ലോകം കത്തുമ്പോള്‍ പുടിന്‍ ലാഭം കൊയ്യുന്നു; എണ്ണവിപണിയില്‍ റഷ്യക്ക് നേട്ടം

ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ എണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യക്കാരേറുന്നത് പാശ്ചാത്യ രാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നു.

പശ്ചിമേഷ്യ യുദ്ധത്തിലേക്ക് നീങ്ങുമ്പോള്‍ ആഗോള വിപണിയിലെ ലാഭക്കണക്കുകള്‍ മാറി മറിയുന്നു. ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങള്‍ ലോകത്തെ എണ്ണവിലയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന. എന്നാല്‍ ഈ സംഘര്‍ഷത്തിനിടയില്‍ ആരും പ്രതീക്ഷിക്കാതെ നേട്ടമെടുക്കുന്നത് റഷ്യയാണ്. ഉപരോധങ്ങള്‍ക്കിടയിലും റഷ്യന്‍ എണ്ണയ്ക്ക് രാജ്യാന്തര വിപണിയില്‍ ആവശ്യക്കാരേറുന്നത് പാശ്ചാത്യ രാജ്യങ്ങളെ പ്രതിരോധത്തിലാക്കുന്നു.

എണ്ണക്കിണറുകൾ വറ്റുമോ?

ഇറാന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ഇസ്രായേല്‍ ലക്ഷ്യം വെച്ചാല്‍ അത് ആഗോള വിപണിയില്‍ എണ്ണക്ഷാമത്തിന് വഴിവെക്കും. ഇറാന്റെ കയറ്റുമതി തടസ്സപ്പെട്ടാല്‍ ബാരലിന് 150 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചൈന അടക്കമുള്ള രാജ്യങ്ങള്‍ ഇറാന്റെ എണ്ണയെ ആശ്രയിക്കുന്നതിനാല്‍, ഈ നീക്കം ആഗോള രാഷ്ട്രീയത്തിലും വലിയ വിള്ളലുകള്‍ ഉണ്ടാക്കിയേക്കാം.

റഷ്യയ്ക്ക് ലോട്ടറി

യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് റഷ്യന്‍ എണ്ണയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും മോസ്‌കോയ്ക്ക് ഈ യുദ്ധം ഗുണകരമാകും. യുദ്ധം മൂലം എണ്ണവില കൂടുമ്പോള്‍ റഷ്യയ്ക്ക് തങ്ങളുടെ എണ്ണ കൂടുതല്‍ വിലയ്ക്ക് വില്‍ക്കാന്‍ സാധിക്കും. ഇറാനില്‍ നിന്നുള്ള വിതരണം കുറഞ്ഞാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ അടക്കമുള്ളവര്‍ റഷ്യന്‍ എണ്ണയ്ക്കായി കൂടുതല്‍ താല്പര്യം കാണിക്കും. ഉപരോധങ്ങളെ മറികടക്കാന്‍ റഷ്യ നേരത്തെ തന്നെ തുടങ്ങിയ ഷാഡോ ഫ്‌ലീറ്റ് (രഹസ്യ കപ്പല്‍ വ്യൂഹം) വഴി എണ്ണ എത്തിക്കുന്നത് തുടരും. എണ്ണവില വര്‍ദ്ധിക്കുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. ഇറക്കുമതി ചെലവ് കൂടുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കാം.

ശത്രുവിന് നേട്ടം സമ്മാനിക്കുന്ന അമേരിക്ക

അമേരിക്കയുടെ നീക്കങ്ങള്‍ റഷ്യയെ സാമ്പത്തികമായി സഹായിക്കുന്ന വിരോധാഭാസത്തിനാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ റഷ്യയെ സാമ്പത്തികമായി തകര്‍ക്കാന്‍ അമേരിക്ക നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാനുമായുള്ള യുദ്ധസാഹചര്യം വരുമ്പോള്‍ ലോകരാജ്യങ്ങള്‍ക്ക് എണ്ണയ്ക്കായി റഷ്യയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. ഇതോടെ അമേരിക്കന്‍ ഉപരോധങ്ങളുടെ മൂര്‍ച്ച കുറയുകയും റഷ്യന്‍ എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ ഡിമാന്‍ഡ് ഏറുകയും ചെയ്യുന്നു.

ഒരു വശത്ത് റഷ്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അമേരിക്ക, മറുവശത്ത് ഇറാനെതിരെ നീങ്ങുന്നതിലൂടെ പരോക്ഷമായി റഷ്യയുടെ സാമ്പത്തിക അടിത്തറ ശക്തമാക്കുകയാണ് ചെയ്യുന്നത്. വിപണിയില്‍ എണ്ണവില കൂടിയാല്‍ അത് അമേരിക്കയിലെ പണപ്പെരുപ്പത്തെയും ബാധിക്കും. ചുരുക്കത്തില്‍, അമേരിക്ക ഇറാനെ ഒതുക്കാന്‍ നോക്കുമ്പോള്‍ മറ്റൊരു ശത്രുവായ റഷ്യ കരുത്തനായി കൊണ്ടിരിക്കുകയാണ്.

Content Highlights: As the West Asian conflict upends energy flows, Russia is emerging as the real winner

To advertise here,contact us