അമേരിക്കയുടെ 250-ാം ജന്മദിനാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണനാണയങ്ങള്‍ എത്തുന്നു. 24 കാരറ്റ് ശുദ്ധമായ സ്വര്‍ണ്ണത്തില്‍ പുറത്തിറക്കുന്ന നാണയത്തിന്റെ അന്തിമ രൂപകല്‍പ്പനയ്ക്ക് ഫെഡറല്‍ ആര്‍ട്സ് കമ്മീഷന് പച്ചക്കൊടി കാട്ടി. ഇന്നലെ നടന്ന യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്.
മാഗ കരുത്ത്
ട്രംപ് തന്നെ നേരിട്ട് തിരഞ്ഞെടുത്ത 'മാഗ' (മെയ്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) അനുകൂലികളായ അംഗങ്ങള്‍ ഉള്‍പ്പെട്ട യുഎസ് കമ്മീഷന് ഓഫ് ഫൈന്‍ ആര്‍ട്സ് സമിതിയാണ് നാണയത്തിന് അംഗീകാരം നല്‍കിയത്. യാതൊരുവിധ എതിര്‍പ്പുകളുമില്ലാതെ ഏകകണ്ഠമായാണ് വോട്ടെടുപ്പ് നടന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ നിലപാടുകളെയും ആശയങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് 'മാഗ' പ്രവര്‍ത്തകര്‍.
യുഎസ് കമ്മീഷന് ഓഫ് ഫൈന്‍ ആര്‍ട്സ് അഥവാ നാണയങ്ങളുടെയും മറ്റും രൂപകല്‍പ്പന തീരുമാനിക്കുന്ന സമിതിയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് ട്രംപ് തന്നെയാണ്. സ്വാഭാവികമായും അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നവരെയാണ് അവിടെ നിയമിച്ചത്. ട്രംപിന്റെ ചിത്രം നാണയത്തില്‍ വരണമെന്ന കാര്യത്തില്‍ ഈ സമിതിയിലെ അംഗങ്ങള്‍ക്കിടയില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.സമിതിയിലെ എല്ലാവരും ഒരേപോലെ സമ്മതിച്ചതുകൊണ്ട് (ഏകകണ്ഠമായി) ട്രംപിന്റെ മുഖമുള്ള സ്വര്‍ണ്ണ നാണയം പുറത്തിറക്കാനുള്ള തീരുമാനം വളരെ എളുപ്പത്തില്‍ പാസായി.
ചുരുക്കത്തില്‍, ട്രംപിനെ സ്നേഹിക്കുന്നവര്‍ തന്നെ തീരുമാനമെടുക്കുന്ന സ്ഥാനത്ത് ഇരുന്നതുകൊണ്ട് തടസ്സങ്ങളൊന്നുമില്ലാതെ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു എന്നാണ് ഇതിനര്‍ത്ഥം. നാണയങ്ങളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കാന്‍ യുഎസ് മിന്റിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. എങ്കിലും, നാണയത്തിന്റെ വലിപ്പം, വിപണിയിലെ മൂല്യം എന്നിവയെക്കുറിച്ച് ഇപ്പോഴും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പ്രസിഡന്റ് തന്നെ പ്രതീകം
അമേരിക്കയുടെ ജനാധിപത്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായാണ് ട്രംപിന്റെ മുഖമുള്ള നാണയത്തെ അധികൃതര്‍ കാണുന്നത്. രാജ്യം അഥിന്റെ 250-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍, അമേരിക്കയുടെ ചൈതന്യത്തെ പ്രതിനിധീകരിക്കുന്ന ഒന്ന് തന്നെയായിരിക്കണം നാണയങ്ങളില്‍ വരേണ്ടതെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ പ്രതീകാത്മകമായ മറ്റൊരു വ്യക്തിത്വം ഇന്ന് അമേരിക്കയിലില്ലെന്നും ബ്രാന്‍ഡന്‍ ബീച്ച് (യുഎസ് ട്രഷറര്‍) ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടു.
