22കാരറ്റ് സ്വർണം നല്ലതാണ്, പക്ഷെ പുതുതലമുറയ്ക്ക് ഏറെ പ്രിയം 18കാരറ്റിനോട്: കാരണങ്ങള്‍ നിരവധി

18 കാരറ്റ് ആഭരണങ്ങളെ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം അതിന്‍റെ ഉറപ്പാണ്

4 min read|22 Mar 2026, 05:11 pm

മിക്കവർക്കും സ്വർണം എന്ന് പറഞ്ഞാല്‍ അത് 22 കാരറ്റ് ആണ്. തനിതങ്കമായ 24 കാരറ്റില്‍ ആഭരണങ്ങള്‍ നിർമ്മിക്കാന്‍ പ്രയാസകരമായതിനാല്‍ 22 കാരറ്റിലാണ് പ്രധാനമായും ലോകത്ത് എല്ലായിടത്തും പരമ്പരാഗതമായി ആഭരണങ്ങള്‍ നിർമ്മിച്ച് വരുന്നത്. ഇതുകൊണ്ട് തന്നെ നമ്മുടെ നാട്ടില്‍ സ്വർണ വില പ്രധാനമായും കണക്കാക്കുന്നത് 22 കാരറ്റിലാണ്. എന്നാല്‍ സമീപകാലത്തായി ആളുകള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവതലമുറക്കിടയില്‍ 22 കാരറ്റിനേക്കാള്‍ ശുദ്ധത കുറഞ്ഞ 18 കാരറ്റ് സ്വർണത്തിലേക്കുള്ള ആകർഷണം കൂടുന്നുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.

വലിയ തോതില്‍ സ്വർഭാരണങ്ങള്‍ വാങ്ങുന്നവർ ദിവസവും ഉപയോഗിക്കുന്ന ഒന്നോ രണ്ടോ മാലയും വളയും മോതിരവും മാത്രം എടുത്ത് വെച്ച് ബാക്കി ലോക്കറില്‍ സൂക്ഷിക്കുന്നതാണ് പൊതുവായ രീതി. പിന്നീട് ഏതെങ്കിലും ചടങ്ങുകള്‍ക്കായി ലോക്കറില്‍ നിന്ന് പുറത്തെടുക്കും, ചടങ്ങുകള്‍ കഴിഞ്ഞാല്‍ വീണ്ടും ലോക്കറിലേക്ക്. എന്നാല്‍ യുവതലമുറ സ്വർണ്ണത്തെ ഇപ്പോള്‍ ലോക്കറിൽ മാത്രം സൂക്ഷിക്കേണ്ട വസ്തുവായി കാണുന്നില്ല. പകരം അവർക്ക് ജോലിക്കും വിവാഹത്തിനും പാർട്ടിക്കുമൊക്കെ പോകുമ്പോഴും ദിവസേന ധരിക്കാവുന്നതുമായ ആഭരണങ്ങള്‍ വേണം. അതായത് ആഭരണങ്ങളെ അവർ ഏതെങ്കിലും പ്രത്യേക അവസരത്തില്‍ മാത്രം ധരിക്കാനുള്ളതും ബാക്കിയുള്ള സമയങ്ങളില്‍ ലോക്കറില്‍ വെക്കാനുമുള്ള ഒരു വസ്തുവായി കാണുന്നില്ല.

18 കാരറ്റ് ആഭരണങ്ങളെ ഇഷ്ടപ്പെടാനുള്ള ഏറ്റവും വലിയ കാരണം അതിന്‍റെ ഉറപ്പാണ്. 22 കാരറ്റ് സ്വർണ്ണം വളരെ മൃദുവായതിനാൽ എളുപ്പം കേടുപാടുകള്‍ പറ്റുകയും വളയാനും പൊട്ടാനുമുള്ള സാധ്യതകള്‍ കൂടുതലുമാണ്. എന്നാല്‍ 18 കാരറ്റില്‍ നിർമ്മിക്കുന്ന ആഭരണങ്ങള്‍ക്ക് കൂടുതല്‍ ഉറപ്പ് ലഭിക്കും. അതിനാൽ ദൈനംദിന ഉപയോഗത്തിനാണെങ്കിലും ഭയപ്പെടാതെ ധരിക്കാം. ചുരുക്കത്തില്‍ 22 കാരറ്റിന്റെ അത്ര ശ്രദ്ധയൊന്നും 18 കാരറ്റില്‍ നിർമ്മിച്ച ആഭരണങ്ങള്‍ ധരിക്കുമ്പോള്‍ വേണ്ടതില്ല.

