'പട്ടിണി കിടന്നാണെങ്കിലും കുറച്ച് വെള്ളി വാങ്ങിവെക്കൂ'; ലോകം വമ്പൻ മാന്ദ്യത്തിലേക്കെന്ന് കിയോസാക്കി

വെള്ളി വെറുമൊരു ആഭരണമല്ല, മൊബൈൽ ഫോൺ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെല്ലാം വെള്ളി ആവശ്യമാണ്. അതിനാൽ ഇതിന് എപ്പോഴും മൂല്യമുണ്ടാകും.

"നിങ്ങളുടെ കൈവശം വെറും 800 രൂപ (10 ഡോളർ) മാത്രമേ ഉള്ളൂ എങ്കിൽ, അതുകൊണ്ട് ഒരു നേരം ആഹാരം കഴിക്കണോ അതോ ഭാവിയിലേക്ക് നിക്ഷേപിക്കണോ?" -പ്രശസ്ത സാമ്പത്തിക വിദഗ്ധനും 'റിച്ച് ഡാഡ് പുവർ ഡാഡ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ റോബർട്ട് കിയോസാക്കിക്ക് ഇതിനൊരു വിചിത്രമായ മറുപടിയുണ്ട്: "ഒരു ദിവസം ഭക്ഷണം കഴിച്ചില്ലെങ്കിലും ആ പണം കൊണ്ട് വെള്ളി വാങ്ങുക!"

ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നമ്മൾ നീങ്ങുകയാണെന്നും, അന്ന് നമ്മുടെ കൈയിലുള്ള പേപ്പർ പണത്തേക്കാൾ മൂല്യം വെള്ളിക്കായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വെറും പത്തു ഡോളർ കൊണ്ട് എങ്ങനെ സമ്പത്ത് കെട്ടിപ്പടുക്കാമെന്നും എന്തിനാണ് അദ്ദേഹം ഇത്രയും കടുത്ത നിലപാട് എടുക്കുന്നതെന്നും നമുക്ക് നോക്കാം .

'വലിയൊരു തകർച്ച വരുന്നു'

ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിയൊരു സാമ്പത്തിക തകർച്ച ഉടൻ സംഭവിക്കുമെന്നാണ് കിയോസാക്കി പ്രവചിക്കുന്നത്. ലോകരാജ്യങ്ങൾ എടുത്തു കൂട്ടിയിരിക്കുന്ന ഭീമമായ കടങ്ങളാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. നമ്മുടെ കൈവശമുള്ള പേപ്പർ പണത്തിന്റെ (രൂപയോ, ഡോളറോ) മൂല്യം ഇല്ലാതാകുന്ന ഒരു കാലം വരുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.

'ഭക്ഷണം ഒഴിവാക്കൂ, വെള്ളി വാങ്ങൂ' എന്ന് പറഞ്ഞാൽ അക്ഷരാർത്ഥത്തിൽ പട്ടിണി കിടക്കണമെന്നല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്. മറിച്ച്, അനാവശ്യ ചെലവുകൾ (പുറത്തുനിന്നുള്ള ഭക്ഷണം, ആഡംബരങ്ങൾ) ഒഴിവാക്കി ആ പണം കൊണ്ട് വെള്ളി വാങ്ങിവെക്കണം എന്നാണ്. 10 ഡോളർ (ഏകദേശം 800-900 രൂപ) ഉണ്ടെങ്കിൽ പോലും അത് വെള്ളിയിൽ നിക്ഷേപിക്കണം എന്ന് അദ്ദേഹം പറയുന്നു.

എന്തുകൊണ്ട് വെള്ളി?

കിയോസാക്കിയുടെ അഭിപ്രായത്തിൽ സ്വർണത്തേക്കാളും വെള്ളിയെ വിശ്വസിക്കാൻ ചില കാരണങ്ങളുണ്ട്. സ്വർണം വാങ്ങാൻ വലിയ തുക വേണം, എന്നാൽ സാധാരണക്കാർക്ക് ചെറിയ തുകയ്ക്ക് വെള്ളി വാങ്ങാം. വെള്ളി വെറുമൊരു ആഭരണമല്ല, മൊബൈൽ ഫോൺ, സോളാർ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയിലെല്ലാം വെള്ളി ആവശ്യമാണ്. അതിനാൽ ഇതിന് എപ്പോഴും മൂല്യമുണ്ടാകും.

ബാങ്ക് അക്കൗണ്ടിലെ അക്കങ്ങളേക്കാൾ വിശ്വാസം നമ്മുടെ കൈയിലിരിക്കുന്ന ലോഹത്തിനാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സർക്കാരുകൾക്ക് എപ്പോൾ വേണമെങ്കിലും പുതിയ കറൻസി നോട്ടുകൾ അച്ചടിക്കാം. വിപണിയിൽ നോട്ടുകൾ കൂടുമ്പോൾ പണത്തിന്റെ മൂല്യം ഇടിയുന്നു. പണ്ട് 100 രൂപയ്ക്ക് കിട്ടിയിരുന്ന സാധനങ്ങൾ ഇന്ന് കിട്ടാത്തത് ഇതുകൊണ്ടാണ്. എന്നാൽ സ്വർണവും വെള്ളിയും ആർക്കും ഇഷ്ടം പോലെ 'അച്ചടിക്കാൻ' കഴിയില്ല. പ്രകൃതിയിൽ ഇവയുടെ അളവ് പരിമിതമാണ്, അതുകൊണ്ടുതന്നെ കാലം കൂടുംതോറും ഇവയ്ക്ക് മൂല്യം ഏറുന്നു എന്ന അഭിപ്രായം മുറുകെ പിടിക്കുന്ന ആളാണ് കിയോസാക്കി.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കിയോസാക്കി തീവ്രമായ അഭിപ്രായം പറയുന്ന ആളാണ്. അതിനാൽ പണമെല്ലാം എടുത്ത് വെള്ളിയിൽ മാത്രം നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. അനാവശ്യ ചെലവ് കുറച്ച് നിക്ഷേപം തുടങ്ങുക എന്ന നല്ല സന്ദേശമാണ് ഇതിൽ നമ്മൾ ഉൾക്കൊള്ളേണ്ടത്. ലോകം സാമ്പത്തികമായി പ്രതിസന്ധിയിലായാൽ പേപ്പർ പണത്തേക്കാൾ സ്വർണത്തിനും വെള്ളിക്കുമായിരിക്കും വിലയുണ്ടാവുക. അതുകൊണ്ട് ഇപ്പോഴേ കുറഞ്ഞ അളവിൽ വെള്ളി വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിയാണെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.

Content Highlights: Don't eat one day and buy silver, says Robert Kiyosaki as he warns of biggest market crash ahead

To advertise here,contact us