ട്രംപിന്റെ കരുത്ത്
250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുറത്തിറങ്ങുന്ന ഈ 24 കാരറ്റ് സ്വര്‍ണ്ണ നാണയം കേവലം ഒരു കറന്‍സി എന്നതിലുപരി വലിയ രാഷ്ട്രീയ പ്രധാന്യമുള്ള ഒന്നാണ്. നിലവിലെ പ്രസിഡന്റായ ഡോണള്‍ഡ് ട്രംപിന്റെ ചിത്രം സ്വര്‍ണ്ണ നാണയത്തില്‍ ഉള്‍പ്പെടുത്തുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവായി കാണക്കാക്കാം.സാധാരണയായി, ഒരു പ്രസിഡന്റ് മരിച്ച് ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും കഴിഞ്ഞാല്‍ മാത്രമേ അവരുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്താറുള്ളൂ എന്നാണ് യുഎസ് നിയമം. എന്നാല്‍ ട്രംപിന്റെ കാര്യത്തില്‍ ഈ നിയമത്തിന് ചില മാറ്റങ്ങള്‍ വരുത്തി.
ഒരു പ്രസിഡന്റ് അധികാരത്തിലിരിക്കെ തന്നെ അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത നാണയം പുറത്തിറങ്ങുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ വളരെ അപൂര്‍വ്വമാണ്. ഏറ്റവും ഒടുവില്‍ 1926-ല്‍ കാല്വിന് കൂളിഡ്ജിനാണ് ഇത്തരമൊരു ബഹുമതി ലഭിച്ചത്. വെള്ളി നാണയമായിരുന്നു അന്ന് പുറത്തിറക്കിയത്.
ട്രംപ് കോയിന് സാധാരണ കടകളില്‍ കൊടുത്ത് സാധനം വാങ്ങാനുള്ള 'ചില്ലറ' നാണയമല്ല. മറിച്ച്, രാജ്യത്തിന്റെ 250-ാം ജന്മദിനം ആഘോഷിക്കാന്‍ പുറത്തിറക്കുന്ന ഒരു സ്മരണികയാണ്. ട്രഷറി സെക്രട്ടറിക്ക് 24 കാരറ്റ് സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തിറക്കാന്‍ പ്രത്യേക അധികാരമുണ്ടെന്നും, അതിനാലാണ് പ്രസിഡന്റായ ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മറ്റ് നാണയങ്ങളില്‍ പ്രസിഡന്റുമാരുണ്ടെങ്കിലും, നൂറു വര്‍ഷത്തിനിടെ ആദ്യമായാണ് അധികാരത്തിലിരിക്കുന്ന ഒരു പ്രസിഡന്റിന്റെ മുഖം ഇത്തരമൊരു നാണയത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഈ വാര്‍ത്ത ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്.
ട്രംപിന്റെ അനുയായികള്‍ക്കും 'മാഗ' പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഈ സ്വര്‍ണ്ണ നാണയം ഒരു വലിയ ആവേശമായി മാറും. ശേഖരിച്ചുവെക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇതൊരു അപൂര്‍വ വസ്തുവായിരിക്കും. 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്നതിനാല്‍, വിപണിയില്‍ ഇതിന് വലിയ വിലയും മൂല്യവും ഉണ്ടാകുമെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍, ട്രംപിന്റെ വ്യക്തിപ്രഭാവവും രാഷ്ട്രീയ കരുത്തും വിളിച്ചോതുന്ന ഒരു 'സ്വര്‍ണ്ണ മുദ്ര'യായി ഈ നാണയം അമേരിക്കന്‍ ചരിത്രത്തില്‍ ഇടംപിടിക്കും.
Content Highlights: A 24-carat gold coin featuring the image of Donald Trump will be released to mark the 250th anniversary of the United States