ആഗോള സംഘർഷങ്ങളുടെ പ്രതിഫലനം പ്ലേ സ്റ്റോറിലും; ചാറ്റ് ജിപിടിയേയും മറികടന്ന് ​ഗ്യാസ് ബുക്കിങ് ആപ്പ് ഒന്നാമത്

എച്ച്പിപേ, ഹലോ ബിപിസിഎൽ ഉൾപ്പെടെയുള്ള മറ്റ് ഓയിൽ കമ്പനികളുടെ ആപ്പുകളും ഡൗൺലോഡിങ്ങിൽ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിന്റെ പ്രത്യാഘാതം നമ്മുടെ വീടുകളിൽ ഉൾപ്പെടെ അനുഭവപ്പെടുവെന്നത് യാഥാർഥ്യമാണ്. അറബ് രാജ്യങ്ങ‌ളിൽ നിന്നുൾപ്പെടെ അസംസ്കൃത എണ്ണ വരവ് കുത്തനെ കുറഞ്ഞത് ​എൽപിജി ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. ആഗോള പ്രതിസന്ധിയുടെ പ്രതിഫലനം ഏറ്റവുമൊടുവിൽ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലുമാണ് കാണുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‌ഇന്ത്യയിലെ ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽ ഓപൺ എഐയുടെ ചാറ്റ്ജിപിടിയെ പിന്തള്ളി ഇന്ത്യൻ ഓയിലിന്റെ എൽപിജി ബുക്കിംഗ് ആപ്പായ ഇന്ത്യൻ ഓയിൽ വൺ മുന്നിലെത്തി.

പാചകവാതക ലഭ്യത കുറഞ്ഞതോടെയാണ് ഈ മാറ്റം. സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നവയുടെ പട്ടികയിൽ ഈ ആപ്പ് ഒന്നാമതെത്തിയതായി ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് എൽപിജി വിതരണത്തിന് തടസങ്ങൾ നേരിട്ടതോടെ എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമാണ് ഉപയോക്താക്കൾ വൻതോതിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നത്. ഇന്ത്യൻ ഓയിൽ വൺ വഴി ഉപയോക്താക്കൾക്ക് റീഫിൽ മാനേജ് ചെയ്യാനും ഡെലിവറി സ്റ്റാറ്റസ് നിരീക്ഷിക്കാനും പുതിയ കണക്ഷനുകൾ എടുക്കാനും കഴിയും.

ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രതിസന്ധികൾ വരുന്നതോടെ ടെക് അഭിനിവേശമടക്കം ജനങ്ങൾ മാറ്റിവെക്കുമെന്ന് വ്യക്തമാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചാറ്റ് ജിപിടിയെപ്പോലുള്ള മുൻനിര ആപ്പുകളെ മറികടന്ന് ഇന്ത്യൻ ഓയിൽ വൺ ഇന്ത്യയിലെ ആപ്പ് സ്റ്റോറുകളിൽ ഒന്നാമതെത്തിയത് കേവലം ഒരു സാങ്കേതിക നേട്ടമല്ല, മറിച്ച് മാറുന്ന വിപണി സാഹചര്യങ്ങളുടെ പ്രതിഫലനമാണ്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ ആഗോള ഇന്ധന വിതരണ ശൃംഖലയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ​ചരക്കുനീക്കം തടസപ്പെട്ടതോടെയാണ് ഇന്ത്യയിലേക്കുള്ള ഇന്ധന വരവിനെക്കുറിച്ച് ആശങ്ക ഉയർന്നത്. ഈ സാഹചര്യം ജനങ്ങൾക്കിടയിൽ 'പാനിക് ബുക്കിങ്ങി'ന് കാരണമായി.

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം 40 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ഇന്ത്യൻ ഓയിലിന്റെ ആപ്പിന് ലഭിച്ചത്. പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ബുക്കിങ് സാധാരണ നിലയേക്കാൾ 30-40% വരെ വർധിച്ചു. ഇന്ത്യയിലെ 33.4 കോടിയിലധികം വരുന്ന എൽപിജി ഉപഭോക്താക്കൾക്ക് സിലിണ്ടർ ബുക്കിങ്, ഡെലിവറി ട്രാക്കിങ്, പുതിയ കണക്ഷൻ എന്നിവയ്ക്കായി ഈ ആപ്പ് ഏകജാലക സംവിധാനമായി മാറി.

പാചകവാതക ക്ഷാമം രൂക്ഷമായതോടെ പല ഹോട്ടലുകളും റെസ്റ്റോറന്റുകളും മെനു ചുരുക്കുകയോ താൽക്കാലികമായി അടച്ചുപൂട്ടുകയോ ചെയ്തു. വിതരണം കുറഞ്ഞതോടെ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിൽ ഉപഭോക്താക്കൾ മുൻഗണന നൽകുന്നത് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്കാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളേക്കാളുപരി ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഊർജ്ജം, ഭക്ഷണം തുടങ്ങിയ മേഖലകളിലെ ഡിജിറ്റൽ സേവനങ്ങൾക്കാണ് വിപണിയിൽ ഇപ്പോൾ കൂടുതൽ മൂല്യം ലഭിക്കുന്നത്.

എച്ച്പിപേ, ഹലോ ബിപിസിഎൽ ഉൾപ്പെടെയുള്ള മറ്റ് ഓയിൽ കമ്പനികളുടെ ആപ്പുകളും ഡൗൺലോഡിങ്ങിൽ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് ചെയ്തതു മുതൽ ആപ്പ് ചാർട്ടുകളിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ് ജിപിടി ഇതോടെ താഴേക്ക് പോയി. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പാചക വാതക ലഭ്യത ഉറപ്പാക്കുന്നതിൽ ഗാർഹിക ഉപയോക്താക്കൾക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെങ്കിലും വാണിജ്യ എൽപിജി വിതരണത്തിന് നിയന്ത്രണമുണ്ട്.

Content Highlights: LPG booking app overtakes ChatGPT to top Google Play Store, App Store download charts in India

To advertise here,contact us