യുദ്ധത്തിൽ തളരുന്ന ഈ ഓഹരികൾ നിങ്ങൾക്കുണ്ടോ? പോക്കറ്റ് ചോരാൻ വേറെ കാരണം വേണ്ട

ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ആഗോളതലത്തിൽ വലിയൊരു ഊർജ്ജ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. ഇതിന്റെ അലയൊലികൾ ഇന്ത്യൻ ഓഹരി വിപണിയിലും ആഞ്ഞടിക്കുകയാണ്

1 min read|14 Mar 2026, 02:32 pm

രണ്ട് രാജ്യങ്ങൾ തമ്മിൽ അതിർത്തിയിൽ പോരടിക്കുമ്പോൾ അത് ലോകത്തെവിടെയൊക്കെയുള്ള ഓഹരി വിപണികളെ ബാധിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം മുറുകുമ്പോൾ ആഗോളതലത്തിൽ വലിയൊരു ഊർജ്ജ പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. ഇതിന്റെ അലയൊലികൾ ഇന്ത്യൻ ഓഹരി വിപണിയിലും ആഞ്ഞടിക്കുകയാണ്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുമ്പോൾ ശ്വാസം മുട്ടുന്ന വമ്പൻ കമ്പനികൾ ഏതൊക്കെയാണെന്ന് അറിയാമോ? പെയിന്റ് കമ്പനികൾ മുതൽ വിമാനക്കമ്പനികൾ വരെ ഈ പട്ടികയിലുണ്ട്. യുദ്ധം തുടങ്ങിയതോടെ, ഈ ഓഹരികൾ പോർട്ട്‌ഫോളിയോയിൽ ഉണ്ടെങ്കിൽ അത് നമ്മുടെ നിക്ഷേപത്തെ മൊത്തമായി ചുവപ്പണിയിക്കുകയാണ്.

പെയിന്റ് കമ്പനികൾ

പെയിന്റ് നിർമ്മാണത്തിന് ക്രൂഡ് ഓയിൽ ഉപൽപ്പന്നങ്ങൾ ആവശ്യമാണ്. എണ്ണവില കൂടുമ്പോൾ ഇവരുടെ ചിലവ് കൂടുകയും ലാഭം കുറയുകയും ചെയ്യുന്നു. (ഉദാഹരണത്തിന്: ഏഷ്യൻ പെയിന്റ്സ്, ഇൻഡിഗോ പെയിന്റ്സ്). പെയിന്റ് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളിൽ ഏകദേശം 50% മുതൽ 60% വരെ ക്രൂഡ് ഓയിൽ ഉപൽപ്പന്നങ്ങളാണ്.സോൾവെന്റുകൾ , റെസിനുകൾ ഇവയെല്ലാം എണ്ണയിൽ നിന്ന് നിർമ്മിക്കുന്നതാണ്.യുദ്ധം കാരണം ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ ഈ വസ്തുക്കളുടെ വിലയും കുതിച്ചുയർന്നു. ഇത് കമ്പനികളുടെ ലാഭവിഹിതം കുത്തനെ കുറച്ചു. ബിർള ഓപ്പസ് പോലുള്ള പുതിയ വമ്പന്മാർ വിപണിയിലേക്ക് വന്നതോടെ പഴയ കമ്പനികൾക്ക് വില വർദ്ധിപ്പിക്കാൻ പേടിയാണ്. വില കൂട്ടിയാൽ ആളുകൾ മറ്റ് കമ്പനികളിലേക്ക് പോകുമോ എന്ന ഭയം നിലനിൽക്കുന്നു.

മാറുന്ന താല്പര്യങ്ങൾ:

ആളുകൾ ഇപ്പോൾ വീട് പെയിന്റ് ചെയ്യുന്നതിനേക്കാൾ കൂടുതൽ പണം യാത്രകൾക്കും ആഘോഷങ്ങൾക്കുമായി മാറ്റിവെക്കുന്നു. ഇത് പെയിന്റ് വിൽപ്പന കുറയാൻ കാരണമായി.അങ്ങിനെ പെയിന്റ് കമ്പനികൾക്ക് ഇപ്പോൾ കൂനിന്മേൽ കുരുവെന്ന പോലെ കാര്യങ്ങൾ വഷളായി കൊണ്ടിരിക്കുകയാണ്.

ടയർ കമ്പനികൾ

ടയർ നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില എണ്ണയുമായി ബന്ധപ്പെട്ടിരിക്കുന്നു.ടയർ നിർമ്മാണത്തിന് ആവശ്യമായ സിന്തറ്റിക് റബ്ബർ , കാർബൺ ബ്ലാക്ക് എന്നിവ നിർമ്മിക്കുന്നത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ്. ക്രൂഡ് ഓയിൽ വില കൂടുമ്പോൾ ഈ അസംസ്‌കൃത വസ്തുക്കളുടെ വിലയും കുതിച്ചുയരുന്നു.നിലവിൽ പ്രകൃതിദത്ത റബ്ബറിന്റെ വിലയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ക്രൂഡ് ഓയിൽ വില കൂടി വർദ്ധിക്കുന്നത് കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കുന്നു.എം ആർ എഫ്, അപ്പോളോ, സിയറ്റ് , ജെ കെ ടയർ എന്നീ കമ്പനികളെല്ലാം അങ്കലാപ്പിലാണ്.

