ആഴ്ചയിലെ ആദ്യ ദിനത്തിൽ വ്യാപാരം പുരോഗമിക്കുമ്പോൾ കനത്ത ഇടിവിലാണ് ആഭ്യന്തര ഓഹരി വിപണി. നിഫ്റ്റി അറുന്നൂറിലധികം പോയിന്റ് ഇടിവോടെയും സെൻസെക്സും ബാങ്ക് നിഫ്റ്റിയും രണ്ടായിരത്തിലധികം പോയിന്റ് നഷ്ട്ടത്തോടെയുമാണ് വ്യാപാരം ചെയ്യുന്നത്. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ഉണ്ടായ കനത്ത വില്പനാ സമ്മർദ്ദത്തെ തുടർന്ന് 15 ലക്ഷം കോടിയിലധികം നഷ്ടമാണ് നിക്ഷേപകർക്ക് ഉണ്ടായത്.
നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഈ വർഷം ജനുവരി 5 ന് എത്തിയ റെക്കോർഡ് ഉയരത്തിൽ നിന്നും 10% ഇടിവിലാണ് നിലവിൽ. അയവില്ലാതെ തുടരുന്ന പശ്ചിമേഷ്യൻ യുദ്ധം തന്നെയാണ് ആഗോള ഓഹരി വിപണികൾക്ക് പ്രധാന വില്ലനാകുന്നത്. ഇതിനു പുറമെ പല തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ വിപണികൾക്ക് കനത്ത പ്രഹരമേല്പിക്കുന്നത് തുടരുകയാണ്.വിപണിയുടെ ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങൾ കൂടി പരിശോധിക്കാം.
തിളച്ച് മറിഞ്ഞ് എണ്ണ വില
എണ്ണവില ഏകദേശം 26% വരെ ഉയർന്ന് 2022 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തി. ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നത് വിപണിയിൽ ആശങ്ക സൃഷ്ടിക്കുകയാണ് . ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് ഇറക്കുമതി ചെലവ് കൂടുമെന്ന ഭയം നിക്ഷേപകരിൽ ഉണ്ടായി.
ഇന്ത്യ വിക്സ് മുന്നേറ്റം
വിപണിയിലെ അസ്ഥിരത അളക്കുന്ന സൂചികയായ ഇന്ത്യ വിക്സ് 21%-ലധികം ഉയർന്ന് 24.18 എന്ന നിലയിൽ എത്തി. ഇത് വിപണിയിൽ അനിശ്ചിതത്വം വർധിക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.
തുടരുന്ന ഡോളർ കുതിപ്പ്
യുഎസ് ഡോളർ ശക്തിപ്പെടുന്നത് വിപണികൾക്ക്, പ്രത്യേകിച്ച് മെറ്റൽ ഓഹരികൾക്ക് നല്ല സൂചന നൽകുന്നില്ല. യുഎസ് ഡോളർ സൂചിക 100 ലെവലിലേക്ക് അടുക്കുമ്പോൾ, രൂപയുടെ മൂല്യം റെക്കോർഡ് താഴ്ന്ന നിലവാരമായ 92.20 ന് അടുത്താണ് .
ആഗോള വിപണികളിലെ ഇടിവ്
അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള ഓഹരി വിപണികൾ ഇടിവിലായത് ഇന്ത്യയിലും പ്രതിഫലിച്ചു. വിദേശ വിപണികളിലെ ആശങ്ക ഇന്ത്യൻ നിക്ഷേപകരെയും ജാഗ്രതയിലേക്ക് നയിച്ചു.
വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നിക്ഷേപ സ്ഥാപനങ്ങൾ വലിയ തോതിൽ ഓഹരികൾ വിറ്റഴിക്കുന്ന പ്രവണത തുടരുകയാണ്. ഇതുമൂലം വിപണിയിൽ വിൽപ്പന സമ്മർദ്ദം വർധിച്ചു.
പലിശനിരക്കുമായി ബന്ധപ്പെട്ട ആശങ്കകൾ
ലോകത്തെ പ്രധാന രാജ്യങ്ങളിൽ പലിശനിരക്കുകൾ ഉയർന്ന നിലയിൽ തുടരാമെന്ന സൂചന നിക്ഷേപകരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഇതും ഓഹരി വിപണിയിൽ പ്രതികൂലമായി ബാധിച്ചു.
ലാഭം ഉറപ്പാക്കാൻ വിൽപ്പന
കഴിഞ്ഞ ദിവസങ്ങളിൽ വിപണി ഉയർന്ന നിലയിൽ എത്തിയതോടെ പല നിക്ഷേപകരും ലാഭം ഉറപ്പാക്കാൻ ഓഹരികൾ വൻതോതിൽ വിറ്റഴിച്ചു. ഇതും വിപണിയെ ഇടിവിലേക്ക് നയിച്ചു.പ്രധാന സപ്പോർട്ട് ലെവലുകൾ തകർത്തുകൊണ്ടുള്ള വിപണിയുടെ പ്രകടനത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് നിക്ഷേപകർ. ഭൗമ രാഷ്ട്രീയ സംഘർഷങ്ങൾ മെച്ചപ്പെടുന്നത് വരെ വിപണിയിൽ ജാഗ്രത അനിവാര്യമാണെന്നണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.
Content highlights: Markets at 11-month low: Sensex crashes 2,300 pts, Nifty below 23,750; crude oil surge among key factors behind decline