രാജ്യത്ത് സിറ്റി ഗ്യാസ് പദ്ധതി വ്യാപകമാക്കുന്നു; പിഎന്‍ജിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും

സിറ്റി ഗ്യാസ് പദ്ധതികളുടെ അനുമതി പ്രക്രിയ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

രാജ്യത്തെ എല്‍പിജി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിറ്റി ഗ്യാസ് പദ്ധതി വ്യാപകമായി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ ഗ്യാസ് വിതരണം സുഗമമാക്കാനും വിതരണ സമ്മര്‍ദ്ദം കുറയ്ക്കാനുമുള്ള നടപടികളും സര്‍ക്കാര്‍ ശക്തമാക്കി.

സിറ്റി ഗ്യാസ് പദ്ധതികളുടെ അനുമതി പ്രക്രിയ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെട്രോളിയം എക്‌സപ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ അവരുടെ ഓഫീസുകള്‍ക്ക് കണക്ഷന്‍ അപേക്ഷകള്‍ 10 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. പൈപ്പ് വഴി വിതരണം ചെയ്യുന്ന പ്രകൃതി വാതകമായ പിഎന്‍ജിയുടെ വ്യാപനം വേഗത്തിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. യുഎസില്‍ നിന്നുള്ള എല്‍പിജി കപ്പല്‍ ഇന്ത്യയിലെത്തിയതോടെ രാജ്യത്തെ പ്രധാന മേഖലകള്‍ക്ക് കൊമേഴ്ഷ്യല്‍ എല്‍പിജിയുടെ വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ട്.

അതേസമയം, പ്രധാന നഗരങ്ങളിലും നഗരപ്രദേശങ്ങളിലും ഉള്ള കൊമേഴ്ഷ്യല്‍ എല്‍പിജി ഉപഭോക്താക്കളോട് പിഎന്‍ജിയിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന്മേലുള്ള ആശ്രയം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഗാര്‍ഹിക എല്‍പിജി വിതരണം രാജ്യത്തുടനീളം സ്ഥിരതയോടെയാണ് തുടരുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ഗ്യാസ് ഏജന്‍സികളില്‍ എവിടെയും സിലിണ്ടര്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിതരണവും സാധാരണ രീതിയില്‍ തുടരുകയാണ്. ഭൂരിഭാഗം വിതരണങ്ങളും ഒതന്റിഫിക്കേഷന്‍ കോഡ് സംവിധാനത്തിലൂടെയാണ് നടത്തുന്നത്. മുന്‍പ് ഉണ്ടായിരുന്ന പാനിക് ബുക്കിങുകളും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്നും ഉദ്യാഗസ്ഥര്‍ അറിയിച്ചു.

കൊമേഴ്ഷ്യല്‍ എല്‍പിജി വിതരണത്തിലും നേരത്തെയുണ്ടായിരുന്ന പ്രതിസന്ധിയില്‍ അയവു വന്നിട്ടുണ്ടെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ 20 ശതമാനം വിതരണമാണ് പുനഃസ്ഥാപിച്ചത്.

Content Highlights: The government has accelerated city gas project approvals and increased commercial LPG allocation to ease supply pressure and boost PNG adoption across India

To advertise here,contact us