യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്കി മുന്നോട്ട് വെച്ച 'ഈസ്റ്റര്‍ വെടിനിര്‍ത്തല്‍' നിര്‍ദേശം റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തള്ളി. പശ്ചിമേഷ്യയിലെ ഇസ്രായേല്‍-ഇറാന് സംഘര്‍ഷം മൂലം ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം വന്നതെങ്കിലും, റഷ്യയുടെ കടുത്ത നിലപാട് ആഗോള ബിസിനസ്സ് ലോകത്ത് വീണ്ടും ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.
ഏപ്രില്‍ 12ന് ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് ഈസ്റ്റര്‍ പ്രമാണിച്ച് ഊര്‍ജ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താനാണ് സെലെന്‍സ്കി ആവശ്യപ്പെട്ടത്. റഷ്യ യുക്രെയ്നിലെ വൈദ്യുതി നിലയങ്ങള്‍ ആക്രമിക്കുന്നത് അവസാനിപ്പിച്ചാല്‍, തിരിച്ചും ആക്രമിക്കില്ലെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ വിപണിയെ ശാന്തമാക്കുക എന്ന തന്ത്രപരമായ ലക്ഷ്യം ഇതിനുണ്ടായിരുന്നു.
സലെന്‍സ്കിയുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും റഷ്യക്ക് ഇതില്‍ താല്പര്യമില്ലെന്നും ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. യുക്രെയ്ന് താല്‍ക്കാലിക വെടിനിര്‍ത്തലിന് ശ്രമിക്കുന്നത് അവരുടെ തകര്‍ന്നുകൊണ്ടിരിക്കുന്ന സൈനിക സാഹചര്യം മെച്ചപ്പെടുത്താനാണെന്ന് റഷ്യ ആരോപിച്ചു. വെടിനിര്‍ത്തലിനേക്കാള്‍ ഉപരി തങ്ങളുടെ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ടുള്ള 'സ്ഥിര സമാധാനം' ആണ് ആവശ്യമെന്നാണ് മോസ്കോയുടെ നിലപാട്.
യുക്രെയ്ന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ കാരണം റഷ്യയുടെ എണ്ണ ശുദ്ധീകരണ ശേഷിയില്‍ ഏകദേശം 40 ശതമാനത്തോളം ഇടിവ് ഈ മാസം രേഖപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്ന്റെ നിര്‍ദേശം റഷ്യ തള്ളിയതോടെ, റഷ്യന്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് ഉറപ്പായി. ഇത് ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ക്കൊപ്പം ആഗോള ഇന്ധന വിതരണ ശൃംഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
ഇന്ധനവില വര്‍ദ്ധിക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുകയും യൂറോപ്പിലും അമേരിക്കയിലും പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമാവുകയും ചെയ്യും. റഷ്യയുടെ ആക്രമണങ്ങള്‍ യുക്രെയ്നിലെ ഊര്‍ജ നിലയങ്ങളെ 80 ശതമാനത്തോളം തകര്‍ത്ത സാഹചര്യത്തില്‍, വെടിനിര്‍ത്തല്‍ ഇല്ലാത്തത് ആ രാജ്യത്തെ വ്യവസായങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതേസമയം വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലൂടെ റഷ്യയെ ഒരു 'സമാധാന വിരോധി'യായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ചിത്രീകരിക്കാനും പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും സെലെന്‍സ്കിക്ക് കഴിഞ്ഞിട്ടുണ്ട്.
Content Highlights: Russia rejects Ukraine's Easter ceasefire proposal