ആഗോള പ്രതിസന്ധികളിലും തളരാതെ ഇന്ത്യ; വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഫിച്ച് റേറ്റിങ്‌സ്

ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നേരിയ മന്ദഗതി ഉണ്ടായിരുന്നെങ്കിലും ശക്തമായ ആഭ്യന്തര ആവശ്യകത രാജ്യത്തിന് മുതല്‍ക്കൂട്ടായി

2026 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7.5% വളര്‍ച്ച കൈവരിക്കുമെന്ന് ഫിച്ച് റേറ്റിങ്‌സ്. മുമ്പ് കണക്കാക്കിയിരുന്ന 7.4% വളര്‍ച്ചയെക്കാള്‍ കൂടുതലാണിത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നേരിയ മന്ദഗതി ഉണ്ടായിരുന്നെങ്കിലും ശക്തമായ ആഭ്യന്തര ആവശ്യകത രാജ്യത്തിന് മുതല്‍ക്കൂട്ടായി.

അതേസമയം, ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നത് താല്‍ക്കാലികമായാല്‍, ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയും സ്ഥിരതയോടെ തുടരുമെന്നാണ് ഫിച്ച് റേറ്റിങ്‌സ് കണക്കാക്കുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന എഞ്ചിന്‍ ആഭ്യന്തര ആവശ്യകത തന്നെ ആയിരിക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു. ഉപഭോക്തൃ ചെലവ് ഏകദേശം 8.6% വര്‍ധിക്കുമെന്നും നിക്ഷേപം ഏകദേശം 6.9% ഉയരുമെന്നുമാണ് പ്രവചനം.

എന്നാല്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുമെന്ന സൂചനകള്‍ പ്രകടമാണ്. പിഎംഐ സൂചികകളില്‍ ഇത് പ്രതിഫലിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാനുഫാക്ചറിംഗ്, സര്‍വീസ് മേഖലകളിലെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന സാമ്പത്തിക സൂചികയാണിത്. പിഎംഐ സൂചിക നെഗറ്റീവാണെങ്കിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും ശക്തമായ നിലയിലാണ് തുടരുന്നത്. കൂടാതെ ക്രെഡിറ്റ് വളര്‍ച്ച ഇപ്പോഴും ഇരട്ട അക്കത്തില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഫിച്ച് റിപ്പോര്‍ട്ട് പ്രകാരം 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ വളര്‍ച്ച കുറയാന്‍ സാധ്യതയുണ്ട്. കാരണം പെരുകുന്ന പണപ്പെരുപ്പം ജനങ്ങളുടെ യഥാര്‍ത്ഥ വരുമാനത്തെ ബാധിക്കുകയും അതിലൂടെ ഉപഭോക്തൃ ചെലവിന്റെ വളര്‍ച്ച കുറയാന്‍ ഇടയാക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 2026 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 7.8% ആയി കുറഞ്ഞു. മുന്‍ പാദത്തില്‍ ഇത് 8.4% ആയിരുന്നു.

ഫിച്ച് റേറ്റിങ്‌സ് വിലയിരുത്തലനുസരിച്ച്, എണ്ണ പ്രതിസന്ധി ദീര്‍ഘകാലം തുടര്‍ന്നില്ലെങ്കില്‍ ഈ വര്‍ഷം ആഗോള സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച സ്ഥിരതയോടെ തുടര്‍ന്നേക്കും. നിലവിലെ ഭൗമ രാഷ്ട്രീയ സംഘര്‍ഷങ്ങളും യുഎസിലെ നയപരമായ മാറ്റങ്ങളും ഉണ്ടായിട്ടും ലോക സമ്പദ്വ്യവസ്ഥ ശക്തമായി തന്നെ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ആഗോള സാമ്പത്തിക വളര്‍ച്ച 2.7% ആയിരുന്നു. 2026ല്‍ ഒരു ബാരല്‍ എണ്ണയുടെ ശരാശരി വില 70 ഡോളറിന് മുകളിലേക്ക് സ്ഥിരമായി ഉയരുകയാണെങ്കില്‍, അത് ആഗോള സാമ്പത്തിക വളര്‍ച്ചയെ ബാധിക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Fitch forecasts India’s economy to grow 7.5% in FY2026 on strong domestic demand

To advertise here,contact us