മറ്റൊരു പ്രധാന കാരണം ഡിസൈനിന്റെ സാധ്യതകളാണ്. പഴയതുപോലെ ലളിതമായ ഡിസൈന്‍ ആഭരണങ്ങളോടും പുതിയ തലമുറയ്ക്ക് അത്ര പ്രിയം ഇല്ല. ഡയമണ്ട്, നിറമുള്ള രത്നങ്ങൾ, സങ്കീർണ്ണമായ പാറ്റേണുകൾ, സ്വന്തം താല്‍പര്യങ്ങള്‍ ഇപ്പോഴത്തെ എന്നിവയെല്ലാം ഇപ്പോഴത്തെ ഡിസൈനില്‍ പ്രതിഫലിക്കുന്നു. ഇത്തരം ഡിസൈനുകളില്‍ ആഭരണങ്ങള്‍ നിർമ്മിക്കുമ്പോള്‍ നല്ല ഉറപ്പ് വേണം. 18 കാരറ്റ് സ്വർണ്ണമാണ് ഇതിന് ഏറെ അനുയോജ്യം. കല്ലുകൾ കൂടുതൽ ഉറപ്പോടെ പിടിപ്പിക്കാനും സങ്കീർണ്ണമായ ഡിസൈനുകളില്‍ നിർമ്മിച്ചെടുക്കാനും സാധിക്കും. അതുകൊണ്ട് തന്നെ ആധുനിക ഫാഷനോട് ചേരുന്ന ആഭരണങ്ങൾ 18 കാരറ്റിൽ കൂടുതൽ മനോഹരമായി തയ്യാറാക്കാന്‍ സാധിക്കുന്നു.

വിലയിലെ കുറവാണ് 18 കാരറ്റ് ആഭരണങ്ങളെ യുവാക്കള്‍ക്ക് പ്രിയങ്കരമാക്കുന്ന മറ്റൊരു കാര്യം. 22 കാരറ്റിനെ അപേക്ഷിച്ച് 18 കാരറ്റ് ഏകദേശം 20 ശതമാനം കുറഞ്ഞ വിലയിലാണ് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ യുവാക്കൾക്ക് ഒന്നിലധികം ആഭരണങ്ങൾ വാങ്ങാനും പുതിയ ഡിസൈന്‍ പരീക്ഷണങ്ങൾ നടത്താനും സാധിക്കുന്നു. ഒന്ന് രണ്ട് 22 കാരറ്റ് ആഭരണങ്ങള്‍ മാത്രം വാങ്ങി സൂക്ഷിക്കുന്നതിന് പകരം വ്യത്യസ്ത ഡിസൈനുകളുടെ ഒരു മനോഹരമായ കളക്ഷൻ തന്നെ പലർക്കും ഉണ്ടാക്കാം.

ആഗോള സ്വാധീനവും ഈ മാറ്റത്തിന് മറ്റൊരു കാരണമാണ്. സോഷ്യൽ മീഡിയ, വിദേശ യാത്രകൾ, അന്താരാഷ്ട്ര ബ്രാൻഡുകൾ തുടങ്ങിയവയുടെ സ്വാധീനവും 18 കാരറ്റ് ആഭരണങ്ങളെ ജനപ്രിയമാക്കി മാറ്റുന്നു. ലോകമെമ്പാടുമുള്ള ഫൈൻ ജ്വല്ലറി മാർക്കറ്റിൽ ഡയമണ്ട് സെറ്റ് ചെയ്തതും ഡിസൈന് പ്രാധാന്യം കൊടുക്കുന്നതുമായ മിക്ക ആഭരണങ്ങളും 18 കാരറ്റിലാണ് നിർമ്മിക്കുന്നത്.

മുമ്പ് സ്വർണ്ണം വാങ്ങി സൂക്ഷിച്ച് പിന്നീട് തലമുറകൾക്ക് കൈമാറുന്ന ഒരു നിക്ഷേപമായിരുന്നു. ഇപ്പോൾ അത് സ്വന്തം ആത്മസംതൃപ്തിക്കും ആത്മവിശ്വാസം പ്രകടിപ്പിക്കാനും, ദിവസവും ധരിച്ച് ആസ്വദിക്കാനുമുള്ള ഒരു വസ്തുവായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ, 22 കാരറ്റ് സ്വർണ്ണത്തിനോടാണ് ഇപ്പോഴും വലിയൊരു വിഭാഗം ആളുകള്‍ക്കും താല്‍പര്യമെങ്കിലും 18 കാരറ്റ് സ്വർണ്ണത്തിന് പണ്ടത്തേക്കാള്‍ പ്രധാന്യം വർധിച്ച് വരുന്നു.

Content Highlights: A growing number of consumers, especially younger buyers, are shifting from traditional 22 carat gold to 18 carat jewellery. The change is driven by better durability, contemporary designs, and lower cost. The trend reflects evolving preferences in the gold market as buyers prioritize practicality and style alongside purity.

To advertise here,contact us