രാജ്യാന്തര വിപണിയിലെ കനത്ത തിരിച്ചടികളെത്തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 93 എന്ന നിർണായക കടമ്പ കടന്ന് 93.33 എന്ന എക്കാലത്തെയും വലിയ തകർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന ഇടിവ് ഇന്ന് കൂടുതൽ രൂക്ഷമാകുകയായിരുന്നു. എണ്ണവില വർധനയും വിദേശ നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.
ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയെത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നത് ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടി. ഇതോടെ ഡോളറിനായുള്ള ആവശ്യം വർധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. അസംസ്കൃത എണ്ണ വില ഇനിയും ഉയരാൻ സാധ്യതയുള്ളത് ആശങ്ക ഇരട്ടിയാക്കുന്നു.
സാധാരണക്കാരന് തിരിച്ചടി
രൂപയുടെ വീഴ്ച സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കും. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് പുറമെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, വളം, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും ഉയരാൻ ഇത് കാരണമാകും. ഇറക്കുമതി സാധനങ്ങളുടെ വില കൂടുന്നത് രാജ്യത്ത് കടുത്ത വിലക്കയറ്റത്തിന് വഴിതെളിക്കും. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കുകയാണ്.
കയറ്റുമതിക്കാർക്ക് ഗുണം
രൂപ ദുർബലമാകുന്നത് ഐടി, ഫാർമ തുടങ്ങിയ കയറ്റുമതി മേഖലകൾക്ക് ഗുണമാകും. വിദേശത്തുനിന്ന് പണം അയക്കുന്ന പ്രവാസികൾക്കും കൂടുതൽ രൂപ ലഭിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ട് രൂപയുടെ വീഴ്ച തടയാനുള്ള നടപടികൾ സ്വീകരിക്കുമോ എന്നാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.
Content Highlights: Rupee hits all-time low, slips past Rs 93 mark against US dollar