ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വർധിക്കുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും തുടരുന്നതിനിടയിൽ, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. തിങ്കളാഴ്ച 10 പൈസ ഇടിഞ്ഞ് 92.40 എന്ന നിലയിലാണ് വ്യാപാരം അവസാനിച്ചത്.
കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിൽനിന്നും 10 പൈസ കുറഞ്ഞാണ് രൂപ 92.40 എന്ന നിലയിൽ എത്തിയത്. വ്യാപാരത്തിനിടയിൽ ഒരു ഘട്ടത്തിൽ മൂല്യം 92.47 വരെ താഴ്ന്നിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരാത്ത പശ്ചാത്തലത്തിൽ വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽനിന്ന് പണം പിൻവലിക്കുന്നതും, ക്രൂഡ് ഓയിൽ വില വർധിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില 1.46 ശതമാനം വർധിച്ച് ബാരലിന് 104.69 ഡോളറിലെത്തി.
ആഭ്യന്തര ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന പ്രതീക്ഷയും രൂപയുടെ വൻ തകർച്ച തടയാൻ സഹായിച്ചു. മൂല്യം അമിതമായി ഇടിയാതിരിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. എണ്ണവില ഉയരുന്നത് ഇറക്കുമതിക്കാർക്ക് കൂടുതൽ ഡോളർ വാങ്ങേണ്ട സാഹചര്യം ഉണ്ടാക്കുന്നു, ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വർധിപ്പിക്കാൻ കാരണമാകും.
തിങ്കളാഴ്ച സെൻസെക്സ് 938 പോയിന്റും നിഫ്റ്റി 257 പോയിന്റും നേട്ടമുണ്ടാക്കി. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വ്യാപാര കമ്മി 27.1 ബില്യൺ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകർ 10,716.64 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.
വരും ദിവസങ്ങളിൽ രൂപയുടെ മൂല്യം 92.75 വരെ താഴാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. യുഎസ് ഫെഡറൽ റിസർവ് ഉൾപ്പെടെയുള്ള ലോകത്തെ പ്രധാന ബാങ്കുകളുടെ ധനനയ തീരുമാനങ്ങളും നിർണായകമാകും.
Content Highlights: Rupee falls 10 paise to close at all-time low of 92.40 against US dollar