വ്യോമയാന മേഖല

വിമാന ഇന്ധനത്തിന് വില കൂടുമ്പോൾ ഇൻഡിഗോ പോലുള്ള വിമാനക്കമ്പനികൾക്ക് വലിയ നഷ്ടം സംഭവിക്കുന്നു.യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ളതിനേക്കാൾ വിമാന യാത്രകൾ ഇപ്പോൾ കൂടുതൽ ചിലവേറിയിട്ടുണ്ട്. വിമാനക്കമ്പനികളുടെ പ്രവർത്തന ചിലവിന്റെ 35-40 ശതമാനവും ഏവിയേഷൻ ടർബൈൻ ഫ്യൂവലിനാണ് ചിലവാകുന്നത്. യുദ്ധം കാരണം ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ ഇന്ധനവിലയും കുത്തനെ കൂടി. ഇത് കമ്പനികളുടെ ലാഭത്തെ സാരമായി ബാധിച്ചു.മിസൈൽ ആക്രമണങ്ങൾ പേടിച്ച് മധ്യേഷ്യയിലെ പല രാജ്യങ്ങളുടെയും ആകാശപാതകൾ അടച്ചു. ഇതുമൂലം വിമാനങ്ങൾക്ക് ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നു.മുൻപ് 8 മണിക്കൂർ കൊണ്ട് എത്തിയിരുന്ന സ്ഥലത്തേക്ക് ഇപ്പോൾ 10-11 മണിക്കൂർ വേണ്ടിവരുന്നു.ദൂരം കൂടുമ്പോൾ വിമാനത്തിന് കൂടുതൽ ഇന്ധനം വേണ്ടിവരുന്നു. ഇത് ചിലവ് വീണ്ടും വർദ്ധിപ്പിക്കുന്നു.ഇന്ത്യയിലെ പ്രമുഖ കമ്പനികളായ ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് എന്നിവയെല്ലാം വലിയ സമ്മർദ്ദത്തിലാണ്.

ഓട്ടോമൊബൈൽ

ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം ക്രൂഡ് ഓയിൽ വില കൂടുമ്പോൾ സ്വാഭാവികമായും പെട്രോൾ, ഡീസൽ വില വർദ്ധിക്കും. ഇന്ധനവില കൂടുമ്പോൾ ആളുകൾ പുതിയ വണ്ടികൾ വാങ്ങുന്നത് കുറയ്ക്കും. പ്രത്യേകിച്ച് മൈലേജ് കുറഞ്ഞ വലിയ വണ്ടികളുടെയും ലക്ഷ്വറി കാറുകളുടെയും വിൽപ്പനയെ ഇത് നേരിട്ട് ബാധിക്കുന്നു.അലുമിനിയം, സ്റ്റീൽ , റബ്ബർ, പ്ലാസ്റ്റിക്, സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയവയുടെ വിതരണം യുദ്ധം കാരണം തടസ്സപ്പെടാം.ഇന്ത്യയിൽ നിന്ന് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും വണ്ടികൾ അയക്കുന്നത് പ്രധാനമായും കടൽ വഴിയാണ്. മധ്യേഷ്യയിലെ സംഘർഷം കാരണം കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ഇൻഷുറൻസ് തുക വർദ്ധിക്കുകയും ചെയ്യുന്നു. ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി , മഹീന്ദ്ര & മഹീന്ദ്ര, ഐഷർ മോട്ടോഴ്‌സ് എന്നീ കമ്പനികളുടെ ഓഹരികളിലും ഇത് മോശമായി പ്രതിഫലിക്കാം.

സിമന്റ് കമ്പനികൾ

സിമന്റ് ഉണ്ടാക്കാൻ ആവശ്യമായ ജിപ്സം, ലൈംസ്റ്റോൺ എന്നിവയുടെ വലിയൊരു ഭാഗം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. യുദ്ധം കാരണം കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ഈ വസ്തുക്കൾ കൃത്യസമയത്ത് എത്തുന്നതിന് തടസ്സമാകുന്നു. ഇത് ഉൽപ്പാദനത്തെ ബാധിക്കുന്നു.

സിമന്റ് ഭാരമേറിയ വസ്തുവായതുകൊണ്ട് അത് ഫാക്ടറിയിൽ നിന്ന് കടകളിലെത്തിക്കാൻ വലിയ ലോറികൾ ആവശ്യമാണ്. ഡീസൽ വില കൂടുമ്പോൾ ഈ ലോറി വാടകയും വർദ്ധിക്കുന്നു. ഇത് കമ്പനികളുടെ ലാഭത്തെ സാരമായി ബാധിക്കുന്നു. അൾട്ര ടെക് സിമന്റ്, രാംകോ, ജെ കെ സിമന്റ്, ഇന്ത്യ സിമന്റ്സ് എന്നീ കമ്പനികളുടെ ഓഹരികൾ തളരാൻ സാധ്യതയുണ്ട്.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ

ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് അസംസ്കൃത എണ്ണ വിലക്കയറ്റം മൂലം നഷ്ടം കൂടും. ഉയർന്ന ചിലവ്,കയറ്റുമതി തടസ്സപ്പെടുന്നത്, നിക്ഷേപകരുടെ ഭയം ഇവയെല്ലാം ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ലാഭത്തെ തളർത്തുന്ന ഘടകങ്ങളാണ്. അകലെയുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നമ്മുടെ പോക്കറ്റിനെയും ബാധിക്കുന്നു എന്നതാണ് വാസ്തവം. എണ്ണവില കൂടുന്നത് പണപ്പെരുപ്പത്തിന് കാരണമാകുന്നു, ഇത് ഓഹരി വിപണിയെ വീണ്ടും ചുവപ്പിച്ചേക്കാം.

Content Highlights: The Iran–Israel conflict is driving a global energy crisis and impacting stock markets, including India

To advertise here,contact us