ന്യൂഡൽഹി: ദുബായിൽ നിന്നും ആഭരണങ്ങള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. വജ്രം പതിച്ച സ്വർണം, വെള്ളി ആഭരണങ്ങള്‍ക്കാണ് നിയന്ത്രണം. ദുബായ് വിപണിയില്‍ സ്വർണവും വെള്ളിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പുറത്തിറക്കിയ അറിയിപ്പ് പ്രകാരം, ഈ ഇനങ്ങളുടെ ഇറക്കുമതി നയം 'ഫ്രീ'യിൽ നിന്ന് 'റസ്ട്രിക്ടഡ്' ആയി മാറ്റി. നിയന്ത്രണം പ്രാബല്യത്തിൽ വരികയും 2026 ജൂൺ 30 വരെ തുടരുകയും ചെയ്യും.
ദുബായിൽ ഒരു ഔൺസ് സ്വർണത്തിന് 30 വരെ ഡിസ്കൗണ്ട് ലഭ്യമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിലപാടിലേക്ക് ഇന്ത്യ കടന്നതും. യു എസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, ഇറാൻ്റെ ആക്രമണങ്ങളും യുദ്ധസാഹചര്യവും ദുബായിലെ വ്യാപാര, വിനോദസഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർവീസുകൾ നിലച്ചതോടെ വ്യാപരം വർധിപ്പിക്കാന്‍ ഡിസ്കൗണ്ട് നൽകി ആഭരണങ്ങൾ വിൽക്കാൻ കച്ചവടക്കാർ നിർബന്ധിതരാകുകയായിരുന്നു.
വിമാന സർവ്വീസ് ആരംഭിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കപ്പെടുന്ന സ്വർണവും വെള്ളി ആഭരണങ്ങളും ഇന്ത്യയിലേക്ക് കടന്നുവരുമെന്ന ആശങ്കയാണ് സർക്കാരിനുള്ളത്. ഇത് ആഭ്യന്തര വിപണിയിൽ താത്കാലികമായി വിലയിടിവ് ഉണ്ടാക്കാം. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
"ഈ നടപടി അനിയന്ത്രിതമായ ഇറക്കുമതി തടയാനും, ആഭ്യന്തര നിർമാതാക്കളെ സംരക്ഷിക്കാനുമാണ്. വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും, ഡ്യൂട്ടി ആർബിട്രേജ് തടയാനും ഇത് സഹായിക്കും."ഇന്ത്യ ബുള്ളിയൻ ആൻഡ് ജുവലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പൃഥ്വിരാജ് കോത്താരി പറഞ്ഞു. സ്വർണവും വെള്ളിയും വിലകൾ അടുത്തകാലത്ത് ഇടിഞ്ഞെങ്കിലും, യു.എസ്-ഇറാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ വില മുന്നോട്ട് കുതിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വർണവില ദീർഘകാലാടിസ്ഥാനത്തിൽ മുന്നോട്ട് കയറാനുള്ള ശക്തമായ സാധ്യതകളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. യു.എസ്-ഇറാൻ സംഘർഷം തുടരുന്നതും ഭൗമരാഷ്ട്രീയ അസ്ഥിരതയും സ്വർണത്തെ സുരക്ഷിത നിക്ഷേപമാക്കി മാറ്റിയിരിക്കുകയാണ്. അടുത്ത കാലത്ത് വിലയിൽ ചെറിയ ഏറ്റിറക്കങ്ങൾ ഉണ്ടെങ്കിലും 2026 അവസാനത്തോടെ വില കൂടുതൽ ഉയരുമെന്നാണ് ഭൂരിപക്ഷ വിലയിരുത്തല്‍.
ജെ.പി. മോർഗൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില ട്രോയ് ഔൺസിന് 6300 ഡോളർ വരെ (ഇന്ത്യയിൽ 10 ഗ്രാമിന് 1.8 ലക്ഷം മുതൽ 2 ലക്ഷം വരെ) വരെ വില എത്താമെന്നാണ് കണക്കാക്കുന്നത്. ഗോൾഡ്മാൻ സാക്സ് ഔൺസിന് 5400 ഡോളവർ വരെ (ഗ്രാമിന് 17000-ന് മുകളിൽ) വില പ്രതീക്ഷിക്കുന്നു. മറ്റ് ബാങ്കുകളും 5000 മുതൽ 6300 ഡോളർ വരെ ഔൺസിന് പ്രവചിക്കുന്നുണ്ട്. രൂപയുടെ മൂല്യം കുറയുകയും യുദ്ധസാഹചര്യം നീണ്ടുനിൽക്കുകയും ചെയ്താൽ, ഇന്ത്യൻ വിപണിയിൽ 10 ഗ്രാമിന് 1.7 ലക്ഷം മുതൽ 2 ലക്ഷം വരെ എത്താനുള്ള സാധ്യതയും വിദൂരമല്ല.
Content Highlights: Gold and silver jewellery arriving from Dubai are now subject to stricter customs regulations. Authorities have tightened checks to curb illegal imports and smuggling activities. The move is expected to impact travellers and traders, ensuring better compliance with import rules and reducing unauthorized inflow of precious metals into India.