യുദ്ധമുണ്ടായാല്‍ സാധാരണ സ്വര്‍ണവില കൂടുകയാണ് പതിവ്. എന്നാല്‍ യുഎസ്-ഇസ്രായേല്‍-ഇറാന് സംഘര്‍ഷങ്ങള്‍ക്കിടയിലും സ്വര്‍ണവില കുത്തനെ കുറയുന്നത് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇതിന് പല കാരണങ്ങളുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് യുഎസ് ഡോളറിലാണ്. നിലവിലെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി ഡോളറിനെ കാണുന്നു. ഇതിനാല്‍ ഡോളറിന്റെ മൂല്യം റെക്കോര്‍ഡ് ഉയര്‍ച്ചയിലാണ്.
ഡോളര്‍ ശക്തമാകുമ്പോള്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുകയും വില ഇടിയുകയും ചെയ്യുന്നു. വില ഇനിയും കുറഞ്ഞേക്കുമെന്ന ഭയത്തില്‍ നിക്ഷേപകര്‍ കൈവശമുള്ള സ്വര്‍ണവും വെള്ളിയും വന്‍തോതില്‍ വിറ്റഴിക്കുന്നു. ഇത് വിപണിയില്‍ സ്വര്‍ണത്തിന്റെ ലഭ്യത കൂട്ടുകയും വില കുറയ്ക്കാന്‍ കാരണമാവുകയും ചെയ്തു. കേവലം ഏഴ് ദിവസത്തിനുള്ളില്‍ 10 ഗ്രാം സ്വര്‍ണത്തിന് 16,000 രൂപയോളം കുറഞ്ഞു. വെള്ളിക്കും കിലോയ്ക്ക് ഏകദേശം 29,000 രൂപയുടെ കുറവുണ്ടായി.
ഇപ്പോള്‍ വില കുറയുന്നുണ്ടെങ്കിലും, യുദ്ധം അവസാനിക്കുന്നതോടെ സ്വര്‍ണത്തിന് 'തിളക്കമുള്ള കാലം' വരുമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. യുദ്ധം കഴിഞ്ഞാല്‍ തകര്‍ന്ന സാമ്പത്തിക വ്യവസ്ഥയെ ഉണര്‍ത്താന്‍ രാജ്യങ്ങള്‍ വിപണിയിലേക്ക് കൂടുതല്‍ പണം എത്തിക്കേണ്ടി വരും. ഇത് സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂട്ടും. ലോകത്തെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍, നമ്മുടെ റിസര്‍വ് ബാങ്ക് അടക്കം തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് വീണ്ടും വന്‍തോതില്‍ സ്വര്‍ണം വാങ്ങിത്തുടങ്ങും. ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുമ്പോള്‍ വിപണിയില്‍ വില കുതിച്ചുയരും.
അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ ലോകരാജ്യങ്ങളുടെ കടബാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത്തരം സാമ്പത്തിക അസ്ഥിരത വരുമ്പോള്‍ ആളുകള്‍ വീണ്ടും സ്വര്‍ണത്തെ ആശ്രയിക്കും. ഇപ്പോഴത്തെ വിലയിടിവ്, ഡോളര്‍ ശക്തമായതുകൊണ്ടും നിക്ഷേപകര്‍ പരിഭ്രാന്തരായി വിറ്റഴിക്കുന്നതുകൊണ്ടുമാണ്. എന്നാല്‍ യുദ്ധം ശമിക്കുന്നതോടെ സ്വര്‍ണവില വീണ്ടും പഴയപടിയോ അതിലധികമോ ആയി ഉയരാനുള്ള എല്ലാ സാധ്യതകളും ഉണ്ടെന്നാണ് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Content Highlights: Gold price will continue to rise as central banks continue to diversify into non-dollar reserves: SBI Research