന്നത്. അമേരിക്കയോട് കടപ്പാട് വേണമെന്നും എന്നാൽ മാതൃരാജ്യത്തിന്റെ വളർച്ചയെയും പ്രധാനമായി കണക്കാക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞുവന്നത്. എക്സിലായിരുന്നു അദ്ദേഹം ഇത്തരത്തിൽ അഭ്യർത്ഥിച്ച് പോസ്റ്റ് ഇട്ടത്.
'ഭാരതത്തിലെ പ്രിയ സഹോദരീ സഹോദരന്മാരേ,
37 വർഷം മുൻപ് ഞാൻ ചെയ്തത് പോലെ നിങ്ങളും അമേരിക്കയിൽ എത്തിയത് പണം ഇല്ലാതെയാണ്. എന്നാൽ ഭാരതത്തിൽ നിന്നുള്ള വിദ്യാഭ്യാസവും സംസ്കാരവും നിങ്ങൾക്ക് കൈമുതലായി ഉണ്ടായിരുന്നു. നിങ്ങൾ വിജയിച്ചു. അമേരിക്ക നമുക്ക് നല്ലതായിരുന്നു. അതിന് നമ്മൾ ഇപ്പോഴും കൃതജ്ഞത ഉള്ളവരായിരിക്കണം. അതാണ് നമ്മുടെ സംസ്കാരം.
എന്നിരുന്നാലും ഇന്ന് അമേരിക്കക്കാരിൽ ഒരു പ്രധാന വിഭാഗം ഇന്ത്യക്കാർ അമേരിക്കൻ ജോലികൾ "കവർന്നെടുക്കുന്നു" എന്നും അമേരിക്കയിലെ നമ്മുടെ വിജയം അന്യായമായി നേടിയെടുത്തതാണെന്നും വിശ്വസിക്കുന്നു. അവർ ഭൂരിപക്ഷമല്ലായിരിക്കാം, പക്ഷേ ഭൂരിപക്ഷമാകുന്നതിൽ നിന്ന് വളരെ അകലെയല്ല.
അടുത്ത തെരഞ്ഞെടുപ്പിൽ ഇത് പരിഹരിക്കപ്പെടുമെന്ന് നിങ്ങൾ കരുതും. പക്ഷേ നിങ്ങളുടെ തെരഞ്ഞെടുപ്പ് നമ്മുടെ നാഗരികതയെ വെറുക്കുന്ന ആളുകൾക്കോ നാഗരികതയെ മൊത്തത്തിൽതന്നെ വെറുക്കുന്ന ആളുകൾക്കോ ഇടയിലായിരിക്കും. അത് ഒരു ഹാർഡ് റൈറ്റ് അല്ലെങ്കിൽ വോക്ക് ലെഫ്റ്റ് യുദ്ധമായിരിക്കും. നിങ്ങൾ അതിൽ വെറും കാഴ്ചക്കാരാകും.
അതേസമയം, ഇപ്പോൾ സത്യമായിരിക്കുന്നതും ഭാവിയിൽ സത്യമാകുന്നതുമായ ഒരു കാര്യമുണ്ട്: ലോകമെങ്ങും ഇന്ത്യക്കാർക്ക് ലഭിക്കുന്ന മര്യാദയും ആദരവും ഇന്ത്യയുടെ ഭാഗ്യത്തെത്തന്നെ ആശ്രയിച്ചിരിക്കും. ഇന്ത്യ ദരിദ്രമായി തുടരുകയാണെങ്കിൽ, ഉണർന്നിരിക്കുന്ന ഇടതുപക്ഷം സഹതാപത്തോടെ ധാർമ്മിക പ്രഭാഷണങ്ങൾ നടത്തും. തീവ്ര വലതുപക്ഷം, വ്യത്യസ്തമായ ധാർമ്മിക പ്രഭാഷണങ്ങൾ നൽകും.
ഇന്നത്തെക്കാലത്ത് ബഹുമാനം എന്നത് ഒരു രാജ്യത്തിന്റെ സാങ്കേതിക പുരോഗതിയിൽ ഊന്നിയാണ് നിൽക്കുന്നത്. ഇന്ത്യ ആവശ്യമായ ബുദ്ധിശക്തി ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാൽ കുറെയെല്ലാം നമ്മൾ അമേരിക്കയിലേക്ക് എക്സ്പോർട്ട് ചെയ്യുകയാണ്. ഇന്ത്യയിൽ ആ കഴിവ് വികസിപ്പിക്കുമ്പോൾ, നമ്മുടെ നാഗരിക ശക്തി സ്വയം ഉറപ്പിക്കും.
നിങ്ങളിൽ പലർക്കും ഇതിനെക്കുറിച്ച് ചിന്തിക്കാൻ ബുദ്ധിമുട്ടായിരിക്കും. ദയവുചെയ്ത്ത് ഇന്ത്യയിലേക്ക് മടങ്ങിവരൂ. ഭാരത മാതാവിന് നിങ്ങളുടെ കഴിവുകൾ ആവശ്യമാണ്. നമ്മുടെ യുവജനസമൂഹത്തെ, വർഷങ്ങളായി നിങ്ങൾ നേടിയെടുത്ത സാങ്കേതിക നേതൃത്വം അഭിവൃദ്ധിയിലേക്ക് നയിക്കേണ്ടതുണ്ട്. ഒരു ലക്ഷ്യത്തോടെ നമുക്കത് നേടാം'; എന്നാണ് ശ്രീധർ വെമ്പുവിന്റെ പോസ്റ്റ്.
അറട്ടൈ എന്ന ആപ്പിലൂടെയാണ് ശ്രീധർ വെമ്പുവും സോഹോയും പ്രശസ്തരായത്. വാട്സ്ആപ്പിന് ബദൽ എന്ന രീതിയിൽ വന്ന അറട്ടയ് വലിയ ജനപ്രീതിയാണ് ചുരുങ്ങിയ കാലയളവ് കൊണ്ട് നേടിയത്. ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്ന് 1996-ല്‍ സ്ഥാപിച്ച മാതൃ കമ്പനിയായ സോഹോയാണ് ഈ ആപ്പിന് പിന്നില്‍. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇമെയില്‍, സിആര്‍എം, എച്ച്ആര്‍, അക്കൗണ്ടിംഗ്, പ്രോജക്ട് മാനേജ്മെന്റ് എന്നിവയിലായി 55-ലധികം ബിസിനസ് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 150 രാജ്യങ്ങളിലായി 130 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സേവനം നല്കുന്ന സോഹോയുടെ ക്ലൈന്റുകള്‍ എന്ന് പറയുന്നത്, ആമസോണ്‍, നെറ്റ്ഫ്ലിക്സ്, ഡെലോയിറ്റ്, പ്യൂമ, ടൊയോട്ട, സോണി, ലോറല്‍ തുടങ്ങിയ ആഗോള ഭീമന്മാരാണ്. 'ഇന്ത്യയില്‍ നിര്‍മ്മിച്ചത്. ലോകത്തിനായി നിര്‍മ്മിച്ചത്' എന്നതായിരുന്നു സോഹോയുടെ മുദ്രാവാക്യം.
Content Highlights: Zoho Founder Sridhar Vembu urges indians at america to come back to india and work for the country. He says Bharat Mata needs their talent