ഇനി കാനഡ വേണ്ട; സ്റ്റഡി പെര്‍മിറ്റുകളില്‍ 90 ശതമാനത്തോളം ഇടിവ്, കുടിയേറ്റ നിയമങ്ങള്‍ വില്ലനാകുന്നു

ഇപ്പോഴത്തെ ഇടിവ്‌ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ താല്‍ക്കാലിക താമസക്കാരുടെ വരവില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു

കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ചതോടെ കാനഡയിലേക്ക് ചേക്കേറുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവ്. പ്രത്യേകിച്ച് സ്റ്റഡി പെര്‍മിറ്റിലും വര്‍ക്ക് പെര്‍മിറ്റിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

കാനഡ സര്‍ക്കാരിന്റെ കുടിയേറ്റ കണക്കുകള്‍ പ്രകാരം, 2023 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2025 ഡിസംബറില്‍ സ്റ്റഡി പെര്‍മിറ്റ് ഉടമകളുടെ എണ്ണം 89.9 ശതമാനം കുറഞ്ഞു. കൂടാതെ വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ എണ്ണത്തില്‍ 67.9 ശതമാനം ഇടിവും കാണാനാവുന്നു. 2023 ഡിസംബറില്‍ കാനഡയില്‍ 95,320 സ്റ്റഡി പെര്‍മിറ്റ് ഉടമകളും 30,325 വര്‍ക്ക് പെര്‍മിറ്റ് ഉടമകളും ഉണ്ടായിരുന്നു. എന്നാല്‍ 2025 ഡിസംബറില്‍ സ്റ്റഡി പെര്‍മിറ്റ് ഉടമകളുടെ എണ്ണം വെറും 9,665 ആയി കുറഞ്ഞു. അതേസമയം വര്‍ക്ക് പെര്‍മിറ്റ് ഉടമകളുടെ എണ്ണം 30,325ല്‍ നിന്ന് 9,735 ആയി കുറഞ്ഞു.

ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ താല്‍ക്കാലിക താമസക്കാരുടെ വരവില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചുരുക്കി പറഞ്ഞാല്‍, 2023നു ശേഷം കാനഡയിലേക്ക് പഠനത്തിനും ജോലിക്കും പോകുന്ന വിദേശികളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

കാനഡ, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠനശേഷം മെച്ചപ്പെട്ട ജോലി ലഭിക്കുന്നില്ലെന്നത് പലരെയും വിദേശവിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്. കാനഡയില്‍ വിദ്യാഭ്യാസത്തിന് പോയി ജോലി ലഭിക്കാതെ തിരിച്ചെത്തിയ മലയാളികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. മറ്റ് വിദേശ രാജ്യങ്ങളിലും സമാന അവസ്ഥയായതും വിദേശ വിദ്യാഭ്യാസത്തിന് തിരിച്ചടിയായി.

2025ല്‍ മാത്രം 2500ലധികം ഇന്ത്യക്കാരെ കാനഡ പുറത്താക്കിയിരുന്നു. 2025 ആദ്യ പത്ത് മാസങ്ങളില്‍ 18,500 പേരെ കാനഡ രാജ്യത്ത് നിന്ന് പുറത്താക്കിയതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഇതില്‍ 2500ലധികം പേര്‍ ഇന്ത്യക്കാരാണ്.

കാനഡ ദിവസങ്ങള്‍ക്ക് മുമ്പ് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ വലിയ മാറ്റം പ്രഖ്യാപിച്ചിരുന്നു. നൈപുണ്യമുള്ള തൊഴിലാളികള്‍ക്കും സൈനിക വിദഗ്ധര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ് മാറ്റം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ഉടനടി ശക്തിപ്പെടുത്താന്‍ കഴിയുന്ന നൈപുണ്യമുള്ള തൊഴിലാളികളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കുടിയേറ്റം സുസ്ഥിരമായ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

സമീപകാലത്ത് കാനഡയില്‍ വര്‍ദ്ധിച്ചു വരുന്ന ഭവനക്ഷാമം മൂലം കുടിയേറ്റ നിലവാരം കുറയ്ക്കാന്‍ രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അതേസമയം ആരോഗ്യ രംഗത്തും ഗവേഷണ മേഖലയിലും അനുഭവപ്പെടുന്ന വലിയ തൊഴില്‍ വിടവ് നികത്തേണ്ട വെല്ലുവിളിയും സര്‍ക്കാരിന് മുന്നിലുണ്ട്.

Content Highlights: Since 2023, study permits and work permits in Canada have declined sharply

To advertise here,contact us