പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ രാജ്യത്ത് എൽപിജി വിതരണം നിലച്ചത് ഏറ്റവുമധികം ബാധിച്ചത് റെസ്റ്റോറന്റ് ശൃംഖലയേയാണ്. വാണിജ്യ സിലിണ്ടറുകൾ കിട്ടാതായതോടെ പാചകവും ഭക്ഷണ വിതരണവും പലയിടത്തും അവതാളത്തിലായി. ഇതിന് ആശ്വാസം നൽകുന്ന തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പാചകവാതക ക്ഷാമത്തിന് പരിഹാരമായി വാണിജ്യ എൽപിജി വിഹിതത്തിൽ വർധന വരുത്താാണ് കേന്ദ്ര തീരുമാനം.
ആർക്കൊക്കെയാണ് ഗുണം ലഭിക്കുക?
റെസ്റ്റോറന്റുകൾ, ധാബകൾ, ഹോട്ടലുകൾ, വ്യവസായശാലകളിലെ കാന്റീനുകൾ, ഫുഡ് പ്രോസസ്സിങ് യൂണിറ്റുകൾ, ഡയറി മേഖല, സർക്കാർ നടത്തുന്ന സബ്സിഡി കാന്റീനുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവർക്കാണ് അധിക വിഹിതത്തിന്റെ പ്രയോജനം ലഭിക്കുക. കൂടാതെ, കുടിയേറ്റ തൊഴിലാളികൾ ഉപയോഗിക്കുന്ന 5 കിലോ സിലിണ്ടറുകൾ നിറയ്ക്കുന്നതിനും ഈ അധിക വിഹിതം ഉപയോഗിക്കാം.
അധിക വിഹിതം ലഭിക്കുന്നതിനായി വാണിജ്യ ഉപഭോക്താക്കൾക്ക് സർക്കാർ ചില നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാ വാണിജ്യ-വ്യവസായ ഉപഭോക്താക്കളും പൊതുമേഖലാ എണ്ണ കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വാണിജ്യ എൽപിജി ലഭിക്കുന്നതിന് ഉപഭോക്താക്കൾ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പിഎൻജി) കണക്ഷനായി അപേക്ഷിച്ചിരിക്കണം. എൽപിജിയേക്കാൾ കൂടുതൽ പിഎൻജി ഉപയോഗിക്കുന്നതിലേക്ക് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കം.
യുദ്ധവും ഗ്യാസ് വിതരണവും
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. ഇതിൽ 90 ശതമാനവും പശ്ചിമേഷ്യയിൽനിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഈ ഗതാഗതപാതയിൽ തടസ്സങ്ങൾ നേരിട്ടത് എൽപിജി വിതരണത്തെ ബാധിച്ചിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്നതിനായി നേരത്തെ വാണിജ്യ മേഖലയിലേക്കുള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എൽപിജിക്ക് പകരമായി പിഎൻജി ഉപയോഗിക്കുന്നതിലേക്ക് മാറാൻ പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎൻജി ഇൻഫ്രാസ്ട്രക്ചർ വേഗത്തിൽ നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ഗ്യാസ് വിഹിതം നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ 1.25 ലക്ഷത്തിലധികം പുതിയ പിഎൻജി കണക്ഷനുകൾ നൽകിക്കഴിഞ്ഞു. നിലവിൽ ഇന്ത്യയിൽ 33.3 കോടി എൽപിജി ഉപഭോക്താക്കളുള്ളപ്പോൾ പിഎൻജി ഉപഭോക്താക്കൾ 1.5 കോടി മാത്രമാണ്. ഇത് വർധിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം.
ആഭ്യന്തര ഉൽപ്പാദനം 40 ശതമാനത്തോളം വർധിപ്പിച്ചതും ഗാർഹിക ഉപഭോക്താക്കൾക്കിടയിലെ ആശങ്ക കുറഞ്ഞതും വാണിജ്യ വിഹിതം വർധിപ്പിക്കാൻ സർക്കാരിനെ സഹായിച്ചു. എങ്കിലും ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
Content Highlights: Govt raises commercial LPG allocation to up to 50%; latest increase specifically for restaurants, dhabas, canteens